സങ്കീർ. 109:31 “അവൻ എളിയവനെ ശിക്ഷെക്കു വിധിക്കുന്നവരുടെ *കയ്യിൽനിന്നു രക്ഷിപ്പാൻ അവൻ്റെ വലത്തുഭാഗത്തു നില്ക്കുന്നു* ”( for He stands at the right hand of the needy one, to deliver him from his accusers / who threaten his life/who judge his soul/who condemn his soul to death)
ഇല്ലാത്ത കുറ്റം ആരോപിച്ച്, ചെയ്യാത്തകാര്യം തലയിൽവെച്ചുകെട്ടി,.. നശിപ്പിച്ചുകളയണം / മുടിച്ചുകളയണം.. എന്ന ലക്ഷ്യത്തോടുകൂടെ കരുക്കൾ നീക്കുന്നവരുടെ കയ്യിൽനിന്ന്, ദൈവമക്കളെ രക്ഷിപ്പാൻ കർത്താവ് അവരുടെ വലത്തുഭാഗത്ത് നിൽക്കുന്നുണ്ട് എന്നാണ് ദാവീദ് തൻ്റെ ജീവിതാനുഭങ്ങളിൽനിന്ന് ഈ സങ്കീർത്തനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലൊക്കെ വാർത്തകളിൽ നിറഞ്ഞുനിന്ന ചില സംഭവങ്ങൾ നമുക്കറിയാമല്ലോ, ലോൺആപ്പുകളിൽനിന്നും, കൊള്ളപ്പലിശക്കാരുടെ കയ്യിൽനിന്നുമൊക്കെ അത്യാവശ്യഘട്ടങ്ങളിൽ പണം വായ്പ എടുക്കുകയും, പിന്നീട് അവ തിരിച്ചടക്കാൻ വൈകിയതിൻ്റെ പേരിൽ ആത്മഹത്യചെയ്യേണ്ടി വരികയും, നാടുവിട്ടുപോകേണ്ടിവരികയും മറ്റും ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. ഒരിക്കൽ അവരുടെ കയ്യിൽ (കെണിയിൽ) പെട്ടുപോയാൽ ഊരിപ്പോരുക അത്ര എളുപ്പമല്ല. എടുത്ത ലോണും പലിശയും തിരിച്ചടച്ചുകഴിഞ്ഞാലും, പിഴയും, സർവ്വീസ് ചാർജും വേണമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിക്കൊണ്ട് ഇക്കൂട്ടർ ശല്ല്യപ്പെടുത്തിക്കൊണ്ടിരിക്കും. ഇവരുടെ കയ്യിൽനിന്ന് രക്ഷപ്പെടുക അത്ര എളുപ്പമല്ല.
ഇതുപോലെ മനുഷ്യനെ കുടുക്കാൻ ശ്രമിക്കുന്ന ചില കൈകളെക്കുറിച്ചുള്ള മുന്നറിയിപ്പ് പരിശുദ്ധാത്മാവ് തിരുവചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്, ആ കൈകളിൽനിന്നെല്ലാം തൻ്റെ മക്കളെ രക്ഷിക്കുവാൻ കർത്താവ് അവരുടെ വലത്തുഭാഗത്തുണ്ട്. ഉദാഹരണമായി ഒന്നുരണ്ട് സംഭവങ്ങൾ വേദപുസ്തകത്തിൽനിന്ന് ഞാൻ ഓർമ്മിപ്പിക്കാം;
1) *വേട്ടയാടുന്നവരുടെ കയ്യിൽനിന്ന് രക്ഷിക്കും* (സങ്കീ. 7:1 “എൻ്റെ ദൈവമായ യഹോവേ, നിന്നെ ഞാൻ ശരണം പ്രാപിക്കുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കയ്യിൽ നിന്നു എന്നെ രക്ഷിച്ചു വിടുവിക്കേണമേ”)
2) *ശിക്ഷെക്കു വിധിക്കുന്നവരുടെ കയ്യിൽനിന്ന് രക്ഷിക്കും* (സങ്കീർ. 109:31 “അവൻ എളിയവനെ ശിക്ഷെക്കു വിധിക്കുന്നവരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ അവൻ്റെ വലത്തുഭാഗത്തു നില്ക്കുന്നു”)
3) *വല്ലാത്ത ദുഷ്ടന്മാരുടെ കയ്യിൽനിന്ന് രക്ഷിക്കും* (2 തെസ്സ. 3:2 “വല്ലാത്തവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്നു ഞങ്ങൾ വിടുവിക്കപ്പെടുവാനും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിപ്പിൻ;”)
4) *കുടുക്കാൻ ശ്രമിക്കുന്നവരുടെ കയ്യിൽനിന്ന് രക്ഷിക്കും* (2 കൊരി. 11:32.. “ദമസ്കൊസിലെ അരേതാരാജാവിൻ്റെ നാടുവാഴി എന്നെ പിടിപ്പാൻ ഇച്ഛിച്ചു, ദമസ്കപട്ടണത്തെ കാവൽ വെച്ചു കാത്തു. എന്നാൽ.. ഞാൻ അവൻ്റെ കയ്യിൽനിന്നു തെറ്റി ഓടിപ്പോയി.”)
5) *അവിശ്വാസികളുടെയും പിന്മാറ്റക്കാരുടെയും കയ്യിൽനിന്ന് രക്ഷിക്കും* (റോമർ 15:30 “..അവിശ്വാസികളുടെ കയ്യിൽനിന്നു എന്നെ രക്ഷിക്കേണ്ടതിന്നും..”)
6) *ജനത്തിൻ്റെയും ജാതികളുടെയും കയ്യിൽനിന്ന് രക്ഷിക്കും* (അപ്പൊ. പ്രവ. 26:17 “ജനത്തിൻ്റെയും ജാതികളുടെയും കയ്യിൽനിന്നു ഞാൻ നിന്നെ രക്ഷിക്കും.”)
7) *കൊല്ലാൻ നോക്കുന്നവരുടെ കയ്യിൽനിന്നും, ചാകാൻ കാത്തിരിക്കുന്നവരുടെ / പ്രതീക്ഷിച്ചിരിക്കുന്നവരുടെ കയ്യിൽനിന്നും രക്ഷിക്കും* (അപ്പൊ. പ്രവ. 12:7.. “പത്രൊസിന്നു സുബോധം വന്നിട്ടു കർത്താവു തൻ്റെ ദൂതനെ അയച്ചു ഹെരോദാവിൻ്റെ കയ്യിൽനിന്നും യെഹൂദജനത്തിൻ്റെ സകല പ്രതീക്ഷിയിൽനിന്നും എന്നെ വിടുവിച്ചു എന്നു ഞാൻ ഇപ്പോൾ വാസ്തവമായി അറിയുന്നു എന്നു അവൻ പറഞ്ഞു.”)
ഒരു ദൈവപൈതലിനെ തകർത്തുകളയുവാൻ തക്കംപാർത്തിരിക്കുന്ന ഇതുപോലുള്ള നിരവധി കൈകൾ നമുക്കു ചുറ്റുമുണ്ടാകാം. എന്നാൽ അതുകണ്ടൊന്നും നമ്മൾ ഭാരപ്പെടേണ്ടതില്ല. അവയിൽനിന്നെല്ലാം നമ്മെ രക്ഷിക്കാൻ കർത്താവ് നമ്മുടെ വലത്തുഭാഗത്തുണ്ട്. സ്തോത്രം !
ദാവീദ് രാജാവ് തൻ്റെ ജീവിതത്തിൽ ശീലമാക്കിയ ഒരു കാര്യം, ഈ വചനഭാഗത്തും ആവർത്തിച്ച് പറയുന്നുണ്ട് (സങ്കീ. 109: 30 “ഞാൻ എൻ്റെ വായ്കൊണ്ടു യഹോവയെ അത്യന്തം സ്തുതിക്കും; അതേ, ഞാൻ പുരുഷാരത്തിൻ്റെ നടുവിൽ അവനെ പുകഴ്ത്തും.”)
ജീവിതത്തിൻ്റെ എല്ലാ നാളുകളിലും കർത്താവിനെ വാഴ്ത്തി സ്തുതിച്ചുകൊണ്ടിരുന്നാൽ മതി, അപ്പോൾ അവിടുന്ന് നമ്മുടെ വലത്തുഭാഗത്തു നിന്നുകൊണ്ട് ..വിധിക്കുന്നവരുടെ കയ്യിൽനിന്നും നമ്മെ രക്ഷിക്കും. (വാക്യം 31). ഓർക്കുക, മുപ്പതാമത്തെ വാക്യം കഴിഞ്ഞിട്ടേ മുപ്പത്തൊന്നാമത്തെ വാക്യം ഉള്ളൂ. കർത്താവിനെ വാഴ്ത്തിയും സ്തുതിച്ചും ആരാധിച്ചും ജീവിക്കുന്നവരേ അവരുടെ വലത്തുഭാഗത്തു നിന്നുകൊണ്ട് കർത്താവ് അവർക്കുവേണ്ടി ഇടപെടുന്നത് കാണുകയുള്ളൂ.
യോഹ. 10:28,29
“ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എൻ്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല. അവയെ തന്നിരിക്കുന്ന എൻ്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിൻ്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല”
കർത്താവിൻ്റെ ആടുകൾ ആ നല്ല ഇടയൻ്റെ കരങ്ങളിൽ സുരക്ഷിതരാണ്. അതുകൊണ്ട് വേറെ ഒരു കരങ്ങൾക്കും അവരെ തകർക്കാൻ കഴിയില്ല. *ആമേൻ*.
ഒരു നല്ലദിനം ആശംസിച്ചുകൊണ്ട്,
മധ്യപ്രദേശിൽനിന്നും
ഷൈജു പാസ്റ്റർ
(9424400654)