ഞാൻ ഇതാണ്

April-2025

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.


      1 ശമുവേൽ 12:3 “ഞാൻ ഇതാ, ഇവിടെ നില്ക്കുന്നു: ഞാൻ ഒരുത്തൻ്റെ കാളയെ അപഹരിച്ചിട്ടുണ്ടോ? ഒരുത്തൻ്റെ കഴുതയെ അപഹരിച്ചിട്ടുണ്ടോ? ഞാൻ വല്ലവനെയും ചതിച്ചിട്ടുണ്ടോ? വല്ലവനെയും പീഡിപ്പിച്ചിട്ടുണ്ടോ? ഞാൻ വല്ലവൻ്റെയും കയ്യിൽനിന്നു കൈക്കൂലി വാങ്ങി എൻ്റെ കണ്ണു കുരുടാക്കീട്ടുണ്ടോ? ..എൻ്റെ നേരെ സാക്ഷീകരിപ്പിൻ; ഞാൻ അതു മടക്കിത്തരാം”
      ദൈവത്തിൻ്റെ പുരോഹിതനായ ശമുവേൽ പ്രവാചകൻ തൻ്റെ വാർദ്ധക്യനാളുകളിൽ ഒരുദിവസം യിസ്രായേൽ ജനത്തിൻ്റെ മുമ്പാകെ നിന്നുകൊണ്ട് പ്രാഗൽഭ്യത്തോടെ പറഞ്ഞ വാക്കുകളാണ് ഇത്. ഈ ചോദ്യത്തിന് ജനം അവനോടു പറഞ്ഞ മറുപടി (വാക്യം 4 “അതിന്നു അവർ: നീ .. ചെയ്തിട്ടില്ല എന്നു പറഞ്ഞു”).
ജീവിതത്തിൽ സത്യസന്ധത (പരമാർത്ഥത) കൈമുതലായിരിക്കുന്നവർക്കു മാത്രമേ ഇതുപോലെ മറ്റുള്ളവരോട് സംസാരിക്കാൻ കഴിയുകയുള്ളൂ.
     ചില ആളുകളുടെ പേരുകൾ ചരിത്രത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്നത് അവരുടെ വലിയ കഴിവുകൾകൊണ്ടോ, ബുദ്ധിവൈഭവങ്ങൾകൊണ്ടോ ആകണമെന്നില്ല. തങ്ങളുടെ സത്യസന്ധതകൊണ്ട് ജനഹൃദയങ്ങളിൽ സ്ഥാനംപിടിച്ചവർ നിരവധിപേരുണ്ട്. അവരിൽ ഒരാളാണ് ഇവാൻ ഫെർണാണ്ടസ് എന്ന സ്പാനിഷ് കായികതാരം. 2012 ൽ നടന്ന ഒരു ഓട്ട മത്സരത്തിൽ അദ്ദേഹം രണ്ടാമനായി ഓടിക്കൊണ്ടിരിക്കുമ്പോൾ തൻ്റെ മുമ്പിൽ ഒന്നാമനായി ഓടിക്കൊണ്ടിരുന്ന കെനിയൻ താരം ആബേൽ മുടായി ഒരു വലിയ അബദ്ധം കാണിക്കുന്നതായി ശ്രദ്ധയിൽപെട്ടു. ഓട്ടത്തിൻ്റെ ഫിനിഷിങ്ങ് ലൈന് തൊട്ടുമുമ്പു വരച്ചിട്ടുള്ള ലൈൻ കണ്ട്, അത് ഫിനിഷിംങ്ങ് ലൈനാണ് എന്നു തെറ്റിദ്ധരിച്ച് ഓട്ടം അവസാനിപ്പിക്കാൻ തുടങ്ങിയ കെനിയൻ താരത്തോട്; ‘അതല്ല അതല്ല അടുത്ത ലൈൻ’ എന്ന് പുറകിൽ നിന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. എന്നാൽ സ്പാനിഷ് ഭാഷയിൽ ഇവാൻ പറഞ്ഞത് ആബേലിന് മനസ്സിലായില്ല. കണ്ണുമിഷിച്ചുനിന്ന ആബേലിനെ പുറകിൽ ഓടിവന്ന ഇവാൻ മുമ്പോട്ടു തള്ളി ഫിനിഷിങ്ങ് ലൈനിൽ എത്തിച്ചു. ഈ മത്സരം കണ്ടുനിന്ന കായികപ്രേമികൾ അന്തംവിട്ടുപോയി.
     കെനിയൻ താരത്തെ പിൻതള്ളി ഒന്നാമത് എത്തുന്നതിനു പകരം, അവനെ തള്ളി ഒന്നാമത് എത്തുവാൻ സഹായിച്ച ഇവാൻ ഫെർണാണ്ടസ് എന്ന കായികതാരം ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢിയാണ് എന്ന് ജനം കരുതി. കാരണം ആ മത്സരത്തിൽ ഒന്നാമത് എത്തിയിരുന്നെങ്കിൽ ഇവാന് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകൾക്കുള്ള സ്പാനിഷ് ടീമിൽ ഇടം ലഭിക്കുമായിരുന്നു.
       രണ്ടാഴ്ചകൾക്കുശേഷം ഒരു മാധ്യമം ഇവാനെ ഇന്റർവ്യൂ ചെയ്യുമ്പോൾ എന്തുകൊണ്ടാണ് താൻ ആ കെനിയൻ താരത്തെ മറികടന്ന് ഒന്നാമത് എത്താതിരുന്നത് എന്നു ചോദിച്ചു. അതിന് ഇവാൻ ഫെർണാണ്ടസ് നൽകിയ മറുപടി ലോകം കേട്ടു. ആ കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.
    ഇവാൻ ഫെർണാണ്ടസിൻ്റെ വാക്കുകൾക്കു മുമ്പിൽ ലോകം തലകുനിച്ചു. അവൻ്റെ സത്യസന്ധതയെ ജനം വാഴ്ത്തി. ചരിത്രത്തിൻ്റെ താളുകളിൽ അതു മായാതെ കുറിക്കപ്പെട്ടു.
      ശമുവേൽ പ്രവാചകനും ഒരു അമ്മ ഉണ്ടായിരുന്നു. ദൈവത്തോട് കരഞ്ഞുപ്രാർത്ഥിക്കുന്ന ആ അമ്മയുടെ പേര് ഹന്ന എന്നായിരുന്നു. അവൾ എത്രയോ നാളുകൾ പ്രാർത്ഥിച്ചതിൻ്റെ ഫലമായിട്ടാണ് ശമുവേൽ എന്ന പുത്രനെ ലഭിച്ചത്. അവനെ ഒരു നല്ല ബാലനായിട്ട് വളർത്തിയിട്ടായിരുന്നു അവൾ ബാലനെ ദൈവാലയത്തിൽ കൊണ്ടുവന്ന് ഏലി പുരോഹിതനെ ഏൽപ്പിച്ചത്. അമ്മ അവനെ ശീലിപ്പിച്ച ദൈവഭക്തിയും, സത്യസന്ധതയും, പരമാർത്ഥതയും വാർദ്ധക്യത്തിലും ശമുവേൽ കാത്തുസൂക്ഷിച്ചതുകൊണ്ടാണ് അവൻ യിസ്രായേൽ സഭയുടെ മുമ്പാകെ നിന്നുകൊണ്ട് ആ വാക്കുകൾ പറഞ്ഞത്. സമൂഹത്തിൽ തട്ടിപ്പും വെട്ടിപ്പും നടത്തി, കൈക്കൂലിയും കമ്മീഷനും വാങ്ങിച്ച് മറ്റുള്ളവരുടെ പ്രാക്കും ശാപവും വെറുപ്പും സമ്പാദിച്ചു ജീവിക്കുന്നവർക്ക് ഒരിക്കലും ശമുവേലിനെപ്പോലെ പറയാൻ കഴിയില്ല.
      ഇന്ന് മക്കൾ വഴിതെറ്റിപ്പോകുന്നു എന്ന് വ്യാകുലപ്പെടുന്ന മാതാപിതാക്കളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണല്ലോ. സ്കൂളുകളിൽപോലും മയക്കുമരുന്നുകൾക്ക് അടിമകളായി മാറുന്ന കുഞ്ഞുങ്ങളെക്കുറിച്ചുള്ള വാർത്തകൾ കാണുമ്പോൾ വല്ലാതെ സങ്കടം തോന്നുന്നുണ്ട്. നമ്മൾ അവർക്കുവേണ്ടി കൂടുതൽ ജാഗരിക്കണം, പ്രാർത്ഥിക്കണം, വചനം പഠിപ്പിക്കണം, ഉപദേശിക്കണം,.. അവരെ ദൈവഭയത്തിൽ വളർത്തണം.
    ഹന്നയുടെ മകൻ വാർദ്ധക്യത്തിലും സത്യസന്ധനും ദൈവഭക്തനുമായിരുന്നതുപോലെ, നമ്മുടെ മക്കളും ആകും. ഹന്നയെപ്പോലെ പ്രാർത്ഥിച്ചാൽ മതി.

ദൈവം സഹായിക്കട്ടെ,
പ്രാർത്ഥനയോടെ,
ഭോപ്പാലിലെ വചനമാരിയിൽനിന്നും
ഷൈജു പാസ്റ്റർ (9424400654)


പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7000477047, 9589741414

വചനമാരിയുടെ പ്രവർത്തനങ്ങൾക്കു കൈത്താങ്ങൽ നൽകുവാൻ ആഗ്രഹിക്കുന്നവരുടെ അറിവിലേക്കായി മധ്യപ്രദേശിലെ വചനമാരിയുടെ അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു
1) Bank A/C No. 13500100172414, VACHANAMARI, Federal Bank, M P Ngarag, Bhopal (IFSC : FDRL0001350)
GooglePay (UPI) No. 9424400654

വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/JaqhFgqRSauGZo6Mi5M1ss

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”