വ്യത്യസ്തമായ സ്വഭാവംകൊണ്ടും ജീവത ശൈലികൾകൊണ്ടും വേദപുസ്തകത്തിൽ ശ്രദ്ധേയരായ ചില വ്യക്തികളുടെ ചരിത്രമാണല്ലോ തിരുവചനത്തിൽനിന്ന് നമ്മൾ ധ്യാനിച്ചുകൊണ്ടിരിക്കുന്നത്. ഇരുപത്തിരണ്ടാം വയസ്സിൽ യെഹൂദാരാജാവാകുവാനുള്ള ഭാഗ്യം ലഭിച്ചിട്ടും ദുർമാർഗ്ഗങ്ങളിലൂടെ സഞ്ചരിച്ച് ദൈവം നൽകിയ അവസരങ്ങളും സൗഭാഗ്യങ്ങളും നഷ്ടപ്പെടുത്തിയ അഹസ്യാവിൻ്റെ ജീവിതത്തെക്കുറിച്ചും അവൻ്റെ വീഴ്ചയ്ക്ക് കാരണമായ സാഹചര്യങ്ങളെക്കുറിച്ചും കഴിഞ്ഞ ദിവസം നമ്മൾ ധ്യാനിച്ചുവല്ലോ.
വെറും എട്ടുവയസ്സുമാത്രം പ്രായമുള്ളപ്പോൾ യെഹൂദാദേശത്തിൻ്റെ രാജാവായിമാറിയ, ലോകത്തിലെതന്നെ ഏറ്റവും പ്രായംകുറഞ്ഞ രാജാവ് എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരു യെഹൂദാരാജാവിൻ്റെ തങ്കലിപികളിലെഴുതിയ ചരിത്രമാണ് തിരുവചനത്തിൽനിന്ന് ഇന്നു നമ്മൾ ധ്യാനിക്കുവാൻ തിരഞ്ഞെടുത്തിരിക്കുന്നത്. ദൈവത്തോടുള്ള നിസ്സീമമായ ഭക്തിയും തിരുവചനപ്രമാണങ്ങളോടുള്ള ആത്മാർത്ഥസ്നേഹവും അവൻ്റെ പേര് യേശുക്രിസ്തുവിൻ്റെ വംശാവലിപട്ടികയിൽവരെ ചേർക്കപ്പെടുവാൻ കാരണമായിത്തീർന്നു. ഇദ്ദേഹം ദൈവത്തിന് എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു എന്നു മനസ്സിലാക്കുവാൻ ഈ രാജാവിനെക്കുറിച്ച് തിരുവചനത്തിൽ പരിശുദ്ധാത്മാവ് സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഒരു വാക്യംമാത്രം വായിച്ചാൽ മതിയാകും; 2 രാജാ. 23:25
“അവനെപ്പോലെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണമനസ്സാേടും പൂർണ്ണശക്തിയോടും കൂടെ മോശെയുടെ ന്യായപ്രമാണ പ്രകാരമൊക്കെയും യഹോവയിങ്കലേക്കു തിരിഞ്ഞ ഒരു രാജാവു മുമ്പുണ്ടായിട്ടില്ല, പിമ്പു ഒരുത്തൻ എഴുന്നേറ്റിട്ടുമില്ല.”
നന്നേ ചെറുപ്പത്തിൽതന്നെ രാജാവിൻ്റെ പദവിയും സകല അധികാരങ്ങളും തനിക്ക് ലഭിച്ചിട്ടും, അവയുടെ മത്തിലും തിളക്കത്തിലുമൊന്നും വീണുപോകാതെ, യഹോവയുടെ വഴികളിൽ നടക്കുവാൻ മനസ്സുവെച്ച യോശീയാരാജാവിൻ്റെ ചരിത്രം വേദപുസ്തകത്താളുകളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നതിൻ്റെ ഒരു കാരണം, ഇന്നത്തെ തലമുറയും ആ രാജാവിൻ്റെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്, പാപത്തിൻ്റെ പ്രലോഭനങ്ങളിൽ പെട്ടുപോകാതെ, കർത്താവിൻ്റെ വഴികളിൽ നടക്കേണ്ടതിനുവേണ്ടിയാണ്.
തൻ്റെ ഇരുപത്താറാം വയസ്സിൽ, ചോരതിളപ്പിൻ്റെ പ്രായത്തിലും യഹോവയുടെ ആലയത്തെക്കുറിച്ചുള്ള ചിന്തയും കരുതലും യോശീയാവിനുണ്ടായതുകൊണ്ടാണ്, ദൈവാലയത്തിൻ്റെ അറ്റകുറ്റങ്ങൾ തീർക്കേണ്ടതിനും ആലയം മനോഹരമാക്കേണ്ടതിനും വേണ്ടി ധാരാളം ദ്രവ്യം അവൻ ആലയത്തിനു നൽകിയത് (2 രാജാ. 22:3..). അതുകൊണ്ടാണ് യോശീയാരാജാവ് ‘തൻ്റെ പിതാവായ ദാവീദിൻ്റെ വഴിയിലൊക്കെയും വലത്തോട്ടും ഇടത്തോട്ടും മാറാതെ നടന്നു’ എന്നു എഴുതിയിരിക്കുന്നത്.
ദാവീദിൻ്റെ വഴി അഥവാ ദാവീദും ദൈവാലയവും തമ്മിലുള്ള ബന്ധമെന്തായിരുന്നു എന്ന് ദാവീദിൻ്റെ സങ്കീർത്തനങ്ങളിൽ നമ്മൾ വായിക്കുന്നുണ്ടല്ലോ.
യഹോവേ, നിൻ്റെ ആലയമായ വാസസ്ഥലവും നിൻ്റെ മഹത്വത്തിൻ്റെ നിവാസവും എനിക്കു പ്രിയമാകുന്നു. (സങ്കീ. 26:8)
ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവൻ്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എൻ്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ. (സങ്കീ. 27:4)
നിൻ്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു… (സങ്കീർ. 69:9)
ഞാനോ, നിൻ്റെ കൃപയുടെ ബഹുത്വത്താൽ നിൻ്റെ ആലയത്തിലേക്കു ചെന്നു നിൻ്റെ വിശുദ്ധമന്ദിരത്തിന്നു നേരെ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും. (സങ്കീർ. 5:7)
നന്മയും കരുണയും എൻ്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും (സങ്കീർ. 23:6)
ഞാനോ, ദൈവത്തിൻ്റെ ആലയത്തിങ്കൽ തഴെച്ചിരിക്കുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു; ഞാൻ ദൈവത്തിൻ്റെ ദയയിൽ എന്നും എന്നേക്കും ആശ്രയിക്കുന്നു. (സങ്കീർ. 52:8)
യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. (സങ്കീർ. 122:1)
ദാവീദിന് ദൈവാലയത്തെക്കുറിച്ചുള്ള സ്നേഹവും കരുതലും ഭയഭക്തിയും വെളിപ്പെടുത്തുന്ന നിരവധി വാക്യങ്ങൾ ഇനിയും ദാവീദിൻ്റെ സങ്കീർത്തനങ്ങളിൽനിന്നുമാത്രം എഴുതുവാൻ കഴിയും, ദാവീദിൻ്റെ ഈ വഴികളിലാണ് യോശീയാരാജാവും നടന്നത്. അതുകണ്ട സ്വർഗ്ഗത്തിലെ ദൈവം യോശീയാവിൽ പ്രസാദിച്ചു. യൗവ്വനക്കാരായ / ഇന്നത്തെ തലമുറയ്ക്ക് ദൈവാലയത്തോട്, ദൈവീക വിഷയങ്ങളിൽ ഈ എരിവുണ്ടോ ? അവരുടെ മാതാപിതാക്കളിൽനിന്ന് അവർക്കത് പകർന്നുകിട്ടുന്നുണ്ടോ ? എന്ന് ആത്മാർത്ഥമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
യോശീയാവിനെക്കുറിച്ചുള്ള ഈ ധ്യാനസന്ദേശത്തിൻ്റെ ബാക്കി ഭാഗം അടുത്ത ദിവസം എഴുതാം
ഒരു നല്ലദിനം ആശംസിച്ചുകൊണ്ട്
പ്രാർത്ഥനയോടെ,
മധ്യപ്രദേശിൽനിന്നും
ഷൈജു പാസ്റ്റർ (9424400654)
*കുറിപ്പ്:* നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Mob: 9589741414, 7000477047, Ph: 0755 4297672


