കർത്താവ് നമുക്കുമുമ്പായി നടക്കുന്നു

January-2026

നമ്മെ തകർത്തു കളയുവാനും ഇല്ലാതാക്കാനും സർവ്വസന്നാഹങ്ങളുമായി ശത്രുക്കൾ നമ്മുടെ പുറകെ കൂടുമ്പോൾ, നമ്മെ താറടിക്കുവാനും തള്ളിയിടുവാനും കെണികൾ ഒരുക്കിക്കൊണ്ട് ശത്രുക്കൾ നമ്മുടെ പുറകെ വരുമ്പോൾ, നമ്മെ തളർത്തുവാനും ക്ഷയിപ്പിക്കുവാനും, നമ്മെ തോൽപ്പിക്കാനും അപഹരിക്കുവാനും, നമ്മെ കൊള്ളയടിക്കുവാനും പാപ്പരാക്കുവാനും, നമ്മെ അപമാനിക്കുവാനും അവഹേളിക്കുവാനും…, ചിലർ നമ്മുടെ പുറകെ വരുമ്പോൾ, അവരാരുടെയും നിഴൽപോലും നമ്മുടെമേലും നമ്മുടെ കുടുംബത്തിന്മേലും നമ്മുടെ തലമുറയിലും പതിയാതിരിക്കേണ്ടതിന്, അവർക്കും നമുക്കും തമ്മിൽ തീമതിലായി നിൽക്കേണ്ടതിനുവേണ്ടിയാണ് കർത്താവിൻ്റെ സാന്നിധ്യം / കർത്താവിൻ്റെ ദൂതന്മാർ നമുക്കു മുമ്പായി സഞ്ചരിക്കുന്നത്.


    യോഹ. 10:4 “…അവൻ അവെക്കു മുമ്പായി നടക്കുന്നു; ആടുകൾ അവൻ്റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു.”
     യേശുകർത്താവ് നമുക്കുമുമ്പായി നടക്കുന്നുണ്ട്; തിരുവചനത്തിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്ന, ദൈവമക്കൾക്ക് ഏറ്റവും പ്രത്യാശ നൽകുന്ന ഒരു വാഗ്ദത്തമാണ് ഇത്, നമുക്കു മുമ്പായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദൈവീക സാന്നിധ്യമുണ്ട്. ചില അവസരങ്ങളിൽ കർത്താവ് തൻ്റെ ദൂതന്മാരെ നമുക്കു മുമ്പായി അയക്കുന്നു, മറ്റുചിലപ്പോൾ കർത്താവ് തൻ്റെ വചനത്തെ നമുക്കു മുമ്പായി അയക്കുന്നു. ചില നേരങ്ങളിൽ പരിശുദ്ധാത്മാവിനെതന്നെ നമുക്കു മുമ്പായി അയച്ച് ചില സാഹചര്യങ്ങളെ / ചിലരുടെ ഹൃദയങ്ങളെ നമുക്ക് അനുകൂലമാക്കുന്നു.
    എന്തിനുവേണ്ടിയാണ് കർത്താവ് നമുക്കുമുമ്പായി നടക്കുന്നത് അഥവാ ദൂതന്മാരെ / പരിശുദ്ധാത്മാവിനെ നമുക്കുമുമ്പായി അയക്കുന്നത് എന്നറിയുവാൻ ചില തിരുവചനഭാഗങ്ങൾ നമുക്കു വായിക്കാം.
*1) ഉൽപ്പ. 24:7* “എൻ്റെ പിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോട് അരുളിച്ചെയ്തവനും നിൻ്റെ സന്തതിക്ക് ഞാൻ ഈ ദേശം കൊടുക്കുമെന്ന് എന്നോടു സത്യം ചെയ്തവനുമായി സ്വർഗത്തിൻ്റെ ദൈവമായ യഹോവ എൻ്റെ മകനു നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തൻ്റെ ദൂതനെ അയയ്ക്കും”
     വിവാഹ വിഷയത്തോടുള്ള ബന്ധത്തിൽ ഭാരപ്പെട്ടുകൊണ്ടിരിക്കുന്ന നിരവധി ആളുകളുണ്ട്. അവർക്കുവേണ്ടിയാണ് ഈ വാഗ്ദത്ത വചനം ഇന്ന് ദൈവാത്മാവ് ഓർമ്മിപ്പിക്കുന്നത്. കർത്താവ് നമുക്കുമുമ്പായി നടക്കുന്നത് / തൻ്റെ ദൂതന്മാരെ അയക്കുന്നത് നമ്മുടെ മക്കൾക്ക് തക്ക തുണകളെ ഒരുക്കേണ്ടതിനുവേണ്ടിയാണ്.
     മക്കളുടെ വിവാഹ വിഷയത്തെ സംബന്ധിച്ച് ചില മാതാപിതാക്കൾ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഷമങ്ങൾ കേട്ടാൽ സങ്കടംതോന്നും. ചില കുട്ടികൾക്ക് വിവാഹം കഴിക്കണ്ട എന്ന തീരുമാനമാണ്, മറ്റു ചിലർക്ക് ഇപ്പോൾ വേണ്ട എന്നുപറഞ്ഞ് പ്രായം കൂടിക്കൊണ്ടിരിക്കുന്നു. വേറെ ചിലക്ക് മാതാപിതാക്കളുടെ ഇഷ്ടങ്ങൾക്കും താൽപ്പര്യങ്ങൾക്കും നേരെ വിപരീതമായത് മതി. ഇതുപോലെ വാശിപിടിക്കുന്ന മക്കളെ ഓർത്ത് ഉള്ളുരുകിക്കൊണ്ടിരിക്കുന്ന മാതാപിതാക്കൾ ഈ വാഗ്ദത്ത വചനം ഏറ്റെടുത്തുകൊള്ളട്ടെ; എൻ്റെ മക്കൾക്കുവേണ്ടിയും കർത്താവ് തൻ്റെ ദൂതനെ (പരിശുദ്ധാത്മാവ് എന്ന എല്യേസർറിനെതന്നെ) അയക്കും, തക്കതുണയെ ഒരുക്കും, ഇനിയുംതാമസിക്കാതെ വിവാഹം നടക്കും. സ്തോത്രം !
(കഴിഞ്ഞ ചില മാസങ്ങളായി വചനമാരി മാസികയിൽ ‘വചനമാരി മാട്രിമോണിയൽ’ എന്ന കോളം തുടങ്ങുവാൻ കാരണമായത് ദൈവാത്മാവ് ഞങ്ങൾക്ക് നൽകിയ ഈ ദർശനമാണ്)
*(2) പുറപ്പാട് 13:21* “അവർ പകലും രാവും യാത്രചെയ്വാൻ തക്കവണ്ണം അവർക്കു വഴികാണിക്കേണ്ടതിന്നു പകൽ മേഘസ്തംഭത്തിലും അവർക്കു വെളിച്ചം കൊടുക്കേണ്ടതിന്നു രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.
    കർത്താവ് നമുക്കുമുമ്പായി സഞ്ചരിക്കുന്നതിൻ്റെ മറ്റൊരു കാരണം, നമ്മെ നേർവഴി / ശരിയായ ദിശ കാണിക്കേണ്ടതിന്നുവേണ്ടിയാണ്. ഏതു വഴിയിൽ തിരിയണം, എന്തു തീരുമാനമെടുക്കണം, ഏതു തിരഞ്ഞെടുക്കണം, എങ്ങനെ ശരിയാക്കണം, എവിടെ പോകണം, എപ്പോൾ ആരംഭിക്കണം.. ഇതുപോലെ ജീവിതത്തിലെ ചില സംശയസാഹചര്യങ്ങൾക്കുമുമ്പിൽ നിൽക്കുമ്പോൾ; യെശ. 30:21 വാക്യത്തിൽ വായിക്കുന്നതുപോലെ ‘വഴി ഇതാകുന്നു ഇതിൽ നടന്നുകൊൾവിൻ’ എന്ന ശരിയായ ആലോചന പറഞ്ഞുതരേണ്ടതിന്നു വേണ്ടിയാണ് കർത്താവിൻ്റെ സാന്നിധ്യം നമുക്കുമുമ്പായി സഞ്ചരിക്കുന്നത്.
*(3) പുറപ്പാട് 14:19* “അനന്തരം യിസ്രായേല്യരുടെ സൈന്യത്തിന്നു *മുമ്പായി നടന്ന ദൈവദൂതൻ* അവിടെനിന്നു മാറി അവരുടെ പിന്നാലെ നടന്നു; മേഘസ്തംഭവും അവരുടെ മുമ്പിൽ നിന്നു മാറി അവരുടെ പിമ്പിൽ പോയി നിന്നു.”
    നമ്മെ തകർത്തു കളയുവാനും ഇല്ലാതാക്കാനും സർവ്വസന്നാഹങ്ങളുമായി ശത്രുക്കൾ നമ്മുടെ പുറകെ കൂടുമ്പോൾ, നമ്മെ താറടിക്കുവാനും തള്ളിയിടുവാനും കെണികൾ ഒരുക്കിക്കൊണ്ട് ശത്രുക്കൾ നമ്മുടെ പുറകെ വരുമ്പോൾ, നമ്മെ തളർത്തുവാനും ക്ഷയിപ്പിക്കുവാനും, നമ്മെ തോൽപ്പിക്കാനും അപഹരിക്കുവാനും, നമ്മെ കൊള്ളയടിക്കുവാനും പാപ്പരാക്കുവാനും, നമ്മെ അപമാനിക്കുവാനും അവഹേളിക്കുവാനും…, ചിലർ നമ്മുടെ പുറകെ വരുമ്പോൾ, അവരാരുടെയും നിഴൽപോലും നമ്മുടെമേലും നമ്മുടെ കുടുംബത്തിന്മേലും നമ്മുടെ തലമുറയിലും പതിയാതിരിക്കേണ്ടതിന്, അവർക്കും നമുക്കും തമ്മിൽ തീമതിലായി നിൽക്കേണ്ടതിനുവേണ്ടിയാണ് കർത്താവിൻ്റെ സാന്നിധ്യം / കർത്താവിൻ്റെ ദൂതന്മാർ നമുക്കു മുമ്പായി സഞ്ചരിക്കുന്നത്.
വിശ്വസിക്കുന്നവർക്ക് ആമേൻ പറഞ്ഞുകൊണ്ട് ഈ വാഗ്ദത്ത സന്ദേശം ഏറ്റെടുക്കാം.
പ്രാർത്ഥനയോടെ,
ഷൈജു പാസറ്റർ (9424400654)
ഭോപ്പാൽ, മധ്യപ്രദേശ്
കർത്താവ് നമുക്കുമുമ്പായി നടക്കുന്നു. ഈ ധ്യാനചിന്തകളുടെ അടുത്തഭാഗം ഉടനെ അയക്കുന്നതായിരിക്കും (വചനമാരി വെബ്സൈറ്റിലും വായിക്കാവുന്നതാണ്).
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ വിളിക്കേണ്ട നമ്പർ 7898211849, 07554297672
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ക്രൂശിലെ സ്നേഹം

ഒരു മുഷ്യശരീരത്തിൽ ഉള്ള രക്തത്തിൻ്റെ അളവ് ഏകദേശം 6 ലിറ്ററാണ് എന്ന് കണക്കാക്കപ്പെടുന്നു. ഒലിവ് മലയിൽവെച്ച് യേശുകർത്താവ് പ്രാർത്ഥിച്ചപ്പോൾ ലൂക്കൊ. 22:44 വിയർപ്പുതുള്ളിപോലെ ഒഴുകുവാനാരംഭിച്ച നാഥൻ്റെ ശരീരത്തിലെ, അവസാനതുള്ളി രക്തം, യോഹ. 19:34 ൽ ഒഴുകിതീർന്ന് ഇനിയും ഒരുതുള്ളിപോലും ആ ശരീരത്തിൽ അവശേഷിക്കുന്നില്ല എന്നതിൻ്റെ അടയാളമായി വെള്ളവും ഒഴുകിവന്നു. വേല്യപുസ്തകം 17:11 ൽ വായിക്കുന്നതുപോലെയും വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നതും ജീവൻ രക്തത്തിലാണല്ലോ ഇരിക്കുന്നത്; അതായത്, അവസാനതുള്ളി രക്തവും നമുക്കുവേണ്ടി ഊറ്റിതന്ന യേശുനാൻ അവിടുത്തെ ജീവൻതന്നെ നമുക്കുവേണ്ടി യാഗമായി അർപ്പിക്കുകയായിരുന്നു. സ്തോത്രം.