പുതുമാസസന്ദേശം (April 2026)

March-2026

 ഈ വചനഭാഗം ധ്യാനിച്ചപ്പോൾ എൻ്റെ ഹൃദയത്തിൽ ഉദിച്ച ഒരു ചോദ്യം; അന്നത്തെ ദിവസം അഹസ്യാവ് യോരാമിനെ സന്ദർശിക്കാൻ പോകാതെ, തൻ്റെ തെറ്റുകളിൽ പശ്ചാത്തപിച്ചുകൊണ്ട് യഹോവയുടെ ആലയത്തിലേക്ക് പോയിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു. യോരാമിൻ്റെ കൂടെ ശത്രുക്കളുടെ വാളിൻ്റെ വായ്ത്തലയ്ക്ക് താൻ ഇരയാകുമായിരുന്നില്ല. അതുകൊണ്ട് വേണ്ടാത്ത സ്ഥലത്ത്, വേണ്ടാത്ത സമയത്തുചെന്ന്, വേണ്ടാത്ത കാര്യത്തിൽ ഇടപെടുന്നതിനു പകരം, ദൈവസന്നിധിയിൽ ഇരിക്ക.


എല്ലാപ്രിയപ്പെട്ടവർക്കും സ്വർഗ്ഗീയാനുഗ്രഹങ്ങൾനിറഞ്ഞ ഒരു പുതിയമാസം ആശംസിക്കുന്നു !
     ഈ മാസത്തേക്കുവേണ്ട ദൈവീകാലോചനയ്ക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ, ദൈവാത്മാവ് എന്നെ ഏൽപ്പിച്ച ഒരു സന്ദേശമാണ് ഇവിടെ കുറിക്കുന്നത്. ഈ ധ്യാനചിന്തകൾ എല്ലാവർക്കും അനുഗ്രഹമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
     വേദപുസ്തകത്തിൽ പ്രത്യേകിച്ചും പഴയനിയമത്തിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്ന ചരിത്രങ്ങളും സംഭവങ്ങളും, ആളുകളുടെ ജീവിതാനുഭവങ്ങളും ഒക്കെ വായിക്കുന്നതും പഠിക്കുന്നതും, ദൈവമക്കളായ നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മൾ അഭിമുഖീകരിക്കുന്ന പല പരീക്ഷകളും ശോധനകളും തരണം ചെയ്യുന്നതിന് നമ്മെ സഹായിക്കുന്നവയാണ്. അപ്രകാരമുള്ള സംഭവങ്ങൾ വചനമാരി ധ്യാനസന്ദേശങ്ങളിൽ ഉൾപ്പെടുത്തുന്നത് അനേകരുടെ നന്മയ്ക്ക് കാരണമാകുന്നുണ്ട് എന്നറിയുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.
     അതുപോലുള്ള ഒരു സംഭവമാണ് 2 രാജാ. 8:29 വചനഭാഗത്ത് നമ്മൾ വായിക്കുന്നത്;
“ആഹാബിൻ്റെ മകനായ യോരാം രോഗിയാകകൊണ്ടു യെഹൂദാരാജാവായ യെഹോരാമിൻ്റെ മകൻ അഹസ്യാവു യിസ്രെയേലിൽ അവനെ കാണ്മാൻ ചെ..ന്നു”
      ഈ വാക്യത്തിൻ്റെ സാഹചര്യം നമ്മൾ പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്, അരാംരാജാവായ ഹസായേലുമായുണ്ടായ യുദ്ധത്തിൽ സാരമായി മുറിവേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യോരാംരാജാവിനെ സന്ദർശിക്കാൻ യെഹൂദാരാജാവായ അഹസ്യാവ് യിസ്രെയേലിൽ ചെന്നു എന്നാണ്. എന്നാൽ ആ സന്ദർശനം പാടില്ലാത്തതും ദൈവത്തിന് ഇഷ്ടമല്ലാത്തതുമായിരുന്നു എന്ന് 2 ദിനവൃത്താ. 22:7 വചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് (“യോരാമിൻ്റെ അടുക്കൽ ചെന്നതു അഹസ്യാവിന്നു ദൈവഹിതത്താൽ നാശഹേതുവായി ഭവിച്ചു;..”).
     ചില ആളുകളുടെ ജീവിതത്തിൽ ഇങ്ങനെയാണ് പലപ്പോഴും പല കാര്യങ്ങളും സംഭവിക്കുന്നത്. നല്ലതാണ് എന്നു കരുതി ചെയ്യുന്ന ചില കാര്യങ്ങൾ, ഉപകാരപ്പെടും എന്നു കണക്കുകൂട്ടിയിരിക്കുന്ന ചില വിഷയങ്ങൾ, പ്രയോജനമാകും എന്നുകരുതി സൂക്ഷിച്ചുവെച്ചിരുന്നവ.. ഉപകാരപ്പെടുന്നില്ല എന്നു മാത്രമല്ല, അവ ദോഷമായിതീർന്നാൽ പിന്നെ എന്തു ചെയ്യും.
     വെളുക്കാൻതേച്ചത് പാണ്ടായി, ചക്കിനുവെച്ചത് കൊക്കിനും കൊണ്ടു എന്നൊക്കെയുള്ള പഴഞ്ചൊല്ലുപോലായി അഹസ്യാവിൻ്റെ കാര്യം. കാരണം, അന്നത്തെ ദിവസം അവിടെവെച്ച് യോരാമിൻ്റെകൂടെ അഹസ്യാവിനെക്കൂടെ ഒത്തുകിട്ടിയതുകൊണ്ട് അഹസ്യാവിനെയും ശിക്ഷിക്കുവാൻ ദൈവം തീരുമാനിച്ചു.
    രോഗിയായി കിടക്കുന്ന തൻ്റെ ബന്ധുവിനെ അഹസ്യാവ് സന്ദർശിച്ചതിൽ എന്താണ് തെറ്റ് ? ദൈവം യോരാമിനെ ശിക്ഷിക്കാൻ തീരുമാനിച്ചിരുന്ന ദിവസം അന്നാണ് എന്നറിയാതെയല്ലേ അഹസ്യാവ് അവിടെ ചെന്നത് ? അതുകൊണ്ട് യോരാമിനൊപ്പം അഹസ്യാവിനെക്കൂടെ ശിക്ഷിച്ചത് ശരിയായില്ല.. ഇതുപോലുള്ള നിരവധി ന്യായങ്ങൾ നിരത്താമെങ്കിലും അതൊന്നും ദൈവതീരുമാനത്തെ സ്വാധീനിക്കുവാൻ പര്യാപ്തമായിരുന്നില്ല, കാരണം;
*1) വെറും ഇരുപത്തിരണ്ടു വയസ്സുമാത്രം പ്രായമുണ്ടായിരുന്നപ്പോഴാണ് അഹസ്യാവിന് ദൈവം യെഹൂദാരാജാവാകുവാനുള്ള ഭാഗ്യം നൽകിയത്.* അത്രവലിയ പദവി ലഭിച്ചിട്ടും അവൻ ദൈവവഴിയിലൂടെ നടക്കാതെ, ആഹാബ്ഗൃഹം ചെയ്തതുപോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു (2 രാജാ. 8:27).
ദൈവം നൽകിയ അവസരങ്ങൾ അവൻ നഷ്ടപ്പെടുത്തി. ജനത്തെ വിഗ്രഹാരാധനയിലേക്കു നയിച്ചു. അതുകൊണ്ടാണ് ദൈവം അവനെ ശിക്ഷിക്കുവാൻ തീരുമാനിച്ചത്.

*2) ദൈവം തള്ളിക്കളഞ്ഞവരുമായി അവൻ കൂട്ടുകൂടി* (ആഹാബ്ഗൃഹത്തിൻ്റെ കൂട്ടുപിടിച്ചു). യഹോവെക്കു ഇഷ്ടമില്ലാത്തവരുമായി അഥവാ ദൈവത്തിൻ്റെ പ്രവാചകന്മാരെ കൊന്നുകളഞ്ഞവരുമായും, നാബോത്തിനെപ്പോലെയുള്ള നിർദോഷികളുടെ രക്തക്കറപുരണ്ടവരുമായി ചങ്ങാത്തം കൂടിയതുകൊണ്ടാണ് ദൈവം അവനെ ശിക്ഷിക്കുവാൻ തീരുമാനിച്ചത്.

*3) വിളിക്കാത്ത യുദ്ധത്തിന് അഥവാ താനുമായി ഒരു ബന്ധവുമില്ലാത്ത, യോരാംരാജാവും യേഹൂ മായുള്ള യുദ്ധത്തിൽ പോയി* തലവെച്ചുകൊടുക്കേണ്ട ഒരു കാര്യവും അഹസ്യാവിന് ഉണ്ടായിരുന്നില്ല. കൂട്ടുകാരനെ യുദ്ധത്തിൽ സഹായിക്കാൻ പോയതുകൊണ്ടാണ് അവൻ തൻ്റെ ജീവൻ നഷ്ടപ്പെടുത്തിയത് (2 രാജാ. 9:27).

     അഹസ്യാവ് ഒരു ദൃഷ്ടാന്തമാണ്. ദൈവം തിരഞ്ഞെടുത്ത ഒരു വ്യക്തി; താൻ ചെയ്യാൻ പാടില്ലാത്തത് ചെയ്താൽ, താൻ ഇടപെടാൻ കൊള്ളില്ലാത്തവരുമായി ഇടപെട്ടാൽ, താൻ പോകാൻ പാടില്ലാത്തിടത്തുപോയാൽ.. എന്തു സംഭവിക്കുമെന്നുള്ളതിൻ്റെ അടയാളമാണ് അഹസ്യാവിൻ്റെ ജീവിതം.
സ്വർഗ്ഗത്തിലെ ദൈവം ദാനമായിതന്നിരിക്കുന്ന സമ്പത്തും സ്ഥാനമാനങ്ങളും, അധികാരവും പദവികളും വെറുതെ അലക്ഷ്യമാക്കി കളയാനുള്ളതല്ല. അവയെല്ലാം കർത്താവിനുവേണ്ടി (കർത്താവിൻ്റെ മഹത്വത്തിനുവേണ്ടി) പ്രയോജനപ്പെടുത്തികൊണ്ട് ദൈവത്തോട് നന്ദിയുള്ളവരായി ജീവിക്കണം. ദൈവം തള്ളിക്കളഞ്ഞവരെയും ദൈവം വെറുത്തിട്ടിരിക്കുന്നവരുമായും ചങ്ങാത്തത്തിനു പോകരുത്. അവരുടെ കൈയ്യിലെ രക്തക്കറയും, അവരുടെമേൽ വെച്ചിട്ടുള്ള ശാപവും എടുത്ത് നമ്മുടെ തലയിൽവെക്കരുത്. നമുക്കു ഒരു സംബന്ധവുമില്ലാത്ത വിഷയങ്ങളിൽപോയി തലയിടരുത്. യോരാംരാജാവും യേഹൂ മായുള്ള യുദ്ധത്തിൽ അഹസ്യാവിന് തലയിടേണ്ട ഒരു കാര്യവുമില്ലായിരുന്നു. വഴിയേപോയ വയ്യാവേലി ചാടിപിടിച്ചെടുക്കുന്ന ബുദ്ധിയില്ലാത്തവരാകരുത് നമ്മൾ. മറ്റുള്ളവരുടെ കാര്യത്തിൽ തലയിടാത്തെ സ്വന്തംകാര്യംനോക്കി നടന്നാൽ മതി.
      എന്നോട് സംസാരിക്കുകയും പ്രാർത്ഥനക്കായി വിളിക്കയും ചെയ്യുന്ന യൗവ്വനക്കാർക്ക് ഈ ഉപദേശങ്ങൾ ഞാൻ കൊടുക്കാറുണ്ട്. സൂക്ഷിച്ചുവേണം നിങ്ങൾ സുഹൃത്തുക്കളെ തെരഞ്ഞെടുക്കേണ്ടത്, കാരണം, നേരോടെ നടന്ന പല ചെറുപ്പക്കാരെയും കുഴിയിൽവീഴിച്ചിട്ടുള്ളത് അവരുടെ കൂട്ടുകാരാണ് എന്നുകാണാം. കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി താൻ വലിയ ഒരു അപകടത്തിൽനിന്ന് രക്ഷപ്പെട്ട കാര്യം എന്നോടു പറഞ്ഞു. അവളുടെ മാതാപിതാക്കൾ ഒരു പെന്തക്കൊസ്തുവാരികയിൽ അവളുടെ വിവാഹപരസ്യം ഇടുകയും, വിദേശത്തുള്ള ഒരു പയ്യനുമായി ഏകദേശം ഉറപ്പിക്കുകയും ചെയ്തു. അവർ രണ്ടുപേരും സംസാരിക്കുന്നതിനിടയിൽ പെൺകുട്ടി അവനോട് ഒരു ചോദ്യം ചോദിച്ചു. താങ്കൾ മദ്യപിക്കുമോ? അവൻ നൽകിയ ഉത്തരം; വർഷത്തിൽ രണ്ടുതവണ മദ്യപിക്കും എന്നായിരുന്നു. തൻ്റെ ജന്മദിവസത്തിലും, പുതുവർഷത്തിലും മാത്രമാണ് മദ്യപിക്കാറുള്ളൂ എന്ന് വിദേശത്തുള്ള ആ പെന്തക്കോസ്ത് ചെറുപ്പക്കാരൻ പറയുന്നത്കേട്ട്, തൻ്റെ ജീവിതം ഒരു പരീക്ഷണത്തിന് വിട്ടുകൊടുക്കേണ്ട എന്നവൾ തീരുമാനിച്ചു. വർഷത്തിൽ രണ്ടുതവണയല്ലേ മദ്യപിക്കുന്നുള്ളൂ അത് സാരമില്ല എന്ന് അവളുടെ ഒരു ബന്ധു അവളോട് പറഞ്ഞപ്പോൾ, അവൾ കൊടുത്ത മറുപടി, അയാളെ വിവാഹം കഴിച്ചാൽ നാളെ എൻ്റെ ജന്മദിനന്തിന്റെ പേരിലും, വിവാഹ വാർഷികത്തിൻ്റെ പേരിലുമെല്ലാം അയാൾ മദ്യപിക്കാൻ തുടങ്ങും, അധികം താമസിക്കാതെ ഒരു മുഴുമദ്യപാനിയുടെ ഭാര്യയായി എന്റെ ജീവിതം തകർത്തുകളയാൻ ഞാനില്ല എന്നു പറഞ്ഞു. ഭാവിയെക്കുറിച്ച് വീക്ഷണമുള്ള ബുദ്ധിയുള്ള കുഞ്ഞുങ്ങൾ ഇങ്ങനെ ചിന്തിക്കും.
       ഈ വചനഭാഗം ധ്യാനിച്ചപ്പോൾ എൻ്റെ ഹൃദയത്തിൽ ഉദിച്ച ഒരു ചോദ്യം; അന്നത്തെ ദിവസം അഹസ്യാവ് യോരാമിനെ സന്ദർശിക്കാൻ പോകാതെ, തൻ്റെ തെറ്റുകളിൽ പശ്ചാത്തപിച്ചുകൊണ്ട് യഹോവയുടെ ആലയത്തിലേക്ക് പോയിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു. യോരാമിൻ്റെ കൂടെ ശത്രുക്കളുടെ വാളിൻ്റെ വായ്ത്തലയ്ക്ക് താൻ ഇരയാകുമായിരുന്നില്ല. അതുകൊണ്ട് വേണ്ടാത്ത സ്ഥലത്ത്, വേണ്ടാത്ത സമയത്തുചെന്ന്, വേണ്ടാത്ത കാര്യത്തിൽ ഇടപെടുന്നതിനു പകരം, ദൈവസന്നിധിയിൽ ഇരിക്ക.
         ചെറിയ കാര്യമല്ലേ സാരമില്ല, കഞ്ചാവല്ലല്ലോ ഒരു സിഗററ്റല്ലേ വലിക്കുന്നുള്ളൂ കുഴപ്പമില്ല, ഒരു കമ്പനിക്കുവേണ്ടിയല്ലേ വല്ലപ്പോഴും പബ്ബിൽപോകുന്നത് നിലവിട്ട് ഞാൻ ഒന്നിനും കൂടാറില്ലല്ലോ അതുകൊണ്ട് വിഷയമില്ല,.. ഇതുപോലെ ഓരോ കാര്യങ്ങളും സാരമില്ല, കുഴപ്പമില്ല, വിഷയമില്ല, എന്നൊക്കെ പറഞ്ഞ്, നിസ്സാരമായികണ്ട് ചെറിയ ചെറിയ വിട്ടുവീഴ്ചകൾ ചെയ്താൽ (പാപത്തോട് സന്ധിചെയ്താൽ) ജീവിതം കൈവിട്ടുപോകും, ദൈവംതന്ന ഒരു നല്ലജീവിതം അഹസ്യാവിനെപ്പോലെ കൈവിട്ടുകളയരുത്.

    ഈ പുതിയമാസം ചില തീരുമാനങ്ങൾ എടുക്കുന്ന മാസമാകട്ടെ, ഞാൻ സന്ദർശിക്കുന്ന ഇടങ്ങൾ ദൈവപ്രസാദമുള്ള ഇടങ്ങളായിരിക്കും, ഞാൻ തിരഞ്ഞെടുക്കുന്ന സുഹൃത്തുക്കൾ ദൈവഭയഭക്തിയുള്ളവരായിരിക്കും, ഞാൻ ഇടപെടുന്ന വിഷയങ്ങൾ ദൈവനാമമഹത്വത്തിന് ഉതകുന്നവയായിരിക്കും, കർത്താവിൻ്റെ നാമത്തിന് ദോഷം വരുത്തുന്നതൊന്നിലും എനിക്ക് പങ്കുണ്ടായിരിക്കില്ല..

ദൈവം മാനിക്കുന്ന ദിവസങ്ങളായിരിക്കും വരുന്ന നാളുകൾ,

പ്രാർത്ഥനയോടെ,
മധ്യപ്രദേശിൽനിന്നും
ഷൈജു പാസ്റ്റർ (9424400654)

കുറിപ്പ്: നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Mob: 9589741414, 7000477047, Ph: 0755 4297672

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ക്രൂശിലെ സ്നേഹം

ഒരു മുഷ്യശരീരത്തിൽ ഉള്ള രക്തത്തിൻ്റെ അളവ് ഏകദേശം 6 ലിറ്ററാണ് എന്ന് കണക്കാക്കപ്പെടുന്നു. ഒലിവ് മലയിൽവെച്ച് യേശുകർത്താവ് പ്രാർത്ഥിച്ചപ്പോൾ ലൂക്കൊ. 22:44 വിയർപ്പുതുള്ളിപോലെ ഒഴുകുവാനാരംഭിച്ച നാഥൻ്റെ ശരീരത്തിലെ, അവസാനതുള്ളി രക്തം, യോഹ. 19:34 ൽ ഒഴുകിതീർന്ന് ഇനിയും ഒരുതുള്ളിപോലും ആ ശരീരത്തിൽ അവശേഷിക്കുന്നില്ല എന്നതിൻ്റെ അടയാളമായി വെള്ളവും ഒഴുകിവന്നു. വേല്യപുസ്തകം 17:11 ൽ വായിക്കുന്നതുപോലെയും വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നതും ജീവൻ രക്തത്തിലാണല്ലോ ഇരിക്കുന്നത്; അതായത്, അവസാനതുള്ളി രക്തവും നമുക്കുവേണ്ടി ഊറ്റിതന്ന യേശുനാൻ അവിടുത്തെ ജീവൻതന്നെ നമുക്കുവേണ്ടി യാഗമായി അർപ്പിക്കുകയായിരുന്നു. സ്തോത്രം.