കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക

April-2023

യോസേഫിന്റെ *കഷ്ടകാലത്തിനുശേഷം* അവൻ മിസ്രയീമിന്റെ മേലധികാരിയായി ദാനിയേലിന്റെ *കഷ്ടകാലത്തിനുശേഷം* അവൻ രാജാവിനാൽ മാനിക്കപ്പെട്ടു മോർദ്ദെഖായിയുടെ *കഷ്ടകാലത്തിനുശേഷം* അവൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ശദ്രക്ക്, മേശെക്ക്, അബേദ്നെഗോ അവരുടെ *കഷ്ടകാലത്തിനുശേഷം* അവർക്ക് ബാബേൽ സംസ്ഥാനത്ത് സ്ഥാനമാനങ്ങൾ ലഭിച്ചു ക്രൂശിലെ *കഷ്ടതകൾക്ക് ശേഷം* നമ്മുടെ കർത്താവ് ഉയിർത്തെഴുന്നേറ്റ് എന്നേക്കും ജീവിക്കുന്നു.               ആകയാൽ പ്രിയരേ, വിശ്വാസയോഗ്യമായ ഈ വാഗ്ദത്തം ഇന്ന് ഏറ്റെടുത്തുകൊൾക; യിരെ. 15:11 "..ഞാൻ നിന്നെ നന്മക്കായി രക്ഷിക്കും നിശ്ചയം; അനർത്ഥകാലത്തും കഷ്ടകാലത്തും ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും നിശ്ചയം" *ആമേൻ*


           സങ്കീർ. 50:15 "കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും"
       സങ്കീർ. 91:15 "അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടു കൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും"
      കഷ്ടകാലം അഥവാ കഷ്ടതയുടെ നാളുകൾ (The days of trouble) മനുഷ്യജീവിതത്തിൽ കടന്നു വരുമെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. ആർക്കും അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. ചിലർ കുടുംബ പ്രശ്നങ്ങളാൽ, ചിലർ ആരോഗ്യകാരണങ്ങളാൽ, ചിലർ സാമ്പത്തിക ഞെരുക്കങ്ങളാൽ, ചിലർ ജോലി ഭാരത്താൽ,... കഷ്ടകാലത്തുകൂടെ കടന്നുപോകേണ്ടി വരുമ്പോൾ നമ്മൾ എന്തു ചെയ്യണമെന്ന് ദൈവവചനം പറയുന്നുണ്ട്; '*ദൈവത്തെ വിളിച്ചപേക്ഷിക്ക*'
എന്നാൽ ചില ആളുകൾ ഇതിനു വിപരീതമായി പ്രവർത്തിക്കുകയും, അതിന്റെ തിക്തഫലം അവർ അനുഭവിക്കേണ്ടി വന്നതായും ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് വായിക്കാം; 2 ദിനവൃത്താ. 28:22 "ആഹാസ് രാജാവ് തന്റെ കഷ്ടകാലത്തുകൂടെയും യഹോവയോടു അധികം ദ്രോഹം ചെയ്തു."
ചില ആളുകൾ ഇങ്ങനെയാണ്, കഷ്ടകാലം വരുമ്പോൾ ദൈവത്തോട് നിലവിളിക്കേണ്ടതിനു പകരം, ദൈവസന്നിധിയിൽ എളിമപ്പെടേണ്ടതിനു പകരം, ദൈവത്തിന് വിരോധികളായി മാറുകയും ദൈവത്തെ വെല്ലുവിളിക്കയും ചെയ്യും. ആ സ്വഭാവം കാണിച്ച ആഹാസ് രാജാവിന് എന്തുസംഭവിച്ചു എന്ന് ഒരു മുന്നറിയിപ്പായി പരിശുദ്ധാത്മാവ് വചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (വാക്യം 23, അവന്നും യിസ്രായേലിന്നും നാശകാരണമായി ഭവിച്ചു). സ്വയം നശിക്കുക മാത്രമല്ല തന്റെ കുടുംബത്തെയും തലമുറയെയും നാശത്തിന്റെ വക്കിലെത്തിക്കുക എന്നതാണ് ഇക്കൂട്ടരുടെ പ്രവർത്തിക്ക് ലഭിക്കുവാൻ പോകുന്ന കൂലി.

മറ്റു ചില ആളുകളുണ്ട്, അവർ തങ്ങളുടെ കഷ്ടകാലത്ത് ദൈവത്തെ അഭയം പ്രാപിക്കുന്നതിനുപകരം മനുഷ്യരെ ആശ്രയിക്കുവാൻ പോകും. സദൃശ്യ. 25:19 "കഷ്ടകാലത്ത് വിശ്വാസപാതകനെ ആശ്രയിക്കുന്നതു മുറിഞ്ഞപല്ലും ഉളുക്കിയ കാലും പോലെ ആകുന്നു"
മുറിഞ്ഞ പല്ലും, ഉളുക്കിയ കാലുംകൊണ്ട് വല്ല പ്രയോജനവും ഉണ്ടോ? അതുപോലായിരിക്കും, നമുക്കു പ്രയോജനപ്പെടുമെന്ന് കരുതി ഇന്ന് കൂടെകൊണ്ടു നടക്കുന്നവർ. നമ്മുടെ കഷ്ടനാളുകളിൽ അവർ പ്രയോജനപ്പെടില്ല എന്നു മാത്രമല്ല, നമുക്ക് തലവേദനയായി മാറുകയും ചെയ്യും. അനേക ആളുകളുടെ അനുഭവങ്ങൾ കേട്ടതിന്റെ വെളിച്ചത്തിലാണ് ഈ വാക്കുകൾ ഞാൻ കുറിക്കുന്നത്.

മറ്റു ചില ആളുകൾ അവരുടെ കഷ്ടകാലത്ത് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നതിനു പകരം, മറ്റു ദേവന്മാരുടെയും വിഗ്രഹങ്ങളുടെയും പുറകെ പോകും. ന്യായാധി. 10:14 "നിങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോടു നിലവിളിപ്പിൻ; അവൻ നിങ്ങളുടെ കഷ്ടകാലത്തു നിങ്ങളെ രക്ഷിക്കട്ടെ"
യഹോവയായ ദൈവം തന്റെ ജനത്തെ സന്ദർശിക്കുകയും അവരുടെ കഷ്ടതകളിൽ നിന്നും രക്ഷിക്കുകയും ചെയ്ത നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിട്ടും അവർ ദൈവത്തെ വിട്ട് ദേവന്മാരുടെ പുറകെ പോകുന്നതു കണ്ടുകൊണ്ടാണ് ദൈവം അവരോട് ഈ വാക്കുകൾ പറയുന്നത്.
ഇന്നത്തെ ക്രിസ്തീയഗോളത്തിലും നമ്മൾ കണ്ടുവരുന്ന കാഴ്ചകൾ വ്യത്യസ്തമല്ല. വിശ്വാസം ഉപേക്ഷിച്ച് പിന്മാറിപ്പോയി വിഗ്രഹങ്ങളെയും മൂർത്തികളെയും ഭജിക്കുകയും ദൈവപ്രസാദം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ഇക്കൂട്ടർ തങ്ങളുടെ കഷ്ടകാലങ്ങളിൽ താളടിയായിപ്പോകുന്നു.
കഷ്ടകാലത്ത് ദൈവത്തോട് അപേക്ഷിക്കാതെ, വീണുപോയ ഇക്കൂട്ടരെ ഒന്നും മാതൃകയാക്കാതെ, തങ്ങളുടെ കഷ്ടങ്ങളിൽ ദൈവത്തോട് നിലവിളിച്ച് വിടുതൽ നേടിയ വിശുദ്ധന്മാരായ പിതാക്കന്മാരെ നമുക്ക് അനുകരിക്കാം, ക്രൂശിൽ കിടക്കുമ്പോഴും പ്രാണവേദനയോടെ സ്വർഗ്ഗീയ പിതാവിനോട് മാത്രം നിലവിളിച്ച യേശുവിനെ നമുക്ക് ധ്യാനിക്കാം.


*നമ്മുടെ ജീവിതത്തിൽ വരുന്ന കഷ്ടനാളുകൾ നമ്മുടെ പതനത്തിനുവേണ്ടിയുള്ളതല്ല, നമ്മുടെ തകർച്ചക്കുവേണ്ടിയുമല്ല. ഇത് ജീവിതത്തിന്റെ അവസാനവുമല്ല*


യോസേഫിന്റെ *കഷ്ടകാലത്തിനുശേഷം* അവൻ മിസ്രയീമിന്റെ മേലധികാരിയായി


ദാനിയേലിന്റെ *കഷ്ടകാലത്തിനുശേഷം* അവൻ രാജാവിനാൽ മാനിക്കപ്പെട്ടു


മോർദ്ദെഖായിയുടെ *കഷ്ടകാലത്തിനുശേഷം* അവൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി


ശദ്രക്ക്, മേശെക്ക്, അബേദ്നെഗോ അവരുടെ *കഷ്ടകാലത്തിനുശേഷം* അവർക്ക് ബാബേൽ സംസ്ഥാനത്ത് സ്ഥാനമാനങ്ങൾ ലഭിച്ചു


ക്രൂശിലെ *കഷ്ടതകൾക്ക് ശേഷം* നമ്മുടെ കർത്താവ് ഉയിർത്തെഴുന്നേറ്റ് എന്നേക്കും ജീവിക്കുന്നു.

              ആകയാൽ പ്രിയരേ, വിശ്വാസയോഗ്യമായ ഈ വാഗ്ദത്തം ഇന്ന് ഏറ്റെടുത്തുകൊൾക;
യിരെ. 15:11 "..ഞാൻ നിന്നെ നന്മക്കായി രക്ഷിക്കും നിശ്ചയം; അനർത്ഥകാലത്തും കഷ്ടകാലത്തും ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും നിശ്ചയം"
*ആമേൻ*

ഈ വിശുദ്ധ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ,
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ(9424400654)
വചനമാരി, ഭോപ്പാൽ

*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

Tags :
ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”