ആഗസ്റ്റ് മാസത്തെ അനുഗ്രഹ സന്ദേശം

August-2024

തൻ്റെ ജീവിതത്തിനു നേരെയും, വാഗ്ദത്തത്തിനു നേരെയും, ഭാവിക്ക് എതിരെയും, വെല്ലുവിളി ഉയർത്തിയ ശൌലിൻ്റെ കാര്യം ദാവീദ് നീതിയുള്ള ന്യായാധിപനായ കർത്താവിൻ്റെ സന്നിധിയിൽ ഭരമേൽപ്പിച്ചു (വാക്യം. 24:15). അങ്ങനെ സ്വർഗ്ഗത്തിലെ ദൈവം ദാവീദ്നുവേണ്ടി വ്യവഹാരം ഏറ്റെടുത്തപ്പോൾ സംഭവിച്ച കാര്യമാണ് ഈ സന്ദേശത്തിൻ്റെ കുറിവാക്യമായി മുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.       ദാവീദിനെ നശിപ്പിക്കാൻ ശ്രമിച്ച ശൌലിനെക്കൊണ്ടുതന്നെ ദാവീദിനെ അനുഗ്രഹിക്കുവാൻ ദൈവം വഴി ഒരുക്കി. സ്തോത്രം !


     1 ശമുവേൽ 26:25 “അപ്പോൾ ശൌൽ ദാവീദിനോടു: എൻ്റെ മകനേ, ദാവീദേ, നീ അനുഗ്രഹിക്കപ്പെട്ടവൻ; നീ കൃതാർത്ഥനാകും; നീ ജയംപ്രാപിക്കും എന്നു പറഞ്ഞു. പിന്നെ ദാവീദ് തൻ്റെ വഴിക്കു പോയി; ശൌലും തൻ്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി”
      വചനമാരി ശുശ്രൂഷാ സഹകാരികൾക്കുവേണ്ടി 2024 ആഗസ്റ്റ് മാസത്തേക്ക് ഒരു വാഗ്ദത്ത സന്ദേശം തരേണ്ടതിനുവേണ്ടി ഞാൻ കർത്താവിനോട് പ്രാർത്ഥിച്ചപ്പോൾ ദൈവാത്മാവ് എൻ്റെ ഹൃദയത്തിൽ പ്രകാശിപ്പിച്ച തിരുവചനമാണ് മുകളിൽ കുറിച്ചിരിക്കുന്നത്.
      ഈ വാക്യം വായിച്ചപ്പോൾ എനിക്ക് അതിശയം തോന്നി, കാരണം ദാവീദിനെ ഇല്ലാതാക്കുവാൻ വാളും പരിചയുമായി സൈന്യത്തെയുംകൂട്ടി പുറപ്പെട്ട ആ ശൌലിൻ്റെ നാവിൽ നിന്നാണല്ലോ ഈ അനുഗ്രഹ വചനങ്ങൾ പറപ്പെട്ടത് എന്നോർത്താണ് ഞാൻ അത്ഭുതപ്പെട്ടത്. *എൻ്റെ മകനേ, ദാവീദേ,* എന്നു വിളിച്ചുകൊണ്ടാണ് ശൌൽ രാജാവ് ദാവീദിനെ ഹൃദയപൂർവ്വം അനുഗ്രഹിക്കുന്നത്. അതും ഒരു തവണയല്ല, 1 ശമുവേൽ 24:19,20 വാക്യങ്ങളിലും ശൌൽ ദാവീദിനെ അനുഗ്രഹിക്കുന്നതായി കാണുവാൻ കഴിയും.
           തൻ്റെ സിംഹാസനത്തിന് വെല്ലുവിളിയായി ദാവീദ് മാറുമെന്ന് മനസ്സിലായപ്പോൾ, അവനെ കൊന്നുകളഞ്ഞായാലും തൻ്റെ സിംഹാസനം നിലനിർത്തണം എന്നാഗ്രഹിച്ച ശൌലിന് ഇത് എന്തു പറ്റി ?
          ഏതുവിധേനയും ദാവീദിനെ തോൽപ്പിക്കണം എന്ന ദൃഢനിശ്ചയത്തോടെ ഇറങ്ങിത്തിരിച്ച ശൌൽ, പിന്നീട് ദാവീദിനെ കണ്ടപ്പോൾ ‘നീ ജയംപ്രാപിക്കും’ എന്ന് അനുഗ്രഹിക്കുവാനുണ്ടായ കാരണമെന്താണ് ?
          ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം 1 ശമുവേൽ 24:7 വാക്യത്തിൽ നമുക്കു കാണുവാൻ കഴിയും. ദാവീദും കൂട്ടാളികളും ഒരു ഗുഹയിൽ ഒളിച്ചിരിക്കുമ്പോൾ, ദാവീദിനെ കൊല്ലേണ്ടതിനായി അന്വേഷിച്ച് ആ വഴിക്കുവന്ന ശൌൽ ഒന്നു വിശ്രമിക്കേണ്ടതിനായി അതേ ഗുഹയിൽ കടന്നു. ദാവീദ് അതിനുള്ളിൽ ഉണ്ട് എന്നറിയാതെ അവിടെ കിടന്നുറങ്ങി. ഇതുകണ്ട ദാവീദിൻ്റെ കൂട്ടാളികൾ, ഈ അവസരം നഷ്ടപ്പെടുത്താതെ ശൌലിൻ്റെ കഥ കഴിക്കേണ്ടതിനുവേണ്ടി ദാവീദിനെ നിർബ്ബന്ധിച്ചു. എന്നാൽ ദാവീദ് അവരോട് പറഞ്ഞ മറുപടി, “..യഹോവയുടെ അഭിഷിക്തനായ എൻ്റെ യജമാനൻ്റെ നേരെ കയ്യെടുക്കുന്നതായ ഈ കാര്യം ചെയ്വാൻ യഹോവ എനിക്കു ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു പറഞ്ഞു. (ഇങ്ങനെ ദാവീദ് തൻ്റെ ആളുകളെ ശാസിച്ചു അമർത്തി; ശൌലിനെ ദ്രോഹിപ്പാൻ അവരെ അനുവദിച്ചതുമില്ല.”)
      തന്നെ വകവരുത്തുവാനുള്ള അവസരം ലഭിച്ചിട്ടും, അതു ചെയ്യാതെയും, കൂടാതെ മറ്റുള്ളവർ തന്നെ കൊല്ലുന്നതിൽ നിന്നും തടയുകയും ചെയ്ത ദാവീദിൻ്റെ സത്യസന്ധതയും, ദൈവഭക്തിയും, മാന്യതയും അറിഞ്ഞ ശൌൽ അവനോട് ഇപ്രകാരമാണ് പറയുന്നത്; (വാക്യം 17..19) “..നീ എന്നെക്കാൾ നീതിമാൻ; ഞാൻ നിനക്കു തിന്മ ചെയ്തതിന്നു നീ എനിക്കു നന്മ പകരം ചെയ്തിരിക്കുന്നു. യഹോവ എന്നെ നിൻ്റെ കയ്യിൽ ഏല്പിച്ചാറെയും നീ എന്നെ കൊല്ലാതെ വിട്ടതിനാൽ നീ എനിക്കു ഗുണം ചെയ്തതായി ഇന്നു കാണിച്ചിരിക്കുന്നു. ശത്രുവിനെ കണ്ടുകിട്ടിയാൽ ആരെങ്കിലും അവനെ വെറുതെ വിട്ടയക്കുമോ? നീ ഇന്നു എനിക്കു ചെയ്തതിന്നു യഹോവ നിനക്കു നന്മ പകരം ചെയ്യട്ടെ.”
     തൻ്റെ ജീവിതത്തിനു നേരെയും, വാഗ്ദത്തത്തിനു നേരെയും, ഭാവിക്ക് എതിരെയും, വെല്ലുവിളി ഉയർത്തിയ ശൌലിൻ്റെ കാര്യം ദാവീദ് നീതിയുള്ള ന്യായാധിപനായ കർത്താവിൻ്റെ സന്നിധിയിൽ ഭരമേൽപ്പിച്ചു (വാക്യം. 24:15). അങ്ങനെ സ്വർഗ്ഗത്തിലെ ദൈവം ദാവീദ്നുവേണ്ടി വ്യവഹാരം ഏറ്റെടുത്തപ്പോൾ സംഭവിച്ച കാര്യമാണ് ഈ സന്ദേശത്തിൻ്റെ കുറിവാക്യമായി മുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
      ദാവീദിനെ നശിപ്പിക്കാൻ ശ്രമിച്ച ശൌലിനെക്കൊണ്ടുതന്നെ ദാവീദിനെ അനുഗ്രഹിക്കുവാൻ ദൈവം വഴി ഒരുക്കി. (ഇയ്യോബ് 29:13 “..നശിക്കുമാറായവൻ്റെ അനുഗ്രഹം എൻ്റെ മേൽ വന്നു;”) സ്തോത്രം !

      ഈ സന്ദേശം വായിക്കുന്ന പ്രിയരേ, നമ്മുടെ കർത്താവ് നീതിമാനാണ്. നമ്മുടെ പ്രശ്നങ്ങൾക്ക് സ്വയം പ്രതിവിധി കണ്ടെത്താതെ, നമ്മെ നശിപ്പിക്കുവാനും ഒതുക്കുവാനും ശ്രമിക്കുന്നവരോട് സ്വയം പ്രതികരിക്കാതെ, നമ്മുടെ നന്മകൾക്ക് തടസ്സമായി നിൽക്കുന്നവരെ സ്വയം കൈകാര്യം ചെയ്യാതെ, ഒരു മല പോലെ ഇന്നു നമ്മുടെ മുമ്പിൽ നിൽക്കുന്ന സകല വിഷയങ്ങളെയും കർത്താവിൻ്റെ സന്നിധിയിൽ സമർപ്പിക്ക. ശത്രുവിനെക്കൊണ്ടുതന്നെ ദാവീദിനെ അനുഗ്രഹിക്കുമാറാക്കിയ ദൈവം ഇന്നും ജീവിക്കുന്നു.

ഈ മാസാരംഭത്തിൽ തന്നെ ദൈവപ്രവർത്തിയുടെ ചില അടയാളങ്ങൾ കാണും. വിശ്വസിക്കുന്നവർ ‘ആമേൻ’ എന്ന് മറുപടി അയക്കാം.

നിങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട്,
ഷൈജു Pr.
വചനമാരി ടീം (ഭോപ്പാൽ)
Mob: 9424400654

********
നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കേണ്ട നമ്പർ: 7000477047, 9589741414. വചനമാരി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ആഗ്രഹിക്കുന്നവർ 7898211849 എന്ന നമ്പർ സേവ് ചെയ്ത് ഞങ്ങൾക്ക് ഒരു മെസ്സേജ് അയക്കുക.

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”