അപ്പൊ.പ്രവ. 28:6 “അവൻ വീർക്കുകയോ പെട്ടെന്നു ചത്തു വീഴുകയോ ചെയ്യും എന്നു വെച്ചു അവർ കാത്തുനിന്നു; വളരെ നേരം കാത്തുനിന്നിട്ടും അവന്നു ആപത്തു ഒന്നും ഭവിക്കുന്നില്ല എന്നു കണ്ടു മനസ്സു മാറി..”
അപ്പൊസ്തലനായ പൌലൊസിനെ സുവിശേഷവിരോധികൾ പിടിച്ച് തടവിലാക്കുകയും ഒരു കപ്പൽമാർഗ്ഗം റോമിലേക്ക് കൊണ്ടുപോകുകയും, ആ യാത്രാമദ്ധ്യേ അവരുടെ കപ്പൽ
അപകടത്തിൽപെടുകയും, അവർ എല്ലാവരും കഷ്ടിച്ച് രക്ഷപ്പെട്ട് മെലിത്ത എന്ന ദ്വീപിൽ എത്തുകയും ചെയ്യുന്ന ചരിത്രം വേദപുസ്തകത്തിലെ അപ്പൊ.പ്രവ. 25 മുതൽ 28 വരെയുള്ള അധ്യായങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മെലിത്ത എന്ന ദ്വീപിൽ എത്തപ്പെട്ട അവർ കൊടുംതണുപ്പിൽനിന്നും ആശ്വാസം കിട്ടുന്നതിനുവേണ്ടി ഒരിടത്ത് തീകൂട്ടി അതിനു ചുറ്റും ഇരിക്കുമ്പോൾ പൌലൊസ് കുറെ വിറകു പെറുക്കി തീയിൽ ഇട്ടു. അപ്പോൾ ഒരു അണലി അവൻ്റെ കൈക്കുപറ്റി. ഉടനെതന്നെ അവൻ അതിനെ തീയിൽ കുടഞ്ഞുകളഞ്ഞു. എന്നാൽ അത് അവൻ്റെ കൈമേൽ തൂങ്ങുന്നതു ബർബരന്മാർ കണ്ടപ്പോൾ: ഈ മനുഷ്യൻ ഒരു കുലപാതകൻ സംശയമില്ല; കടലിലൽ നിന്നു രക്ഷപ്പെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാൻ സമ്മതിക്കുന്നില്ല എന്നു തമ്മിൽ പറയുകയും, അവൻ ഉടനെ ചത്തുവീഴും എന്നു പ്രതീക്ഷിച്ച് കാത്തുനിന്നു.
വളരെനേരം കാത്തുനിന്നിട്ടും അവർ പ്രതീക്ഷിച്ചത് സംഭവിച്ചില്ല. അതിനുമുമ്പ് അവർ കണ്ടിട്ടുള്ളതൊക്കെയും അതുപോലെ അപകടം സംഭവിക്കുന്നവരെല്ലാം ചത്തു വീഴുന്നതാണ്.
ലോകം പ്രതീക്ഷിക്കുന്നതും കാത്തിരിക്കുന്നതുമൊന്നുമല്ല ഒരു ദൈവപൈതലിൻ്റെ ജീവിതത്തിൽ സംഭവിക്കുന്നത്. ഒന്നുകൂടെ വ്യക്തമായിപ്പറഞ്ഞാൽ, യേശുകർത്താവിനെ സ്വീകരിക്കുന്ന ജീവിതങ്ങളിലും, യേശുകർത്താവിനെ പ്രവേശിപ്പിക്കുന്ന കുടുംബങ്ങളിലും അസാധാരണ സംഭവങ്ങൾ അഥവാ ലോകം പ്രതീക്ഷിക്കാത്ത കാര്യങ്ങൾ സംഭവിക്കും.
ഒരിക്കൽ പിറവിയിലെ കുരുടനായ ഒരു മനുഷ്യനെ കർത്താവ് കണ്ടപ്പോൾ അവനോട് മനസ്സലിഞ്ഞ് അവനെ സൗഖ്യമാക്കി (യോഹ. 9:11). എന്നാൽ പിന്നീട് അവനുണ്ടായ ബുദ്ധിമുട്ടുകൾ ചില്ലറയായിരുന്നില്ല. നിന്നെ ആർ സൗഖ്യമാക്കി എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയർന്നു. അയൽക്കാർ അവൻ്റെ പുറകെ കൂടി അവരോടെല്ലാം ഉത്തരംപറഞ്ഞ് മടുത്തു. പിന്നീട് കേട്ടവർ കേട്ടവരെല്ലാം എങ്ങനെ എങ്ങനെ എന്നു ചോദിച്ചുവന്നു. പിന്നീട് അവരെല്ലാവരുംകൂടി അവനെ പരീശന്മാരുടെ അടുക്കൽ കൊണ്ടുപോയി. അവർക്കും വിശ്വാസം വന്നില്ല അതുകൊണ്ട് അവർ അവൻ്റെ മാതാപിതാക്കളെ വിളിപ്പിച്ച് കാര്യം അന്വേഷിച്ചു, എന്നാൽ അതുകൊണ്ടൊന്നും അവർക്ക് തൃപ്തിയായില്ല. ചുരിക്കിപ്പറഞ്ഞാൽ അവൻ്റെ ജീവിതത്തിൽ ഉണ്ടായ സൗഖ്യം അവർക്ക് പിടിച്ചില്ല. അതുമാത്രമല്ല യേശുകർത്താവാണ് അവനെ സൗഖ്യമാക്കിയത് എന്നു കേൾക്കുന്നതിലും നല്ലത് അവൻ കുരുടനായിതന്നെ ജീവിച്ചാൽ മതിയായിരുന്നു എന്നാണ് അവർ ആഗ്രഹിച്ചത്. ലോകം എന്തു കരുതിയാലും, മറ്റുള്ളവർ എന്തുപറഞ്ഞാലും, സാരമില്ല കർത്താവിനെ സ്വീകരിക്കുന്ന ജീവിതങ്ങളിൽ അസാധാരണ സംഭവങ്ങൾ (ലോകം പ്രതീക്ഷിക്കാത്ത കാര്യങ്ങൾ) ഇന്നും നടന്നുകൊണ്ടിരിക്കുന്നു. സ്തോത്രം !
ഒരിക്കൽ കാനാവിലെ ഒരു ഭവനത്തിലേക്ക് അവർ കർത്താവിനെയും ശിഷ്യന്മാരെയും കല്യാണത്തിനു ക്ഷണിച്ചു. സൽക്കാരവേളയിൽ അവർ കരുതിയിരുന്ന വീഞ്ഞ് തീർന്നുപോയി. അവരുടെ വിഷമസ്ഥിതിയിൽ കർത്താവ് ഇടപെട്ടു. അവൻ പറഞ്ഞതനുസരിച്ച് വെള്ളംനിറച്ച കൽപ്പാത്രങ്ങൾ കൊണ്ടുപോയി പന്തിയിൽ വിളമ്പിയപ്പോൾ അത് മുന്തിയ ഇനം വീഞ്ഞായി മാറി. അത് വരുന്നുവാഴിക്ക് കൊടുത്തപ്പോൾ വിരുന്നുവാഴി പറഞ്ഞ അഭിപ്രായം തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്; “എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ടു; നീ നല്ല വീഞ്ഞു ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്നു അവനോടു പറഞ്ഞു” (യോഹ. 2:10). ഇത്ര നല്ല വീഞ്ഞ് അവിടെ വിളമ്പുമെന്ന് ആ വിരുന്നുവാഴിയും വിളിക്കപ്പെട്ടവരും സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല. യേശുകർത്താവിൻ്റെ സാന്നിധ്യം അപ്രതീക്ഷിത കാര്യം അവിടെ സംഭവിക്കുവാൻ കാരണമായി
യേശുകർത്താവ് വസിക്കുന്ന ഹൃദയങ്ങളിലും കുടുംബങ്ങളിലും ഇന്നും അസാധാരണ സംഭവങ്ങൾ നടക്കുന്നു. ലോകം പ്രതീക്ഷിക്കുന്നതുപോലല്ല, കർത്താവ് നിയന്ത്രിക്കുന്നതുപോലാണ് അവിടെ കാര്യങ്ങൾ നടക്കുന്നത്. അപ്പൊസ്തലനായ പൌലൊസിൻ്റെ മരണം കാത്തുനിന്നവരെല്ലാം നിരാശരായി. നോക്കിനിന്നവരുടെ മുമ്പിൽ കർത്താവ് അവനിൽക്കൂടെ മെലിത്ത ദ്വീപിൽ അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്തു (അപ്പൊ.പ്രവ. 28:8..).
ദൈവജനത്തിൻ്റെ ഉയർച്ചയും നന്മയും ഒന്നും ഈ ലോകം ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എന്നും ഞെരുക്കത്തിലും സങ്കടത്തിലും കഴിയണമെന്നാണ്, എന്നും രോഗത്തിലും പ്രയാസത്തിലും ഇരിക്കുന്നത് കാണാനാണ് അവർക്ക് ഇഷ്ടം. എന്നാൽ വേദപുസ്തക വാഗ്ദത്തവചനങ്ങളിൽ ഉറെച്ചു നിന്നുകൊണ്ട് ഒരിക്കൽക്കൂടെ എൻ്റെ വാക്കുകൾ ഞാൻ ആവർത്തിക്കട്ടെ, ഈ ലോകം പ്രതീക്ഷിക്കുന്നതും കാത്തിരിക്കുന്നതും അല്ല ഒരു ദൈവപൈതലിൻ്റെ ജീവിതത്തിൽ സംഭവിക്കുന്നത്, ഒരോ ദിവസവും അത്ഭുതങ്ങളാലും അടയാളങ്ങളാലും നമ്മുടെ കർത്താവ് നമ്മെ നടത്തും.
വിശ്വസിക്കുന്നവർക്ക് ആമേൻ പറയാം.