യിരെമ്യാ. 36:22 “അന്നു ഒമ്പതാം മാസത്തിൽ രാജാവു ഹേമന്തഗൃഹത്തിൽ ഇരിക്കയായിരുന്നു; അവൻ്റെ മുമ്പാകെ നെരിപ്പോട്ടിൽ തീ കത്തിക്കൊണ്ടിരുന്നു”
യെഹോയാക്കീം രാജാവ് തൻ്റെ ശീതകാലവസതിയിൽ നെരിപ്പോടിൻ്റെ ചൂടുമേറ്റിരുന്നുകൊണ്ട്, ദൈവത്തിൻ്റെ പ്രവാചകനായ യിരെമ്യാവിന് ദൈവീക അരുളപ്പാടായി ലഭിച്ച് എഴുതിയ യഹോവയുടെ വചനങ്ങൾ വായിച്ചുകേട്ടു. ബാബേൽരാജാവു വന്നു ഈ ദേശത്തെ നശിപ്പിച്ചു മനുഷ്യനെയും മൃഗത്തെയും മുടിച്ചുകളയും എന്നൊക്കെ അതിൽ എഴുതിയിരിക്കുന്നതു വായിച്ചപ്പോൾ, നീരസം തോന്നിയ യെഹോയാക്കീം രാജാവ് എഴുത്തുകാരൻ്റെ ഒരു കത്തികൊണ്ടു അതു കണ്ടിച്ചു ചുരുൾ മുഴുവനും നെരിപ്പോട്ടിലെ തീയിൽ വെന്തുപോകുംവരെ നെരിപ്പോട്ടിൽ ഇട്ടുകൊണ്ടിരുന്നു.
ചില ആളുകൾ ഇങ്ങനെയാണ്. തങ്ങൾക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങൾ കാണുമ്പോൾ / കേൾക്കുമ്പോൾ / അറിയുമ്പോൾ അതിൻ്റെ ഗൗരവം മനസ്സിലാക്കാതെ, പരിണതഫലത്തെക്കുറിച്ച് ഓർക്കാതെ ബാലിശമായി അതിനോട് പ്രതികരിക്കും. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ പിന്നീട് ഉണ്ടാകുന്ന ഭവിഷ്യത്ത് എത്ര ഭയാനകമായിരിക്കും എന്നുള്ളതിൻ്റെ ഉദാഹരണമാണ് യെഹോയാക്കീമിൻ്റെ ചരിത്രം.
ദൈവഭയമില്ലാതെ, ദൈവീകപ്രമാണങ്ങളിൽ നടക്കാതെയും ജീവിച്ച ഹെൂദാഗൃഹത്തിന് മാനസാന്തരപ്പെടാനും ദൈവസന്നിധിയിലേക്ക് മടങ്ങിവരുന്നതിനും ഒരവസരംകൂടെ നൽകുന്നതിനുവേണ്ടിയായിരുന്നു, പ്രവാചകനായ യിരെമ്യാവിൽക്കൂടെ ആ വചനങ്ങൾ എഴുതപ്പെട്ടത്. (യിരെ. 36:3 പക്ഷേ യെഹൂദാഗൃഹം ഞാൻ അവർക്കു വരുത്തുവാൻ വിചാരിക്കുന്ന സകല അനർത്ഥത്തെയും കുറിച്ചു കേട്ടിട്ടു ഓരോരുത്തൻ താന്താൻ്റെ ദുർമ്മാർഗ്ഗം വിട്ടുതിരിവാനും ഞാൻ അവരുടെ അകൃത്യവും പാപവും ക്ഷമിപ്പാനും ഇടവരും.)
ഈ വാസ്തവം അഥവാ ദൈവപദ്ധതി തിരിച്ചറിയാതെ ഹേമന്തഗൃഹത്തിൻ്റെ സുഖസൂഷ്മളതയിൽ ഇരുന്നുകൊണ്ട് ദൈവവചനം കത്തികൊണ്ടു കീറി നെരിപ്പോടിലിട്ട് കത്തിച്ചുകളഞ്ഞ യെഹോയാക്കീം വാസ്തവത്തിൽ ദൈവം തനിക്കു നൽകിയ അവസരം നഷ്ടപ്പെടുത്തുക മാത്രമല്ല ചെയ്തത്, ദൈവകോപത്തിൻ്റെ തീച്ചൂളയ്ക്ക് ചൂടുകൂട്ടുകയും ചെയ്തു. അതുകൊണ്ട് ദൈവം അവനുള്ള ശിക്ഷ പ്രഖ്യാപിച്ചു. (വാക്യം 36:29.. എന്നാൽ യെഹൂദാരാജാവായ യെഹോയാക്കീമിനോടു നീ പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽരാജാവു വന്നു ഈ ദേശത്തെ നശിപ്പിച്ചു, മനുഷ്യനെയും മൃഗത്തെയും മുടിച്ചുകളയും എന്നു നീ അതിൽ എഴുതിയതു എന്തിനു എന്നു പറഞ്ഞു നീ ആ ചുരുൾ ചുട്ടുകളഞ്ഞുവല്ലോ. അതുകൊണ്ടു യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവന്നു ദാവീദിൻ്റെ സിംഹാസനത്തിൽ ഇരിപ്പാൻ ഒരുത്തനും ഉണ്ടാകയില്ല; അവൻ്റെ ശവം പകൽ വെയിലും രാത്രിയിൽ മഞ്ഞു ഏല്പാൻ എറിഞ്ഞുകളയും)
ദാനിയേലിൻ്റെ പുസ്തകം ഒന്നാം അധ്യായത്തിൽ ഈ പ്രവചനം നിവർത്തിയാകുന്നത് നമ്മൾ വായിക്കുന്നുണ്ടല്ലോ.
സ്വർഗ്ഗത്തിലെ ദൈവം തൻ്റെ ദാസന്മാരിൽക്കൂടെ ഓരോ ദിവസവും നമുക്കു വെളിപ്പെടുത്തിത്തരുന്ന വചനങ്ങൾക്കും ദൈവാലോചനകൾക്കും പുറകിൽ കർത്താവിന് വ്യക്തമായ ഒരു പ്ലാനും പദ്ധതിയുമുണ്ട്. അതു എന്താണ് എന്ന് ആരായാതെ / തിരിച്ചറിയാതെ ഈ വചനങ്ങളെ അലക്ഷ്യമാക്കിയാൽ അതിനു വലിയ വില കൊടുക്കേണ്ടി വരും.
ഇന്ന് ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പല പ്രശ്നങ്ങളും കാണുമ്പോൾ, പല പരീക്ഷകളും നേരിടുമ്പോൾ.. നഷ്ടപ്പെടുത്തിയിട്ടുള്ള അവസരങ്ങളെ ഓർത്ത് പശ്ചാത്തപിക്കുന്ന നിരവധി ആളുകളെ നമ്മൾ കാണാറുണ്ടല്ലോ, ഒരു അവസരംകൂടെ ലഭിച്ചിരുന്നെങ്കിൽ, നഷ്ടപ്പെടുത്തിയ ആ ദിവസത്തിലേക്ക് ഒന്നു മടങ്ങിപ്പോകാൻ കഴിഞ്ഞിരുന്നെങ്കിൽ,.. എന്ന് പിന്നീട് ആഗ്രഹിച്ചിട്ട് കാര്യമില്ലല്ലോ.
ഹേമന്തഗൃഹത്തിൻ്റെ ഊഷ്മളതയിൽ ഇരുന്നുകൊണ്ട് (ശീതകാലവസതിയിൽ എന്നാണ് പി.ഒ.സി. ബൈബിളിൽ എഴുതിയിരിക്കുന്നത്) അഥവാ, കർത്താവ് നൽകിയിരിക്കുന്ന നന്മകളും നല്ല ദാനങ്ങളും അനുഭവിച്ചുകൊണ്ട്, എനിക്ക് കുഴപ്പമൊന്നുമില്ലല്ലോ എൻ്റെ കുടുംബവും തലമുറകളും സുരക്ഷിതമാണല്ലോ എൻ്റെ സ്ഥിതി മെച്ചമാണല്ലോ.. അതുകൊണ്ട് ഈ വചനങ്ങൾ എനിക്കുവേണ്ട എന്ന മനോഭാവത്തിലല്ല. കർത്താവേ, ഈ വചനങ്ങൾ ഞാൻ ഏറ്റെടുക്കുന്നു. എന്നിലുള്ള കുറ്റവും കുറവുകളും ക്ഷമിക്കണമേ, അവിടുത്തെ വചനങ്ങളെ ഞാൻ സ്നേഹിക്കുന്നു ആദരിക്കുന്നു, അവ എനിക്ക് മാധുര്യമാകുന്നു..
ഈ സമർപ്പണമാണ്, ഈ സ്നേഹമാണ് കർത്താവ് ആഗ്രഹിക്കുന്നത്, നമുക്കുവേണ്ടി കഷ്ടങ്ങൾ സഹിക്കുകയും, ശരീരം മുഴുവനും മുറിവുകൾ ഏറ്റുകൊണ്ട്, അവൻ്റെ രൂപം കണ്ടാൽ ആളല്ല എന്നും അവൻ്റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപനായി...
നമുക്കുവേണ്ടി കാൽവറിമലയിലെ മരക്കുരിശിൽ ജീവനർപ്പിക്കുകയും ചെയ്ത യേശുകർത്താവിനെ, സാക്ഷാൽ വചനത്തെ നാം സ്നേഹിക്കേണ്ടേ? ആദരിക്കേണ്ടേ ?
ഈ ദിവസം കർത്താവിൻ്റെ സന്നിധിയിൽ, വചനത്തിനുമുമ്പാകെ ഒരിക്കൽക്കൂടെ നമ്മെ സമർപ്പിക്കാം.
കർത്താവനുഗ്രഹിക്കട്ടെ,
മധ്യപ്രദേശിൽനിന്നും
ഷൈജു പാസ്റ്റർ (9424400654)
കുറിപ്പ്: നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Mob: 9589741414, 7000477047, Ph: 0755 4297672


