ഒരു പുതിയ മാസത്തിലേക്ക് പ്രവേശിക്കുവാൻ കർത്താവ് നമ്മെ സഹായിച്ചുവല്ലോ. ഇതുവരെ കാണാത്ത ചില ദൈവപ്രവർത്തികൾ നമ്മുടെ ജീവിതത്തിൽ വെളിപ്പെടാൻ പോകുന്ന ഒരു മാസമായിരിക്കും ഈ മെയ് മാസമെന്ന് വിശ്വസിക്കുന്നവർക്ക് വേണ്ടിയുള്ള അനുഗ്രഹ സന്ദേശമാണ് നിങ്ങളുമായി പങ്കുവെയ്ക്കുവാൻ കർത്താവ് എന്നെ ഏൽപ്പിച്ചിരിക്കുന്നത്.
ലൂക്കൊ. 8:48 “..
മകളേ, നിൻ്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ
പോക എന്നു പറഞ്ഞു”
പന്ത്രണ്ടു വർഷമായി രക്തസ്രാവരോഗത്താൽ കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ വിശ്വാസത്താൽ യേശുകർത്താവിൻ്റെ വസ്ത്രത്തിൻ്റെ തൊങ്ങൽ തൊട്ടു സൗഖ്യമായ സംഭവത്തെക്കുറിച്ചാണല്ലോ ഈ വചനഭാഗത്ത് നമ്മൾ വായിക്കുന്നത്. കർത്താവിലുള്ള അവളുടെ വിശ്വാസം ദീർഘനാളുകളായി അനുഭവിച്ചുകൊണ്ടിരുന്ന അവളുടെ കഷ്ടപ്പാടിന് അറുതി വരുത്തി.
വടക്കെ ഇൻഡ്യയിൽ പ്രത്യേകിച്ചും ഗ്രാമീണ മേഖലയിലെ സാധാരണക്കാരായ ആളുകളുടെ ഇടയിൽ നടക്കുന്ന പ്രാർത്ഥനായോഗങ്ങളിൽ രോഗികൾക്കുവേണ്ടിയും മറ്റും പ്രാർത്ഥിക്കുമ്പോൾ വലിയ അത്ഭുതങ്ങൾ സംഭവിക്കുന്നത് കാണാറുണ്ട്. കർത്താവിലുള്ള അവരുടെ നിർമ്മലവിശ്വാസമാണ് അതിന്നു കാരണം. എൻ്റെ സ്നേഹിതനായ ഒരു ദൈവദാസൻ തനിക്കുണ്ടായ ഒരു അനുഭവം കഴിഞ്ഞ ദിവസം എന്നോട് പങ്കുവെക്കുവാൻ ഇടയായി.
അടുത്തുള്ള ഗ്രാമത്തിൽ നിന്ന് ഒരു സഹോദരി പ്രാർത്ഥനാ വിഷയവുമായി ഫെയ്ത്ത്ഹോമിൽ വന്നു. ചില ദിവസങ്ങൾക്കുമുമ്പ് അവളുടെ വീട്ടിൽ ഒരു വഴക്കുണ്ടാകുകയും അവളുടെ ഭർത്താവ് കുടുംബത്തെ ഉപേക്ഷിച്ചു പോകയും ചെയ്തു. ഭർത്താവ് മടങ്ങി വരേണ്ടതിനായി പ്രാർത്ഥിക്കണമെന്നായിരുന്നു അവൾ ആവശ്യപ്പെട്ടത്. ദൈവദാസൻ അവളോട് യേശുവിനെക്കുറിച്ച് പയുകയും, യേശുവിനോട് പ്രാർത്ഥിച്ചാൽ ഭർത്താവ് മടങ്ങിവരുമെന്നും പറഞ്ഞു. അവൾക്ക് വായിക്കാൻ അറിയാമെന്ന് പറഞ്ഞതുകൊണ്ട് ചർച്ചിലുണ്ടായിരുന്ന ഒരു പുതിയനിയമം ബൈബിൾ അവൾക്കു കൊടുക്കുകയും ചെയ്തു. ആ ബൈബിൾ എന്തുചെയ്യണം എങ്ങനെയാണ് വായിക്കേണ്ടത് എന്നെല്ലാം അവൾ ദൈവദാസനോട് ചോദിച്ചുമനസ്സിലാക്കി. ആ ബൈബിൾ തുറന്നു വായിക്കുമ്പോൾ ദൈവം നിന്നോട് സംസാരിക്കും വചനത്തിൽ എഴുതിയിരിക്കുന്നതുപോലെ വിശ്വസിക്കണം എന്നെല്ലാം ആ സഹോദരിക്ക് മനസ്സിലാകുന്ന ലളിതമായഭാഷയിൽ അദ്ദേഹം പറഞ്ഞതുകൊടുത്തു. ആ പുതിയനിയമം ബൈബിളുമായി അവൾ വീട്ടിലേക്ക് മടങ്ങിപ്പോയി.
രണ്ടുദിവസം കഴിഞ്ഞപ്പോൾ അവൾ സന്തോഷത്തോടുകൂടെ ഫെയ്ത്ത്ഹോമിൽ വന്നു. കഴിഞ്ഞ ദിവസം ഭർത്താവ് മടങ്ങിവന്നു എന്ന സന്തോഷവാർത്തയായിരുന്നു അവൾ പറഞ്ഞത്. അങ്ങ് പറഞ്ഞതുപോലെ ഞാൻ ചെയ്തു, വീട്ടിൽപോയി ബൈബിൾ തുറന്നു വായിച്ചു. അതിൽ എഴുതിയിരുന്നതു ഞാൻ വിശ്വസിച്ചു, അതുപോലെ സംഭവിച്ചു എന്നു പറഞ്ഞുകൊണ്ട്, അവൾ കയ്യിലിരുന്ന ബൈബിൾ തുറന്ന് വായിച്ച ഭാഗം എന്നെ കാണിച്ചുതന്നു. പുതിയനിയമം ബൈബിളിലെ അവസാനപേജായിരുന്നു അവൾ ആദ്യം വായിച്ചത്, അതിൽ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരുന്നത് “..ഞാൻ വേഗം വരുന്നു..” വെളി.22:20. ആ വചനഭാഗത്ത് എഴുതിയിരുന്ന മറ്റൊന്നും അവൾക്ക് മനസ്സിലായില്ല. അവളുടെ ഭർത്താവ് മടങ്ങിവരും എന്ന് യേശു പറയുന്നതായാണ് ഈ വാക്കുകളിൽ നിന്നും അവൾ മനസ്സിലാക്കിയത്. അത് അവൾ കണ്ണടച്ച് വിശ്വസിച്ചു, ഭർത്താവിനുള്ള ആഹാരവുമൊരുക്കി രണ്ടുമക്കളുമായി അവൾ കാത്തിരുന്നു. രാത്രി ഭക്ഷണത്തിനുമുമ്പ് ഭർത്താവ് വന്നു, അവർ കുടുംബമായി ആഹാരം കഴിച്ചു.
കർത്താവിൻ്റെ വിശുദ്ധ വചനങ്ങളിലുള്ള വിശ്വാസം ഇപ്രകാരം ആയിരിക്കണം. ബൈബിൾ ശാസ്ത്രവും വെളിപ്പാടുപുസ്തക വ്യാഖ്യാനവും ഒക്കെ ആഴത്തിലറിയുന്നവർക്ക് ആ ഗ്രാമീണ സ്ത്രീ വിശ്വസിച്ചതുപോലെ അവൾ വായിച്ച വചനത്തെ വിശ്വസിക്കുവാൻ കഴിഞ്ഞെന്നു വരില്ല. തിരുവചനസത്യങ്ങൾ ആഴത്തിൽ പഠിക്കുന്നത് നല്ലതാണ്, പക്ഷേ അവ നമ്മുടെ വിശ്വാസവർദ്ധനവിന് മാത്രം ഉതകുന്നതായിരിക്കണം.
നമ്മുടെ കുറിവാക്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന രക്തസ്രാവരോഗിയായ സ്ത്രീയും യേശുകർത്താവിനെ കണ്ണടച്ച് വിശ്വസിച്ചവളാണ്. വിശ്വാസത്തോടെ കർത്താവിൻ്റെ വസ്ത്രത്തിൻ്റെ തൊങ്ങൽ തൊട്ടു അവൾ സൗഖ്യം പ്രാപിച്ചു. കർത്താവിനോട് ചോദിക്കാതെ അത് ചെയ്തതിന് ആരെങ്കിലും അവളെ ശാസിക്കുമോ എന്ന് ഭയപ്പെട്ടതുകൊണ്ട് അവൾ മറഞ്ഞുനിന്നു. ഈ വചനഭാഗം വായിക്കുമ്പോൾ രസകരമായ ഒരു കാര്യം നമുക്കിവിടെ കാണാൻ സാധിക്കും. ‘എന്നെ തൊട്ടതു ആർ’ എന്നു യേശു ചോദിച്ചപ്പോൾ കർത്താവിനെ തൊട്ടവരെല്ലാം പറഞ്ഞത് ‘ഞാനല്ല, ഞാനല്ല’ എന്നായിരുന്നു. (വാക്യം. ലൂക്കൊ. 8:45). എന്നാൽ ആ സ്ത്രീ മാത്രം വിറെച്ചുംകൊണ്ടു വന്ന് കർത്താവിൻ്റെ മുമ്പിൽ വീണ് അതു ഞാനാണ് കർത്താവേ എന്നു പറഞ്ഞു. അപ്പോൾ യേശു അവളെ ‘മകളെ’ എന്നു വിളിച്ചു.
കർത്താവിൻ്റെ കൂടെനടന്നിട്ടും, അവിടുത്തെ വസ്ത്രത്തിൽ തൊട്ടിട്ടും ‘ഞാനല്ല ഞാനല്ല’ എന്നുപറയുന്നവരെയല്ല, വിശ്വാസത്തോടെ കർത്താവിനെ തൊട്ട് അതു ഞാനാണ് കർത്താവേ എന്നു പറയുന്നവരെയാണ് ഇന്നും കർത്താവിന് ആവശ്യം. അവരെയാണ് കർത്താവ് ‘മകനേ, മകളേ’ എന്നു വിളിക്കുകയുള്ളൂ.
ആകയാൽ, നമ്മുടെ ബുദ്ധിയും ജ്ഞാനവും, അറിവും, യോഗ്യതയും എല്ലാം ഒരുവശത്തേക്ക് മാറ്റിവെച്ച് നിർമ്മല വിശ്വാസത്തോടെ കർത്താവിൻ്റെ അടുക്കൽ വരിക. പ്രതീക്ഷിക്കാത്ത ചില നന്മകൾ ഈ മാസം കർത്താവ് നമുക്കുവേണ്ടി കരുതിവെച്ചിട്ടുണ്ട്.
മധ്യപ്രദേശിലെ വചനമാരിയുടെ സുവിശേഷപ്രവർത്തനങ്ങൾക്ക് കൈത്താങ്ങൽ നൽകുവാൻ ആഗ്രഹിക്കുന്നവരുടെ അറിവിലേക്കായി അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു
1) Bank A/C No. 13500100172414, VACHANAMARI, Federal Bank, M P Ngarag, Bhopal (IFSC : FDRL0001350)
2) Bank A/C No. 10020041096, SHAIJU JOHN, State Bank of India, Nayapura, Bhopal (IFSC : SBIN0010526)
GooglePay (UPI) No. 9424400654