ലൂക്കൊസ് 9:56 “മനുഷ്യ പുത്രൻ മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിപ്പാനല്ല രക്ഷിപ്പാനത്രേ വന്നതു” എന്നു പറഞ്ഞു.) അവർ *വേറൊരു* ഗ്രാമത്തിലേക്കു പോയി.”
കർത്താവും ശിഷ്യന്മാരും ഒരു യാത്രയിൽ ശമര്യക്കാരുടെ ഗ്രാമത്തിലെത്തുകയും അവിടെ വിശ്രമിക്കുവാൻ ആഗ്രഹിക്കുകയും ചെയ്തെങ്കിലും അവർ അവനെ കൈക്കൊണ്ടില്ല എന്നാണ് ഈ വചനഭാഗത്ത് നമ്മൾ വായിക്കുന്നത് (ലൂക്കൊ. 9:53). അതു അവൻ്റെ ശിഷ്യന്മാരായ യാക്കോബും
യോഹന്നാനും കണ്ടിട്ടു: കർത്താവേ, (ഏലിയാവു ചെയ്തതുപോലെ) ആകാശത്തുനിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ഞങ്ങൾ പറയുന്നതു നിനക്കു സമ്മതമോ എന്നു ചോദിച്ചു. ആ ചോദ്യത്തിനുള്ള ഉത്തരമായി കർത്താവ് അവരെ ശാസിച്ചുകൊണ്ട് *അവരോടു പറഞ്ഞ മറുപടിയും*, അതിനോട് പ്രതികരിച്ചുകൊണ്ട് *താൻ എടുത്ത തീരുമാനവുമാണ്* മുകളിലെ വാക്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആരെയും നശിപ്പിപ്പാനോ കൊല്ലുവാനോ അല്ല രക്ഷിപ്പാനാണ് താൻ വന്നിരിക്കുന്നത് എന്ന വ്യക്തമായ ഉത്തരം അവർക്ക് നൽകിക്കൊണ്ട്, അവൻ അവരെയും കൂട്ടി വേറൊരു ഗ്രാമത്തിലേക്കു പോയി.
ആ ശമര്യ ഗ്രാമക്കാർ തങ്ങളെ കൈക്കൊള്ളുന്നില്ല എന്നു കണ്ടപ്പോൾ കർത്താവിൻ്റെ ശിഷ്യന്മാർക്ക് ആ ഗ്രാമത്തോട് ദേഷ്യവും പകയും തോന്നി, അവരെ നശിപ്പിച്ചുകളയണമെന്നുപോലും അവർ ആഗ്രഹിച്ചു. എന്നാൽ കർത്താവ് അവരെ ശാസിക്കുകയും തിരുത്തുകയും ചെയ്തു. എന്നിട്ട് അവരെയും കൂട്ടി വേറൊരു ഗ്രാമത്തിലേക്കു പോയി. അവരെ സ്വീകരിക്കുവാൻ താൽപ്പര്യമില്ലാതിരുന്ന ആ ഗ്രാമവാസികളോട് വഴക്കിടാതെ, അവരോട് തർക്കത്തിനും വാദപ്രതിവാദത്തിനും നിൽക്കാതെ വേറൊരു ഗ്രാമത്തിലേക്കു പോയി.
ചില പ്രത്യേക അവസരങ്ങളിൽ വേറിട്ട രീതിയിൽ കാര്യങ്ങളെ സമീപിക്കുന്ന ഒരു സ്വഭാവം ദൈവമക്കൾക്ക് ഉണ്ടായിരിക്കണമെന്ന ഒരു (പാഠമാണ്) മാതൃകയാണ് ഇവിടെ കർത്താവ് തൻ്റെ ശിഷ്യന്മാർക്ക് കാണിച്ചുകൊടുത്തത്. മാനുഷികമായി ചിന്തിച്ചാൽ ശിഷ്യന്മാർക്ക് അവരോട് കോപംതോന്നേണ്ട കാരണങ്ങൾ അതിനുപുറകിലുണ്ട് എന്ന് തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന മറ്റൊരു സംഭവം പരിശോധിച്ചാൽ നമുക്കു ബോധ്യമാകും.
മറ്റൊരിക്കൽ കർത്താവും ശിഷ്യന്മാരും ശമര്യയിലൂടെ യാത്രപോകയിൽ വഴിനടന്നു ക്ഷീണിച്ചിട്ട് ഉറവിന്നരികെ ഇരിക്കയും അവിടെ വെള്ളം കോരുവാൻ വന്ന ഒരു ശമര്യസ്ത്രീയോടു കർത്താവ് സംസാരിക്കുകയും ചെയ്യുന്നത് യോഹന്നാൻ 4 അധ്യായത്തിൽ നമ്മൾ വായിക്കുന്നുണ്ടല്ലോ. ആ സമയത്ത് കർത്താവിൻ്റെ ശിഷ്യന്മാർ ഭക്ഷണസാധനങ്ങളെ കൊള്ളുവാൻ പട്ടണത്തിൽ പോയിരിക്കുകയായിരുന്നു. ആ ശമര്യ സ്ത്രീ യേശുവിനെ 'മശീഹ' എന്നു തിരിച്ചറിയുകയും, സ്ത്രീ പാത്രം വെച്ചിട്ടു പട്ടണത്തിൽ ചെന്നു ജനങ്ങളോടു അതു പറയുകയും, പട്ടണവാസികൾ യേശുവിൻ്റെ അടുക്കൽ വരികയും ചെയ്തു. യോഹ. 4:31.. *അതിന്നിടയിൽ* ശിഷ്യന്മാർ അവനോടു: റബ്ബീ, ഭക്ഷിച്ചാലും എന്നു അപേക്ഷിച്ചു.അതിന്നു അവൻ: “നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്കു ഉണ്ടു” എന്നു അവരോടു പറഞ്ഞു. ആകയാൽ വല്ലവനും അവന്നു ഭക്ഷിപ്പാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു. യേശു അവരോടു പറഞ്ഞതു: “എന്നെ അയച്ചവൻ്റെ ഇഷ്ടം ചെയ്തു അവൻ്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എൻ്റെ ആഹാരം.
ശമര്യസ്ത്രീയോടും ശമര്യപട്ടണക്കാരോടും കർത്താവ് സംസാരിച്ചുകൊണ്ടിരിക്കുന്നതിൻ്റെ ഇടയിലാണ് ശിഷ്യന്മാർ അവർ കൊണ്ടുവന്ന ആഹാരം ഭക്ഷിക്കണമെന്ന് കർത്താവിനോട് അഭ്യർത്ഥിക്കുന്നത്. എന്നാൽ ശമര്യക്കാരുടെ മുമ്പിൽവെച്ച് ശിഷ്യന്മാർകൊണ്ടുവന്ന ആഹാരം നിരസിക്കുകയും “നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്കു ഉണ്ടു” എന്നു അവരോട് പറയുകയും ചെയ്തതു. പിന്നീട് ശമര്യർ തങ്ങളോടു കൂടെ പാർക്കേണം എന്നു കർത്താവിനാടു അപേക്ഷിച്ചപ്പോൾ; അവൻ രണ്ടുനാൾ അവിടെ പാർക്കുകയും ചെയ്തു.
ആ ശമര്യക്കാരാണ് ഇപ്പോൾ യേശുകർത്താവിനെ കൈക്കൊള്ളാതിരിക്കുന്നത്. അതുകണ്ട ശിഷ്യന്മാർക്ക് കോപം വരാതിരിക്കുമോ ?
ചിലരുടെ സ്വഭാവവും പെരുമാറ്റവും ഒക്കെ കാണുമ്പോൾ ന്യായമായും അവരോട് കോപവും വെറുപ്പും ഉണ്ടാകാൻ സാധ്യതയുള്ള നിരവധി സാഹചര്യങ്ങൾ ദൈവമക്കളുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. കർത്താവിൻ്റെ ശിഷ്യന്മാർക്ക് തോന്നിയതുപോലുള്ള ചില തോന്നലുകളും ഉണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം ഒരു ദൈവദാസൻ തൻ്റെ ഒരു വിഷയം എന്നോട് സംസാരിക്കുമ്പോൾ പറഞ്ഞത്, അവനെ പിടിച്ച് രണ്ടുപൊട്ടിക്കണമെന്ന് തോന്നി എന്നാണ്. ഗുജറാത്തിലുണ്ടായിരുന്ന അദ്ദേഹം അവിടത്തെ സഭാകെട്ടിടവും മറ്റും, കൂടെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു സുവിശേഷകന് കൊടുത്തിട്ട് മറ്റൊരു ഇടത്തേക്ക് മാറിപ്പോയി. ചില വർഷങ്ങൾക്കുശേഷം ഗുജറാത്തിലെ ഒരു ഐക്യകൂട്ടായ്മക്കാർ അദ്ദേഹത്തെ ഒരു മീറ്റിംഗിനായി ക്ഷണിച്ചു. അദ്ദേഹം ആ സുവിശേഷകന് നേരത്തെ സൗജന്യമായി നൽകിയിട്ടുപോയ സഭാകെട്ടിടമായിരുന്നു യോഗസ്ഥലം. എന്നാൽ ഇദ്ദേഹമാണ് വരുന്നത് എന്നറിഞ്ഞ ആ സുവിശേഷകൻ ഐക്യകൂട്ടായ്മസംഘാടകരോട് തൻ്റെ സഭാകെട്ടിടത്തിൽ അദ്ദേഹം വരുന്നതിൽ താൽപ്പര്യമില്ല എന്നും ഈ കാര്യം അദ്ദേഹത്തോട് പറയരുത് എന്നും ആവശ്യപ്പെട്ടു. എന്നാൽ സംഘാടകർ അദ്ദേഹത്തോട് ഉള്ള കാര്യം പറഞ്ഞു. അദ്ദേഹത്തിന് വിശ്വസിക്കാൻ കഴിഞ്ഞില്ല, താൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സഭയിൽ ഒരു ദിവസത്തെ മീറ്റിംഗിന് കയറ്റാതിരിക്കാൻ ശ്രമിച്ച അയാളെ ഒന്നുപൊട്ടിക്കണമെന്ന് തോന്നിയത് മാനുഷികമാണ്. എന്നാൽ കർത്താവിനോട് നന്ദികേട് കാണിച്ച ശമര്യക്കാരെ നശിപ്പിക്കണമെന്ന് പറഞ്ഞ ശിഷ്യന്മാരെ കർത്താവ് വേറെ ഗ്രാമത്തിലേക്കുകൊണ്ടുപോയതുപോലെ, വേറെ ചിന്തിക്കുവാൻ / കാര്യങ്ങൾ വ്യത്യസ്തമായി കൈകാര്യം ചെയ്യുവാൻ തീരുമാനിച്ചു, കോപവും വഴക്കും ഒന്നും വേണ്ടെന്നുവെച്ചു.
ഇതുപോലുള്ള നിരവധി അനുഭവങ്ങൾ നമ്മുടെ ജീവിതത്തിൽ പറയുവാനുണ്ടാകാം. ഏറ്റവും അടുത്തവരിൽ നിന്ന് നേരിട്ട ചതിയും, കൂടെനിന്നവരിൽ നിന്ന് ഉണ്ടായ വഞ്ചനയും, ഒപ്പം നിന്നവർ ചെയ്തിട്ടുള്ള ഉപദ്രവങ്ങളും ഓർക്കുമ്പോൾ.. അവരെ കൊല്ലാനുള്ള ദേഷ്യവും, ആകാശത്തുനിന്നു തീ ഇറങ്ങി അവർ നശിച്ചുപോകട്ടെ എന്ന് അവരെ വെറുക്കാനുള്ള പകയും തോന്നുന്നത് മാനുഷികമാണ് ലോകമനുഷ്യരുടെ വികാരമാണ്. എന്നാൽ വേറെ ചിന്തിക്കുവാനാണ്, വ്യത്യസ്തരാകുവാനാണ് കർത്താവ് നമ്മെ പഠിപ്പിച്ചിരിക്കുന്നത്.
യേശുകർത്താവിനെ കൈക്കൊള്ളാതിരുന്ന ശമര്യക്കാരോട് ഒരു പരാതിയും പരിഭവവും പറയാതെ, അതുകണ്ട് ക്ഷുഭിതരായ തൻ്റെ ശിഷ്യന്മാരെപ്പോലും ശാസിച്ച് തിരുത്തി അവരേയുംകൊണ്ട് വേറെ ഗ്രാമത്തിലേക്ക് പോയ കർത്താവ് ആ ശമര്യക്കാരോട് ഹൃദയപൂർവ്വം ക്ഷമിച്ചു. പിന്നീട് കുറേനാളുകൾക്ക് ശേഷം പത്തു കുഷ്ഠരോഗികൾ യേശുവിൻ്റെ അടുക്കൽ വന്ന് തങ്ങളോട് കരുണയുണ്ടാകണമേ എന്നപേക്ഷിച്ചു. അവിടുന്ന് ദയതോന്നി അവരെ എല്ലാവരേയും സൗഖ്യമാക്കി. സൗഖ്യം പ്രാപിച്ച ആ പത്തുപേരിൽ ഒരുത്തൻ മാത്രം ഉച്ചത്തിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു അവൻ്റെ കാൽക്കൽ കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞു; ആ മടങ്ങിവന്ന ഒരുവൻ ശമര്യക്കാരനായിരുന്നു എന്ന് വേദപുസ്തകത്തിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട് (“അവനോ ശമര്യക്കാരൻ ആയിരുന്നു” ലൂക്കൊ. 17:15,16)
നന്ദിയില്ലാത്തവർ നന്ദിയുള്ളവരായി മാറുവാൻ കാരണമായത്, കർത്താവ് അവരോട് ക്ഷമിച്ചതുകൊണ്ടാണ്, അവരെ നശിപ്പിക്കാതെ അവർക്ക് ഒരവസരംകൂടെ കൊടുത്തതുകൊണ്ടാണ്. നമ്മെ ദ്രോഹിക്കുന്നവരോട് അതേ നാണയത്തിൽ പകരം വീട്ടുന്നതിനുപകരം അവരോട് ക്ഷമിക്കുവാൻ കഴിയുമെങ്കിൽ, അവരുടെ മാനസാന്തരത്തിന് അതു കാരണമാകും.
ആകയാൽ പ്രിയരേ, ശമര്യക്കാരെ കൊല്ലാൻവരെ തോന്നിയ പകയും വിദ്വേഷവും അവിടെ ഉപേക്ഷിച്ച്, കർത്താവിൻ്റെ പാത പിന്തുടർന്ന ശിഷ്യന്മാർ വേറെ ഗ്രാമത്തിലേക്ക് പോയതുപോലെ, ഇന്ന് നമ്മുടെ മുമ്പിലുള്ള ചില പകയും പിണക്കങ്ങളും വെറുപ്പും പ്രതികാരവുമെല്ലാം ഉപേക്ഷിച്ച്, വേറെ വഴി സഞ്ചരിക്കാം, കർത്താവിൻ്റെ പാതപിന്തുടരാം.