“…ഞാന്‍ നിന്‍റെ കൈ പിടിച്ചു നിന്നെ കാക്കും…”

January-2021

ഭയപ്പെടേണ്ട ഞാന്‍ കൂടെ ഉണ്ട്, ഒരാവശ്യം വന്നാല്‍ എന്നെ വിളിച്ചാല്‍ മതി, ഞാന്‍ ഓടി എത്തിക്കൊള്ളാം, വിഷമിക്കണ്ട ഞാന്‍ സഹായിക്കാം, പേടിക്കണ്ട ഞാന്‍ നോക്കിക്കൊള്ളാം….


ഭയപ്പെടേണ്ട ഞാന്‍ കൂടെ ഉണ്ട്, ഒരാവശ്യം വന്നാല്‍ എന്നെ വിളിച്ചാല്‍ മതി, ഞാന്‍ ഓടി എത്തിക്കൊള്ളാം, വിഷമിക്കണ്ട ഞാന്‍ സഹായിക്കാം, പേടിക്കണ്ട ഞാന്‍ നോക്കിക്കൊള്ളാം….

ഈ കോവിഡിന്‍റെ കാലത്ത് ഏതൊരു വ്യക്തിയും കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്ന ചില വാക്കുകളാണ് ഇവയെല്ലാം, കഴിഞ്ഞ ചില നാളുകളായി വടക്കെ ഇന്‍ഡ്യയിലെ ചില സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ അറിയുവാനും, ഭോപ്പാലില്‍ ഞങ്ങള്‍ നേരിട്ട് കാണുവാനും ഇടയായ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ വാസ്തവമായ ഒരു കാര്യം ഞാന്‍ പറയട്ടെ, ഈ സമയത്ത് ഇതുപോലുള്ള സാന്ത്വന വാക്കുകളൊന്നും ആരില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. കാരണം, ഇന്ന് ഇവിടെ എല്ലാവരും അവരവരുടെ ജീവരക്ഷയ്ക്കുള്ള തത്രപ്പാടിലാണ്.

എന്നാല്‍ 85 വയസ്സു പ്രായമുണ്ടായിരുന്ന ‘നാരായണ്‍ ദബല്‍ക്കര്‍’ പോലുള്ള അപൂര്‍വ്വം ചിലരും ഉണ്ട്, ഇന്നത്തെ (29/04/21,Times of India, M.P) പത്രത്തിന്‍റെ ഒന്നാംപേജില്‍ ദബല്‍ക്കര്‍ ചെയ്ത കാര്യം എഴുതിയിട്ടുണ്ട്; പ്രാണവായുവിനുവേണ്ടി പിടയുന്ന, കോവിഡ് പോസിറ്റീവായ ഒരു യൗവ്വനക്കാരനെകണ്ട്, തന്‍റെ ഓക്സിജന്‍ മാസ്ക് ഊരി ആ യൗവ്വനക്കാരനു നല്‍കി ദബല്‍ക്കര്‍ എന്ന മനുഷ്യസ്നേഹി സ്വയം മരണത്തിന് കീഴടങ്ങി.
എത്ര പേര്‍ ഇതിന് തയ്യാറാകും ?

മറ്റൊരാശുപത്രിയില്‍ നടന്നത് ഇതിനു വിപരീതമായ ഒന്നാണ്; അത്യാസന്ന നിലയില്‍ കഴിഞ്ഞിരുന്ന ഒരു കോവിഡ് രോഗിയെ CT സ്കാനിനുകൊണ്ടുപോയി തിരിച്ചുവന്നപ്പോള്‍ കാണുന്നത്, മറ്റൊരു രോഗി അയാളുടെ കിടക്കയില്‍ കിടന്ന് ഓക്സിജന്‍ ശ്വസിക്കുന്നതാണ്, പിന്നീടു നടന്നത്, ഒരു ഓക്സിജന്‍ കിടക്കയ്ക്കുവേണ്ടിയുള്ള പൊരിഞ്ഞ വഴക്കായിരുന്നു.

ഇതാണ് ഇന്നത്തെ ലോകത്തിന്‍റെ അവസ്ഥ !
ഏതു കാലത്തും, ഏതു നേരത്തും നമ്മെ കൈവിടാതെ, ‘ഭയപ്പെടേണ്ട ഞാന്‍ കൂടെ ഉണ്ട്, ഞാന്‍ നിന്‍റെ കൈപിടിച്ചു നിന്നെ കാക്കും’ എന്ന ആശ്വാസവാക്കുകള്‍ പറഞ്ഞ് നമ്മുടെ കൂടെയിരിക്കുവാന്‍ കര്‍ത്താവ് മാത്രമേ നമുക്കുണ്ടാകുകയുള്ളൂ.

കര്‍ത്താവ് അറിയാതെ, അനുവദിക്കാതെ നമ്മുടെ ജീവിതത്തില്‍ ഒന്നും സംഭവിക്കുന്നില്ല, ഒരു മുടിപോലും നശിച്ചുപോകയുമില്ല, (ലൂക്കൊസ് 21:18). ഈ വെളിപ്പാട് ശരിയായി ഗ്രഹിക്കാതിരിക്കുന്നവരാണ് തങ്ങളുടെ ജീവിതത്തില്‍ എന്നും വിചാരപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഒരിക്കല്‍ ഒരു കൂടുകൂട്ടാന്‍ വൃക്ഷത്തിന്‍റെ ശിഖിരം തേടിനടന്ന ഒരു പക്ഷിയെക്കുറിച്ചുള്ള ഭാവന ഞാന്‍ കേട്ടിട്ടുണ്ട്. പുഴയരുകില്‍ നിന്നിരുന്ന ഒരു വൃക്ഷത്തോട് അതിന്‍റെ കൊമ്പില്‍ കൂടുകൂട്ടാന്‍ പക്ഷി അനുവാദം ചോദിച്ചെങ്കിലും ആ മരം അതിനു സമ്മതിച്ചില്ല. അല്‍പ്പം ഈര്‍ഷ്യയോടുകൂടെ പക്ഷി അടുത്ത മരത്തിലേക്ക് പറന്നുപോയി. ആ മരത്തോട് അനുവാദം ചോദിച്ചപ്പോള്‍ അതു സമ്മതിച്ചു. പക്ഷി ഉടനെതന്നെ കൂടുണ്ടാക്കുവാന്‍ ആരംഭിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഉറപ്പുള്ള കൂടുണ്ടാക്കി അതില്‍ മുട്ടയിട്ടു. മുട്ടയില്‍ നിന്ന് പക്ഷി കുഞ്ഞുങ്ങള്‍ വിരിഞ്ഞ ദിവസം ഒരു പെരു മഴ പെയ്തു. പുഴയില്‍ വെള്ളം പൊങ്ങി, ശക്തമായ കുത്തൊഴുക്കില്‍ ആദ്യത്തെ മരം കടപൊഴുകി പുഴയില്‍ പതിച്ചു. അതിന്‍റെ വീഴ്ചകണ്ട പക്ഷി, തന്നെ കൂടുകൂട്ടാന്‍ അനുവദിക്കാത്ത അഹങ്കാരത്തിന് കിട്ടിയ ശിക്ഷയാണ് എന്നുപറഞ്ഞ് അതിനെ പരിഹസിച്ചു. അതുകേട്ട ആ മരം പക്ഷിയോട് ഉത്തരം പറഞ്ഞത്, അല്ലയോ പക്ഷി, നീ കൂടുകൂട്ടാന്‍ അനുവാദം ചോദിച്ച ദിവസം ഈ മഴയും എന്‍റെ വീഴ്ചയും ഞാന്‍ മുന്‍കൂട്ടി കണ്ടിരുന്നു. എന്‍റെ വേരുകള്‍ക്ക് ഉറപ്പില്ലാതിരുന്നതുകൊണ്ടാണ് എന്‍റെ ചില്ലയില്‍ ഞാന്‍ നിന്നെ കൂടുകൂട്ടാന്‍ അനുവദിക്കാതിരുന്നത്, ഇത്രയും പറഞ്ഞ് ആ മരം ഒഴുകിപ്പോയി

കര്‍ത്താവ് നമ്മുടെ ജീവിതത്തില്‍ എടുക്കുന്ന ഏതു തീരുമാനവും, ചെയ്യുന്ന ഏതു പ്രവര്‍ത്തിയും നമ്മുടെ നല്ല നാളെയെ കണ്ടുകൊണ്ടാണ്. അതുകൊണ്ട് അവയൊന്നും വ്യര്‍ത്ഥമാകയില്ല, ഒരിക്കലും അതു തിന്മയായി ഭവിക്കയുമില്ല.
റോമര്‍ 8:28

“എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു ..”
സദൃശ്യ. 19:21

“മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ടു; യഹോവയുടെ ആലോചനയോ നിവൃത്തിയാകും”
യെശ. 55:8,9

“എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു”

നമ്മുടെ ജീവിതത്തില്‍ പരീക്ഷകളും ശോധനകളും കടന്നു വരുമ്പോള്‍, കഷ്ടങ്ങളും നഷ്ടങ്ങളും വേദനകളും ഉണ്ടാകുമ്പോള്‍, രോഗങ്ങളും ദുരിതങ്ങളും നേരിടുമ്പോള്‍, നമ്മുടെ കര്‍ത്താവിന്‍റെ ശക്തിയിലും സാമര്‍ത്ഥ്യത്തിലും സംശയിക്കാതിരിക്കുക. അവിടുത്തെ ആലോചനയെയും ഹൃദയ വിചാരങ്ങളെയും മാനിക്ക, ദൈവമഹത്വം നമ്മില്‍ വെളിപ്പെടുവാനുള്ള നാളുകള്‍ അടുത്തിരിക്കുന്നത് തിരിച്ചറിഞ്ഞ് കര്‍ത്താവിനെ സ്തുതിച്ച് ആരാധിക്കുക. ദാനിയേലിനുവേണ്ടി സിംഹക്കുഴിയില്‍ ഇറങ്ങിച്ചെല്ലുകയും, തീച്ചൂളയില്‍ നാലാമനായി വെളിപ്പെടുകയും ചെയ്ത, “ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു:
യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും..” (യെശ 42:5,7)

ഈ വിശുദ്ധ വചനം വിശ്വാസയോഗ്യമാകുന്നു, ഈ മഹാമാരിയിലും കര്‍ത്താവ് നമ്മെ കാത്തുകൊള്ളും,
പ്രാര്‍ത്ഥനയോടെ,
ദൈവദാസന്‍ ഷൈജു ജോണ്‍
(വചനമാരി,ഭോപ്പാല്‍ 9424400654)

Tags : #motivation
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”