വേറൊരു തീരുമാനം (ഭാഗം 4)

January-2026

തൻ്റെ ആയുസ്സ് ഒടുങ്ങുവാൻ വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയ ആ രാജാവിന് ദീർഘായുസ്സു നേരുവാൻ ദാനീയേലിന് സാധിച്ചതാണ് ദാനീയേലിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. തന്നോട് ചെയ്ത അന്യായത്തിനും, മറ്റുള്ളവരുടെ വാക്ക്കേട്ട് തന്നെ കൊല്ലുവാൻ തീരുമാനിച്ച തീരുമാനത്തിനും ആ രാജാവിനോട് ന്യായമായും ദാനീയേലിന് ദേഷ്യവും നീരസവും തോന്നേണ്ടതാണ്. കുറഞ്ഞപക്ഷം ഒരു പരിഭവമെങ്കിലും ദാീയേലിന് ദാര്യാവേശ് രാജാവിനോട് പറയാമായിരുന്നു


   ദാനിയേൽ 6:21 “ദാനീയേൽ രാജാവിനോട്; *രാജാവ് ദീർഘായുസ്സായിരിക്കട്ടെ* ”

        താൻ ആയിരിക്കുന്ന സാഹചര്യത്തോട് ഒട്ടും യോജിക്കാത്ത വാക്കുകളാണ് ഇവിടെ ദാനിയേൽ രാജാവിനോട് പറയുന്നത്. കാരണം തലേ രാത്രിയിൽ കുബിദ്ധികളായ ചില ആളുകളുടെ വാക്കുകേട്ട് മരിക്കേണ്ടതിനുവേണ്ടി ദാനിയേലിനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയുകയും, ആ ഗുഹയുടെ വാതിക്കൽ ഒരു വലിയ കല്ലുവെച്ച് അതിൽ തൻ്റെ മോതിരംകൊണ്ട് മുദ്രയിട്ടിട്ടുപോയ രാജാവ്, അതികാലത്ത് ഗുഹയുടെ അരികെ വന്നപ്പോഴാണ് ദാനിയേൽ ‘രാജാവ് ദീർഘായുസ്സായിരിക്കട്ടെ’ എന്നു പറയുന്നത്.

      തൻ്റെ ആയുസ്സ് ഒടുങ്ങുവാൻ വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയ ആ രാജാവിന് ദീർഘായുസ്സു നേരുവാൻ ദാനീയേലിന് സാധിച്ചതാണ് ദാനീയേലിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. തന്നോട് ചെയ്ത അന്യായത്തിനും, മറ്റുള്ളവരുടെ വാക്ക്കേട്ട് തന്നെ കൊല്ലുവാൻ തീരുമാനിച്ച തീരുമാനത്തിനും ആ രാജാവിനോട് ന്യായമായും ദാനീയേലിന് ദേഷ്യവും നീരസവും തോന്നേണ്ടതാണ്. കുറഞ്ഞപക്ഷം ഒരു പരിഭവമെങ്കിലും ദാീയേലിന് ദാര്യാവേശ് രാജാവിനോട് പറയാമായിരുന്നു.

     എന്നാൽ ദാനീയേൽ എന്ന ദൈവഭക്തൻ ആ രാജാവിനോട് ക്ഷമിക്കുവാൻ തയ്യാറായി എന്നു മാത്രമല്ല, തന്നെ ഇല്ലാതാക്കുവാൻ ശ്രമിച്ചവർക്ക് കൂട്ടുനിന്ന ആ രാജാവിനെ അനുഗ്രഹിക്കുവാൻ തീരുമാനിച്ച ദാനീയേലിൻ്റെ തീരുമാനം വേറിട്ടൊരു തീരുമാനമായിരുന്നു. ആ മനസ്സുള്ള ദാനീയേലിന് വേദപുസ്തകത്തിൽ പരിശുദ്ധാത്മാവ് നൽകിയിരിക്കുന്ന പേരാണ്, ‘ഏറ്റവും പ്രിയപരുഷൻ’. ഒരു തവണയല്ല പല ആവർത്തി പരിശുദ്ധാത്മാവ് ഈ വിശേഷണം (ആദരവ്) നൽകി ദാനീയേലിനെ മാനിച്ചു എന്ന് തിരുവചനത്തിൽ കാണുവാൻ സാധിക്കും; ദാനീയേൽ 9:23, 10:11, 10:19.

     ‘രാജാവ് ദീർഘായുസ്സായിരിക്കട്ടെ’ എന്ന് ദാനീയേൽ ദാര്യാവേശ് രാജാവിനോട് പറഞ്ഞപ്പോൾ ദൈവനാമം മഹത്വപ്പെടുകയും, ദാനീയേലിൻ്റെ ദൈവം ജീവനുള്ളദൈവമെന്ന് രാജ്യമെങ്ങും പ്രഖ്യാപിക്കപ്പെടുകയും ചെയ്തു

      നമ്മുടെ വിശ്വാസ ജീവിതത്തിൽ ഇതുപോലുള്ള പരീക്ഷകൾ വരുമ്പോൾ, ഒരു കാരണവുമില്ലാതെ നമ്മൾ ശിക്ഷിക്കപ്പെടുമ്പോൾ, കുബുദ്ധികളുടെ തന്ത്രങ്ങളിൽ കുടുങ്ങി ഉപദ്രവിക്കപ്പെടുമ്പോൾ, ചിലരുടെ ഏഷണികളിലും ചതിപ്രയോഗങ്ങളിലും പെട്ട് നഷ്ടങ്ങൾ ഉണ്ടാകുമ്പോൾ… അവരോട് ക്ഷമിക്കുവാൻ മാത്രമല്ല, അവരെ അനുഗ്രഹിക്കുവാൻ തയ്യാറാകുന്നവർ ഇന്നും ‘കർത്താവിന് ഏറ്റവും പ്രിയരാണ്’. സ്തോത്രം !

      മധ്യപ്രദേശിൽ സുവിശേഷവേല ചെയ്യുന്ന എൻ്റെ സ്നേഹിതനായ ദൈവദാസന് ഒരിക്കൽ സുവിശേഷവിരോധികളുടെ ചതിയിൽപെട്ട് ചില ആഴ്ചകൾ ജയിലിൽ കഴിയേണ്ടിവന്നു. ജയിൽവാസം അനുഭവിച്ചശേഷം പുറത്തുവന്നപ്പോൾ, അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു; ‘ജയിൽ ഡോർമിറ്ററിയിലിരുന്നുകൊണ്ട് എനിക്കെതിരെ കള്ളപരാതി നൽകിയവരെയും, എന്നെ ജയിലിലയച്ചവരെയും ഞാൻ അനുഗ്രഹിച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്നു’.
       അവരോട് ക്ഷമിക്കുവാൻ മാത്രമല്ല, അവരെ അനുഗ്രഹിച്ച് പ്രാർത്ഥിക്കുന്നവരാണ്; ‘വേറൊരു തീരുമാനമെടുക്കുന്നവർ’ അഥവാ കർത്താവിന് ഏറ്റവും പ്രിയർ എന്ന് വിളിക്കപ്പെടുന്നവർ.

കർത്താവിന് ഏറ്റവും പ്രിയരായിരിപ്പാൻ സ്വർഗ്ഗം കൃപതരേണ്ടതിനായി പ്രാർത്ഥിച്ചുകൊണ്ട്,
സ്നേഹപൂർവ്വം..
മധ്യപ്രദേശിൽനിന്നും
ഷൈജു പാസ്റ്റർ (9424400654)

കാര്യങ്ങൾ വ്യത്യസ്തമായി കാണുകയും, കൈകാര്യം ചെയ്യുകയും ചെയ്ത അഥവാ വേറെ മാർഗ്ഗം സ്വീകരിച്ച ചില വ്യക്തികളെക്കുറിച്ച് തിരുവചനത്തിൽ നിന്നും തുടർന്നും ധ്യാനിക്കാം. ഈ ധ്യാനചിന്തകളുടെ അടുത്തഭാഗം ഉടനെ വചനമാരി വെബ്സൈറ്റിലും വായിക്കാവുന്നതാണ്.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ വിളിക്കേണ്ട നമ്പർ 7898211849, 07554297672

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”