നീ എൻ്റെ ബന്ധനങ്ങളെ അഴിച്ചിരിക്കുന്നു

August-2022

അന്യായമായതും, അര്‍ഹിക്കാത്തതും, അനീതിയായി കൈപ്പറ്റിയതുമായ അന്യരുടെ സമ്പത്ത് നിൻ്റെ പുരയ്ക്കകത്ത് കൊണ്ടുവരരുത് എന്ന് ദൈവം തൻ്റെ ജനത്തിന് ശക്തമായ താക്കീത് നൽകിയിട്ടുണ്ട്. ആവര്‍ത്തനം 7:25,26        "അവരുടെ ദേവപ്രതിമകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; നീ വശീകരിക്കപ്പെടാതിരിപ്പാൻ അവയിന്മേലുള്ള വെള്ളിയും പൊന്നും മോഹിച്ചു എടുത്തുകൊള്ളരുതു; അതു നിൻ്റെ ദൈവമായ യഹോവെക്കു അറെപ്പാകുന്നു. നീയും അതുപോലെ ശാപമായ്തീരാതിരിക്കേണ്ടതിന്നു അറെപ്പായുള്ളതു നിൻ്റെ വീട്ടിൽ കൊണ്ടുപോകരുതു; അതു നിനക്കു തീരെ അറെപ്പും വെറുപ്പുമായിരിക്കേണം; അതു ശാപഗ്രസ്തമല്ലോ"


സങ്കീർത്തനങ്ങൾ 116:16 "..നീ എൻ്റെ ബന്ധനങ്ങളെ അഴിച്ചിരിക്കുന്നു."
     ദൈവവചനം പഠിക്കുമ്പോൾ രണ്ടു വിധത്തിലുള്ള ബന്ധനങ്ങളെക്കുറിച്ച് നമുക്കു കാണുവാൻ കഴിയും. *(1)* അഴിക്കേണ്ടതായ ബന്ധനങ്ങൾ അഥവാ (*സാത്താൻ്റെ ബന്ധനങ്ങൾ*) ലൂക്കൊസ് 13:16. *(2)* ദൃഢമാക്കേണ്ടതായ ബന്ധനങ്ങൾ അഥവാ (*ക്രിസ്തുവിൻ്റെ ബന്ധനം*) കൊലൊ.4:3
നമ്മൾ ഇതിൽ ഏതു ബന്ധനത്തിലാണ് എന്നു തിരിച്ചറിയേണ്ടത് അനിവാര്യമാണ്. ലൂക്കൊസ് 13:16 ൽ വായിക്കുന്നത് പതിനെട്ടു സംവത്സരമായി സാത്താൻ ബന്ധിച്ചിരുന്ന കൂനിയായ ഒരു സ്ത്രീയുടെ ബന്ധനം യേശു കർത്താവ് അഴിച്ചുകളഞ്ഞു എന്നും, ലൂക്കൊസ് 8:29 ൽ വായിക്കുന്നത് വളരെ കാലമായി ഭൂതങ്ങൾ ബാധിച്ച് ബന്ധനത്തിലായിരുന്ന ഒരു മനുഷ്യൻ്റെ ബന്ധനം യേശു നീക്കികളഞ്ഞു എന്നുമാണല്ലോ. യേശു ബന്ധനങ്ങൾ അഴിച്ചുകളഞ്ഞ ഈ സ്ത്രീക്കോ, ഈ പുരുഷനോ അവർ അതുവരെ ഒരു ബന്ധനത്തിലായിരുന്നു കിടന്നിരുന്നത് എന്ന് അറിഞ്ഞിരുന്നില്ല. അവർ രോഗികളാണ് എന്നാണ് മറ്റുള്ളവരും ധരിച്ചിരുന്നത്, എന്നാൽ യേശുവിന് അവരെ കണ്ടമാത്രയിൽ അവർ ബന്ധനത്തിലാണ് എന്നു തിരിച്ചറിയുവാൻ കഴിഞ്ഞു. ലൂക്കൊസ് 4:40, മത്തായി 4:40 മുതലായ വചനഭാഗങ്ങളിൽ വായിക്കുന്നത്, യേശു രോഗികളെ സൗഖ്യമാക്കി എന്നും ഭൂതങ്ങളെ ശാസിച്ചു പുറത്താക്കി എന്നുമാണ്. അതായത്, സൗഖ്യമാക്കേണ്ടവരെ സൗഖ്യമാക്കുകയും പുറത്താക്കേണ്ടവയെ പുറത്താക്കുകയുമാണ് ചെയ്യേണ്ടത് എന്നു സാരം.
ഒരു രോഗമാണോ അതോ ഒരു ബന്ധനമാണോ എന്ന് അവരുടെ ലക്ഷണങ്ങൾ കണ്ടാൽ തിരിച്ചറിയാം, ഉദാഹരണത്തിന്;
പതിനെട്ടു സംവത്സരം കൂനിയായി ജീവിച്ച സ്ത്രീയും, ബഹുകാലമായി സുബോധം നഷ്ടപ്പെട്ട് ജീവിച്ച പുരുഷനും ഇന്നത്തെ അനേക സ്ത്രീ / പുരുഷന്മാരുടെ പ്രതീകങ്ങളാണ്. ഇക്കൂട്ടർ അവരുടെ കൂന് വഹിച്ചുകൊണ്ടു നടക്കുന്നത് അവരുടെ ശരീരത്തിലല്ല, ജീവിതത്തിലാണ്. അവരുടെ സുബോധം നഷ്ടപ്പെട്ടിരിക്കുന്നത് ശരീരത്തിലല്ല, ജീവിതത്തിലാണ്.
ചില കാര്യങ്ങൾ ഞാൻ എഴുതട്ടെ,
*ജീവിതം ഒന്നു നേരെ നിൽക്കാന് എത്ര പെടാപാടു പെട്ടിട്ടും നിരാശയാണ് ഫലം, കൂടെ നിന്നവരും, ഒപ്പം നടന്നവരും ഉയരത്തിൽ നിൽക്കുമ്പോൾ, ഒന്നു തലപൊക്കാൻ പോലും അനുവദിക്കാതെ ഈ കൂന് ഒരു ബന്ധനമായി നിൽക്കുന്നു. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, ഒന്നോ രണ്ടോ കാര്യത്തിലല്ല, വർഷങ്ങളായി ഇതു തന്നെയാണ് സ്ഥിതി...*
*ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് തെറ്റിപ്പോകുന്നു, ആരോ കണ്ണുകെട്ടുന്നതുപോലെയുള്ള അനുഭവമാണ് ചിലപ്പോഴെല്ലാം ഉണ്ടാകുന്നത്. നിനക്ക് ഒരു ബോധവുമില്ലേ, എന്ന് മറ്റുള്ളവര് ചോദിക്കുമ്പോഴാണ് പറ്റിപ്പോയ അബദ്ധം മനസ്സിലാകുന്നത്...*
     ഇതുപോലെയുള്ള സങ്കടങ്ങൾ പറഞ്ഞുകൊണ്ട് നിരവധി ആളുകൾ എന്നോടു സംസാരിക്കാറുണ്ട്. സത്യത്തിൽ ഇത് ഒരു വലിയ പ്രശ്നമാണ്, ഇത് സാത്താൻ്റെ ബന്ധനമാണ്. തുടക്കത്തിലേ അഴിച്ചു കളഞ്ഞില്ലെങ്കിൽ, യെശയ്യാവ് 28:22 ൽ വായിക്കുന്നതുപോലെ, *ഈ ബന്ധനങ്ങൾ മുറുകിപ്പോകയും നമ്മൾ പരിഹാസികളായി മാറുകയും ചെയ്യും*.
യിരെമ്യാവ് 30:8, യെശയ്യാവ് 58:6 മുതലായ വചനഭാഗങ്ങളിൽ ഇപ്രകാരമാണ് വായിക്കുന്നത്;
"അന്നു ഞാൻ അവൻ്റെ നുകം നിൻ്റെ കഴുത്തിൽനിന്നു ഒടിച്ചു ബന്ധനങ്ങളെ അറുത്തുകളയും; അന്യന്മാർ ഇനി അവനെക്കൊണ്ടു സേവ ചെയ്യിക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു"
"അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിൻ്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക; എല്ലാനുകത്തെയും തകർക്കുക; ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം?"
ബന്ധനത്തിൻ്റെ മറ്റൊരു മുഖമാണ് ഈ വചനഭാഗങ്ങളിൽ നമ്മൾ വായിക്കുന്നത്. അതായത്, *മറ്റുള്ളവർക്കുവേണ്ടി ന്യായമായ വേതനമില്ലാതെ സേവ ചെയ്യുന്നതും ഒരു ബന്ധനമാണ്*. കഴിഞ്ഞ ഒരു ദിവസം ഒരു സഹോദരൻ്റെ ജീവിതത്തിൽ ഉണ്ടായ അനുഭവം ഞാൻ എഴുതിയത് ഓർക്കുന്നുണ്ടായിരിക്കുമല്ലോ! സ്വന്തം കൂടെപ്പിറപ്പ് കറിവേപ്പില പോലെ സ്ഥാപനത്തിൽ നിന്ന് എടുത്തു കളഞ്ഞപ്പോഴാണ് താൻ ഒരു ബന്ധനത്തിലായിരുന്നു അത്രയും നാൾ ജീവിച്ചത് എന്ന് അദ്ദേഹത്തിന് മനസ്സിലായത്. ഈ യാഥാർത്ഥ്യം തിരിച്ചറിയാതവണ്ണം സാത്താൻ അനേകരുടെ കണ്ണുകെട്ടി മറ്റുള്ളവരുടെ സേവ ചെയ്യിക്കുയാണ് ഇന്നും. ഈ വചന ധ്യാനം അവരുടെ കണ്ണു തുറപ്പിക്കാനും സുബോധം വീണ്ടെടുക്കാനും കാരണമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
            അപ്പൊ.പ്ര. 8:23 ൽ മറ്റൊരു ബന്ധനത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്.
"നീ കൈപ്പുള്ള പകയിലും *അനീതിയുടെ ബന്ധനത്തിലും* അകപ്പെട്ടിരിക്കുന്നു"
ഒരിക്കൽ ശിമോന് എന്ന ഒരു വ്യക്തി അപ്പൊസ്തലന്മാരുടെ അടുക്കൽ ദ്രവ്യം കൊണ്ടുവന്ന് അവരോട്, ഞാൻ ഒരുത്തന്റെ മേൽ കൈ വെച്ചാൽ അവന്നു പരിശുദ്ധാത്മാവു ലഭിപ്പാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു ചോദിച്ചു. പരിശുദ്ധാത്മാവിനെ പണംകൊടുത്ത് വാങ്ങാം എന്നു നിനച്ച ഈ മനുഷ്യനോട് പത്രൊസ്, ദൈവത്തിൻ്റെ ദാനം പണത്തിന്നു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിൻ്റെ പണം നിന്നോടുകൂടെ നശിച്ചു പോകട്ടെ എന്നു പറഞ്ഞു.
അനീതിയുടെ പണം ഒരു ബന്ധനമാണ്, അത് ഒരു മനുഷ്യനെ എവിടെ കൊണ്ടുചെന്നെത്തിക്കുമെന്ന് തിരുവചനം കൃത്യമായി പറയുന്നുണ്ട്;
                   അപ്പൊ.പ്ര. 1:18
"അവൻ (യൂദാ) അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളർന്നു അവൻ്റെ കുടലെല്ലാം തുറിച്ചുപോയി" (മത്തായി 27:5)
അന്യായമായതും, അര്ഹിക്കാത്തതും, അനീതിയായി കൈപ്പറ്റിയതുമായ അന്യരുടെ സമ്പത്ത് നിൻ്റെ പുരയ്ക്കകത്ത് കൊണ്ടുവരരുത് എന്ന് ദൈവം തൻ്റെ ജനത്തിന് ശക്തമായ താക്കീത് നൽകിയിട്ടുണ്ട്. ആവര്ത്തനം 7:25,26
       "അവരുടെ ദേവപ്രതിമകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; നീ വശീകരിക്കപ്പെടാതിരിപ്പാൻ അവയിന്മേലുള്ള വെള്ളിയും പൊന്നും മോഹിച്ചു എടുത്തുകൊള്ളരുതു; അതു നിൻ്റെ ദൈവമായ യഹോവെക്കു അറെപ്പാകുന്നു.
നീയും അതുപോലെ ശാപമായ്തീരാതിരിക്കേണ്ടതിന്നു അറെപ്പായുള്ളതു നിൻ്റെ വീട്ടിൽ കൊണ്ടുപോകരുതു; അതു നിനക്കു തീരെ അറെപ്പും വെറുപ്പുമായിരിക്കേണം; അതു ശാപഗ്രസ്തമല്ലോ"
ഒരിക്കൽക്കൂടെ ഞാൻ പറയട്ടെ, പണത്തിൻ്റെയും സമ്പത്തിൻ്റെയും അധികാരത്തിൻ്റെയും സ്ഥാനമാനങ്ങളുടെയും മത്ത് തലയ്ക്കു പിടിച്ചാൽ അതു ഒരു ബന്ധനമാണ്. ദൈവത്തെവരെ വിലയ്ക്ക് വാങ്ങിക്കളയാം എന്ന വിചാരം ഉണ്ടായിപ്പോകും. തിരഞ്ഞെടുപ്പും വോട്ടുപിടുത്തവും കാലുവാരലും ഒക്കെ ദൈവസഭയിൽ തകൃതിയായി നടന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് എത്രയോ ശിമോന് മാരെ നമുക്കു ചുറ്റും കാണുവാൻ കഴിയും. ദൈവത്തിൻ്റെ ദാനം വിലകൊടുത്ത് വാങ്ങിക്കളയാം എന്നു വിചാരിച്ച ശിമോനും എല്ലാം തികഞ്ഞ ഒരു മാന്യനായിരുന്നു എന്ന് വചനത്തിൽ കാണുന്നുണ്ട്. (വാക്യം 8:13 "ശിമോൻ താനും വിശ്വസിച്ചു സ്നാനം ഏറ്റു ഫിലിപ്പൊസിനോടു ചേര്ന്നുനിന്നു..")
എന്നിട്ടും പക്ഷേ താന് സാത്താൻ്റെ ചൊൽപ്പടിയിലായിരുന്നു (ബന്ധനത്തിലായിരുന്നു) എന്നതാണ് സത്യം.
സമ്പത്തിനും അധികാരത്തിനും സ്ഥാനമാനത്തിനും വേണ്ടി എൻ്റെ വിശ്വാസവും അഭിഷേകവും ഞാൻ അടിയറവ് വെയ്ക്കില്ല എന്ന് തൻ്റെടത്തോടെ പറയാൻ കഴിയുന്ന ദാനിയേൽ മാർ / എലീശാ മാർ ഇന്ന് ദൈവസഭകളിലുണ്ടോ? എന്ന് വാസ്തവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
ദാനിയേൽ 5:17
"ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ഉണർത്തിച്ചതു: ദാനങ്ങൾ തിരുമേനിക്കു തന്നേ ഇരിക്കട്ടെ; സമ്മാനങ്ങൾ മറ്റൊരുത്തന്നു കൊടുത്താലും; എഴുത്തു ഞാൻ രാജാവിനെ വായിച്ചുകേൾപ്പിച്ചു അർത്ഥം ബോധിപ്പിക്കാം"
2 രാജാ. 5:16
"അതിന്നു അവൻ: ഞാൻ സേവിച്ചുനില്ക്കുന്ന യഹോവയാണ, ഞാൻ ഒന്നും കൈക്കൊള്ളുകയില്ല എന്നു പറഞ്ഞു. കൈക്കൊൾവാൻ അവനെ നിർബ്ബന്ധിച്ചിട്ടും അവൻ വാങ്ങിയില്ല"
ഈ വക ബന്ധനങ്ങളെല്ലാം അഴിച്ചു കളയേണ്ട സമയമായിരിക്കുന്നു. ഇത് അഴിക്കാൻ കര്ത്താവിന് മാത്രമേ കഴിയുകയുള്ളൂ;
*പൌലൊസും ശീലാസും കാരാഗൃഹത്തിൽ കിടന്ന് പ്രാര്ത്ഥിച്ച് ദൈവത്തെ പാടിസ്തുതിച്ചപ്പോഴാണ് അവരുടെ ബന്ധനങ്ങൾ അഴിഞ്ഞത്* (അപ്പൊ.പ്ര. 16:26)
*ദൈവത്തിൻ്റെ ആത്മാവ് അഭിഷേകമായി ഇറങ്ങിവന്നപ്പോഴാണ് ശിംശോൻ്റെ ബന്ധനങ്ങൾ അഴിഞ്ഞുമാറിയത്* (ന്യായാധി. 15:14)
ആകയാൽ പ്രിയരേ, ജീവിതത്തിൻ്റെ ഏതെങ്കിലും മേഖലയിൽ സാത്താൻ്റെ ഈ വകയുള്ള ബന്ധനത്തിലെങ്ങാനുമാണോ നാമും കുടുംബവും ഉള്ളത് എന്ന് ആത്മാര്ത്ഥമായി പരിശോധിച്ചു നോക്കി, ശരിയായ തീരുമാനങ്ങൾ എടുത്ത്, ബന്ധനങ്ങളെ അഴിക്കുവാൻ ദൈവത്തോട് അടുത്തുവരാം.
                   *കർത്താവിനെ സ്വീകരിക്കാം*,
                    *കൽപ്പനകൾ അനുസരിക്കാം*,
                    *പ്രാർത്ഥിക്കാം*,
                     *പാടിസ്തുതിക്കാം*,
                     *അഭിഷേകത്തിൽ നിറയാം*
യേശു നാഥൻ നമ്മോടു മനസ്സലിഞ്ഞ്, കൃപതോന്നി, കരുണയാൽ നമ്മുടെ ബന്ധനങ്ങളെല്ലാം അഴിക്കും. ദാവീദിനെപ്പോലെ നമുക്കും പാടുവാൻ കഴിയും "..നീ എൻ്റെ ബന്ധനങ്ങളെ അഴിച്ചിരിക്കുന്നു."
ഒരു വാഗ്ദത്ത വചനംകൂടെ ഞാൻ ഓർമ്മിപ്പിക്കട്ടെ; യെശയ്യാവ് 23:10
"..ഇനി ബന്ധനമില്ലായ്കയാൽ നീ നീലനദി പോലെ നിൻ്റെ ദേശത്തെ കവിഞ്ഞൊഴുകുക"
*ബന്ധനമെല്ലാം അഴിഞ്ഞ് ഒരു അനുഗ്രഹനദിപോലെ ദേശത്ത് കവിഞ്ഞൊഴുകുവാൻ, ജീവിതത്തിൻ്റെ എല്ലാ മേഖലയിലും സമൃദ്ധി ഉണ്ടാകുവാൻ കർത്താവിൻ്റെ നാമത്തിൽ നിങ്ങളെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചുകൊണ്ട്*,
ക്രിസ്തുവിൽ സ്നേഹപൂർവ്വം..
ഷൈജു ജോൺ 7898211849
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകള് വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9589741414, 7000477047
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”