യെഹൂദാ രാജാവായ യോശീയാവിനെക്കുറിച്ചാണല്ലോ തിരുവചനത്തിൽനിന്ന് നമ്മൾ ധ്യാനിച്ചുകൊണ്ടിരിക്കുന്നത്. ദൈവീക വിഷയങ്ങളിൽ അദ്ദേഹം എത്രമാത്രം തീക്ഷ്ണതയുള്ളവനായിരുന്നു എന്ന് നമ്മൾ കണ്ടുകഴിഞ്ഞു. ഒരിക്കൽ യോശീയാവ് സകല ജനത്തെയും യഹോവയുടെ ആലയത്തിലേക്ക് വിളിച്ചുവരുത്തി, യഹോവയുടെ പ്രമാണങ്ങൾ അവരെ വായിച്ചുകേൾപ്പിച്ചു, ആ പ്രമാണങ്ങൾക്ക് വിപരീതമായിട്ടാണ് അവർ ജീവിക്കുന്നത് എന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്തി. ദൈവസന്നിധിയിലേക്ക് മടങ്ങി വരുവാൻ അവരെ ഉൽസാഹപ്പെടുത്തി, എന്നിട്ട് അവരോടൊപ്പം നിന്നുകൊണ്ട് ദൈവത്തോട് ഒരു ഉടമ്പടി ചെയ്തു. 2 രാജാ. 23:3
“..യഹോവയെ അനുസരിച്ചുനടക്കയും അവൻ്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സാേടുംകൂടെ പ്രമാണിക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിൻ്റെ വാക്യങ്ങൾ നിവർത്തിക്കയും ചെയ്യാമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു..”
വെറുതെ ഒരു ഉടമ്പടി ചെയ്യുക മാത്രമല്ല, അക്ഷരംപ്രതി അവൻ അതു പാലിക്കുവാനും തുടങ്ങി. പൂജാഗിരികളെയും ബാലിന്നും സൂര്യന്നും ചന്ദ്രന്നും ഗ്രഹങ്ങൾക്കും ആകാശത്തിലെ സർവ്വസൈന്യത്തിന്നും ധൂപം കാട്ടിയവരെയും എല്ലാം ദേശത്തുനിന്ന് അവൻ നീക്കിക്കളഞ്ഞു. അശേരാപ്രതിഷ്ഠയെ കിദ്രോൻ തോട്ടിങ്കൽവെച്ച് ചുട്ടുപൊടിയാക്കി. അശ്വബിംബങ്ങളെ അവൻ നീക്കി, സൂര്യരഥങ്ങളെ തീയിലിട്ടു ചുട്ടുകളഞ്ഞു. വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും ഗൃഹബിംബങ്ങളെയും മറ്റുവിഗ്രഹങ്ങളെയും യെഹൂദാദേശത്തും യെരൂശലേമിലും കണ്ട സകലമ്ളേച്ഛതകളെയും അശേഷം നശിപ്പിച്ചുകളഞ്ഞു...
ദൈവസന്നിധിയിൽ താൻ എടുത്ത ഉടമ്പടിയോട് നൂറുശതമാനം നീതിപുലർത്തുവാൻ യോശീയാരാജാവ് അക്ഷീണം പ്രയത്നം ചെയ്തു.
ദൈവസന്നിധിയിൽ നമ്മൾ എടുക്കുന്ന ഉടമ്പടികളിൽ വിശ്വസ്തരായിരിക്കുവാൻ, ചിലപ്പോൾ വലിയ വിലകൊടുക്കേണ്ടി വന്നേക്കാം എന്നാൽ അതിൽ ഉറച്ചുനിൽക്കുവാൻ മനസ്സുണ്ടായാൽ മതി കർത്താവ് നമുക്ക് കൃപനൽകും.
കഴിഞ്ഞ ദിവസം ഒരു സഹോദരൻ എന്നോട് ഫോണിൽ സംസാരിക്കുകയായിരുന്നു, അദ്ദേഹത്തിൻ്റെ സഭയിൽ കഴിഞ്ഞ മൂന്നുദിവസമായി നടന്ന ഉപവാസ പ്രാർത്ഥനകളിൽ ഒരു ദിവസംപോലും തനിക്ക് സംബന്ധിക്കുവാൻ കഴിഞ്ഞില്ല എന്നു പറഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തോട് കാരണം തിരക്കി. തന്റെ ഓഫീസ് വിഷയമായി ഒരു മീറ്റിംഗിന് പോയിരിക്കുകയായിരുന്നു, ടൂറിലായിരുന്നതുകൊണ്ടാണ് പങ്കെടുക്കാൻ കഴിയാതിരുന്നത് എന്നു പറഞ്ഞതു കേട്ടപ്പോൾ എനിക്കു സംശയംതോന്നി. ചില മാസങ്ങൾക്കുമുമ്പ് ജോലിയില്ലാതെ ഭാരപ്പെട്ടിരുന്ന അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിച്ചതും പിന്നീട് ഒരു പ്രൈവറ്റ് ധനകാര്യസ്ഥാപനത്തിൽ നല്ല ഒരു ജോലി ലഭിക്കുവാനിടയായതും ഞാൻ ഓർത്തു. ദു:ഖവെള്ളിയാഴ്ചയും ഈസ്റ്റർ ദിനത്തിലും ഒക്കെ ഓഫീസിൽ എന്തു മീറ്റിംഗായിരുന്നു എന്ന് ഞാൻ ചോദിച്ചപ്പോൾ, ആ സഹോദരൻ സത്യം പറഞ്ഞു. മാർച്ച് മുപ്പത്തൊന്നാംതിയ്യതിയിലെ വാർഷിക ക്ലോസ്സിംഗിനുശേഷം ഞങ്ങളുടെ ധനകാര്യസ്ഥാപനം സ്റ്റാഫിനെല്ലാംവേണ്ടി ഒരു റിസോർട്ടിൽ മൂന്നുദിവസത്തെ പാർട്ടി നടത്തിയിരുന്നു അതിനുപോയതാണ്. അവിടെ മദ്യപാനം ഒക്കെ ഉണ്ടായിരുന്നു പക്ഷേ ഞാൻ ആ ഭാഗത്തേക്ക് നോക്കിയില്ല.
തനിക്ക് ജോലി കിട്ടിയപ്പോൾ എന്നോട് പറഞ്ഞ കാര്യങ്ങൾ ഞാൻ ഓർത്തു. കർത്താവിനോട് നന്ദിയുള്ളവനായി ഞാൻ ജീവിക്കും, ആരാധനയും മീറ്റിംഗുകളുമൊന്നും ഞാൻ മുടക്കില്ല,.. ഈ തീരുമാനങ്ങളൊക്കെ എവിടെപ്പോയി. കർത്താവിൻ്റെ കഷ്ടാനുഭവങ്ങളെയും ക്രൂശുമരണത്തെയും ധ്യാനിച്ചുകൊണ്ട് സഭയിൽ ഉപവാസപ്രാർത്ഥന നടക്കുമ്പോൾ, ഡാൻസും പാർട്ടിയുമായി കൂട്ടുകാരോടൊത്ത് ആഘോഷിക്കുന്നവർക്ക് എന്ത് ഉടമ്പടി.
യോശീയാരാജാവിൻ്റെ ഉടമ്പടിയും തീരുമാനങ്ങളും അചഞ്ചലമായിരുന്നു. ദൈവത്തിന് അശുദ്ധമായ ഒന്നിനോടും ജീവിതത്തിൽ അവൻ വിട്ടുവീഴ്ചചെയ്തില്ല. എന്നിട്ടും ഒരു അനുസരണക്കേട് കാണിച്ചപ്പോൾ അവന് തൻ്റെ ജീവൻ നഷ്ടപ്പെടേണ്ടി വന്നു എന്നോർക്കുമ്പോൾ, നാം എത്ര ഭയപ്പെടേണം. 2 ദിനവൃ. 35:20..
“..മിസ്രയീംരാജാവായ നെഖോ ഫ്രാത്തിന്നു സമീപത്തുള്ള കക്കെമീശ് ആക്രമിപ്പാൻ പോകുമ്പോൾ യോശീയാവു അവൻ്റെ നേരെ പുറപ്പെട്ടു. എന്നാൽ അവൻ അവൻ്റെ അടുക്കൽ ദൂതന്മാരെ അയച്ചു: യെഹൂദാരാജാവേ, എനിക്കും നിനക്കും തമ്മിൽ എന്തു? ഞാൻ ഇന്നു നിൻ്റെ നേരെ അല്ല, എനിക്കു യുദ്ധമുള്ള ഗൃഹത്തിൻ്റെ നേരെയത്രേ പുറപ്പെട്ടിരിക്കുന്നതു; ദൈവം എന്നോടു ബദ്ധപ്പെടുവാൻ കല്പിച്ചിരിക്കുന്നു; എൻ്റെ പക്ഷത്തിലുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു അവനോടു ഇടപെടരുതു എന്നു പറയിച്ചു. എങ്കിലും യോശീയാവു വിട്ടുതിരിയാതെ അവനോടു യുദ്ധം ചെയ്യേണ്ടതിന്നു വേഷംമാറി; നെഖോ പറഞ്ഞ ദൈവവചനങ്ങളെ കേൾക്കാതെ അവൻ മെഗിദ്ദോതാഴ്വരയിൽ യുദ്ധം ചെയ്വാൻ ചെന്നു. വില്ലാളികൾ യോശീയാരാജാവിനെ എയ്തു; രാജാവു തന്റെ ഭൃത്യന്മാരോടു: എന്നെ കൊണ്ടുപോകുവിൻ; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവന്റെ ഭൃത്യന്മാർ അവനെ രഥത്തിൽനിന്നിറക്കി അവൻ്റെ രണ്ടാം രഥത്തിൽ ആക്കി യെരൂശലേമിൽ കൊണ്ടുവന്നു; അവൻ മരിച്ചു;..”
തന്നെ ആക്രമിക്കാൻ വന്നവരെ നേരിട്ടപ്പോഴല്ല, അടുത്തുള്ളവരുമായി യുദ്ധത്തിനുപോയ നെഖോയുടെനേരെ, ദൈവത്തോട് ആലോചന ചോദിക്കാതെ ചാടിപുറപ്പെട്ടതുകൊണ്ടാണ് അവൻ അമ്പേറ്റ് മരിച്ചത്. വഴിയേപോയ വയ്യാവേലി ചാടിപിടിച്ച് പണിമേടിച്ചു. യോശീയാവ് വഴക്കിന് വരുന്നതുകണ്ടപ്പോൾ നെഖോ അവനോട് അപേക്ഷിച്ചു പറഞ്ഞതാ; ദയവായി മടങ്ങിപ്പോ, ഞാനും നീയുമായി ഒരു വഴക്കുമില്ല, എനിക്കു നിന്നോട് യുദ്ധം ചെയ്യേണ്ട. ആരു കേൾക്കാൻ ?
ചില ആളുകൾ ഇങ്ങനെയാണ്, അവരെക്കുറിച്ച് പറയാൻ ഒത്തിരി നല്ല കാര്യങ്ങളുണ്ടാകും, ദൈവഭക്തനും പരോപകാരിയും ഒക്കെ ആയിരിക്കും. പക്ഷേ പലകാര്യങ്ങൾക്കും മുമ്പും പിമ്പും നോക്കാതെ ചാടിപുറപ്പെടും, അവസാനം നിലയില്ലാകയത്തിലേക്ക് എടുത്തു ചാടിയിട്ട് നീന്തലറിയാതെ കാലിട്ടടിച്ചാൽ വല്ല പ്രയോജനവുമുണ്ടോ?
ഈ കാര്യത്തിന് ദൈവം യോശീയാവിനെ ശിക്ഷിക്കേണ്ടിയിരുന്നോ ? ദൈവത്തിനുവേണ്ടി ഇത്രയൊക്കെ ചെയ്തതല്ലായിരുന്നോ ? ഒരു അനുസരണക്കേടല്ലേ ക്ഷമിക്കാമായിരുന്നില്ലേ ? ഈ ചോദ്യങ്ങൾക്കൊന്നും പ്രസക്തിയില്ല. കഴിഞ്ഞ ദിവസങ്ങൾ ചെയ്ത കാര്യങ്ങളല്ല, ഇന്നത്തെ ജീവിതവും സമർപ്പണവുമാണ് ദൈവം വിലയിരുത്തുന്നത് എന്ന പാഠമാണ് യോശീയാവിൻ്റെ ജീവിതം നമ്മളെ പഠിപ്പിക്കുന്നത്.
*കുറിപ്പ്:* നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Mob: 7898211849, 9589741414, 7000477047, Ph: 0755 4297672