നോക്കിനിൽക്കുന്നവരുടെ മുമ്പിൽ മാനിക്കുന്ന ദൈവം (ഭാഗം 1)

November-2025

തൻ്റെ പിതാവ് കൊന്നുകളയുവാൻ കൽപ്പനകൊടുത്തിട്ടും, ആ രാജ കൽപ്പന ധിക്കരിച്ചുകൊണ്ട് രക്ഷിക്കാൻവേണ്ടി ആരോ ആ കുഞ്ഞിനെ ഞാങ്ങണയുടെ ഇടയിൽ ഒളിപ്പിച്ച് വെച്ചതാണ് എന്നറിഞ്ഞിട്ടും; ആ കുഞ്ഞിനോട് ഫറവോൻ്റെ പുത്രിക്ക് മനസ്സലിവുതോന്നിയെങ്കിൽ അത് സ്വർഗ്ഗത്തിലെ ദൈവം തോന്നിച്ചതുതന്നെയാണ്. സദൃശ്യ. 21:1 (“രാജാവിൻ്റെ ഹൃദയം യഹോവയുടെ കയ്യിൽ നീർത്തോടുകണക്കെ ഇരിക്കുന്നു; തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവൻ അതിനെ തിരിക്കുന്നു”)


         പുറപ്പാട് 2:4 “അവന്നു എന്തു ഭവിക്കുമെന്നറിവാൻ അവൻ്റെ പെങ്ങൾ ദൂരത്തു നിന്നു”.
     ഒരു ദൈവപൈതലിന് എന്തു ഭവിക്കുമെന്നറിയുവാൻ ആകാംക്ഷയോടെ എത്തിനോക്കുന്ന അനേകർ അവർക്ക് ചുറ്റുമുണ്ട്. അയൽപക്കക്കാരാകാം, സുഹൃത്തുക്കളാകാം, കൂടെ ജോലിചെയ്യുന്നവരാകാം, കുടുംബത്തിലുള്ളവർ പോലുമാകാം. അവരിൽ എൺപതുശതമാനം ആളുകളും ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും കാത്തിരിക്കുന്നതും ദൈവഭക്തൻ്റെ നന്മകാണാനല്ല. മറിച്ച് അവരുടെ തകർച്ച കണ്ട് പരിഹസിക്കുവാനും, വേദനകണ്ട് സന്തോഷിക്കുവാനും, തോൽവി കണ്ട് ആഹ്ലാദിക്കുവാനും, അപകടത്തിൽകണ്ട് കുറ്റപ്പെടുത്തുവാനോ... ആണ്. അല്ലാതെ അവരുടെ വിഷമം കണ്ട് ആശ്വസിപ്പിക്കാനോ, അവസ്ഥകണ്ട് സഹായിക്കുവാനോ, സങ്കടംകണ്ട് കൂടെ നിൽക്കാനോ..., അധികമാരും ഉണ്ടാകാറില്ല.
എബ്രായ സ്ത്രീകൾ പ്രസവിക്കുന്നത് ആൺകുട്ടികളാണെങ്കിൽ അവരെ കൊന്നുകളയുവാൻ ഫറവോരാജാവ് കൽപ്പനപുറപ്പെടുവിച്ചപ്പോൾ, മോശെയുടെ ജനനത്തിങ്കൽ കുഞ്ഞു കൊല്ലപ്പെടുമോ എന്ന് ഭയന്ന് മോശെയുടെ മാതാപിതാക്കൾ കുഞ്ഞിനെ ഒരു ഞാങ്ങണപ്പെട്ടകത്തിൽ കിടത്തി നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽവെച്ചു. എന്നിട്ട് മോശെക്ക് എന്തുഭവിക്കുമെന്നറിയുവാൻ പെങ്ങളെ കാവൽ നിർത്തി. ആ കുഞ്ഞിന് എന്തു സംഭവിക്കുമെന്ന് അറിയുവാൻ അവന്റെ പെങ്ങൾ ദൂരത്തു നോക്കിനിന്നു.
      ഈ വചനഭാഗം വ്യാഖ്യാനിച്ച് പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന പലരും അഭിപ്രായപ്പെടുന്ന ഒരു കാര്യം, ഫറവോൻ്റെ പുത്രി നദിയിൽ കുളിക്കാൻ വരുന്ന സമയംനോക്കി അവൾ കുഞ്ഞിനെ കണ്ടെത്തി രക്ഷിക്കുന്നതിനുവേണ്ടിയാണ് ശിശുവായ മോശെയെ അവർ നദിയിൽവെച്ചത് എന്നാണ്. എന്നാൽ അതു ശരിയാണ് എന്ന് തോന്നുന്നില്ല. കാരണം മാനുഷ്യ പദ്ധതികൾക്ക് അസാധ്യമായ രണ്ടു പ്രധാന കാര്യങ്ങളാണ് അവിടെ സംഭവിച്ചത്;
*(1) സമയകൃത്യത,* വാക്യം (പുറപ്പാട് 2:5 ‘ *അപ്പോൾ* ഫറവോൻ്റെ പുത്രി നദിയിൽ കുളിപ്പാൻ വന്നു’)
      നമ്മുടെ കർത്താവായ യേശുനാഥൻ്റെ വാക്കുകളിലും ഈ കാര്യം വ്യക്തമാണ് (അപ്പൊ.പ്രവ. 1:7 അവൻ അവരോടു: പിതാവു തൻ്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല). ഈ സത്യം തിരിച്ചറിഞ്ഞ ദാവീദ് രാജാവ് തൻ്റെ സങ്കീർത്തനത്തിൽ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത് (സങ്കീ. 31:15 എൻ്റെ കാലഗതികൾ നിൻ്റെ കയ്യിൽ ഇരിക്കുന്നു; എൻ്റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ) സമയവും കാലങ്ങളുടെയും പൂർണ്ണ അധികാരവും നിയന്ത്രണവും സർവ്വശക്തനായ ദൈവത്തിൻ്റെ കരങ്ങളിൽ മാത്രമാണ്. അതുകൊണ്ട് ആ സമയത്ത് ഫറവോൻ്റെ പുത്രിയെ നൈൽനദിയുടെ കരയിൽ എത്തിച്ചത് മോശെയുടെ പെങ്ങളുടെ പ്ലാനിംങ്ങിൽ നടന്ന ഒരു കാര്യമായിരുന്നില്ല, കാലഗതികൾ നിയന്ത്രിക്കുന്ന സ്വർഗ്ഗത്തിലെ ദൈവത്തിന്റെ പദ്ധതി ആയിരുന്നു.
*(2) അലിവുതോന്നി*, വാക്യം (പുറപ്പാട് 2:6 ‘അവൾ അതു തുറന്നാറെ പൈതലിനെ കണ്ടു: കുട്ടി ഇതാ, കരയുന്നു. അവൾക്കു അതിനോടു *അലിവുതോന്നി:* ഇതു എബ്രായരുടെ പൈതങ്ങളിൽ ഒന്നു എന്നു പറഞ്ഞു.’).
      തൻ്റെ പിതാവ് കൊന്നുകളയുവാൻ കൽപ്പനകൊടുത്തിട്ടും, ആ രാജ കൽപ്പന ധിക്കരിച്ചുകൊണ്ട് രക്ഷിക്കാൻവേണ്ടി ആരോ ആ കുഞ്ഞിനെ ഞാങ്ങണയുടെ ഇടയിൽ ഒളിപ്പിച്ച് വെച്ചതാണ് എന്നറിഞ്ഞിട്ടും; ആ കുഞ്ഞിനോട് ഫറവോൻ്റെ പുത്രിക്ക് മനസ്സലിവുതോന്നിയെങ്കിൽ അത് സ്വർഗ്ഗത്തിലെ ദൈവം തോന്നിച്ചതുതന്നെയാണ്. സദൃശ്യ. 21:1 (“രാജാവിൻ്റെ ഹൃദയം യഹോവയുടെ കയ്യിൽ നീർത്തോടുകണക്കെ ഇരിക്കുന്നു; തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവൻ അതിനെ തിരിക്കുന്നു”). ന്യായമായും അവളുടെ ഹൃദയത്തിൽ ആ കുഞ്ഞിനോട് ദേഷ്യവും പകയും തോന്നേണ്ടിടത്ത് അലിവു തോന്നിച്ച ദൈവപ്രവൃത്തി ആയിരുന്നു അത്.
       പിന്നീട് മോശെയുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ചരിത്രം. അവന്ന് എന്തുഭവിക്കും എന്നറിയുവാൻ നോക്കിനിന്നവരുടെ മുമ്പിൽ ഒരു രാജകുമാരനായി ദൈവം മോശെയെ വളർത്തി. യിസ്രായേൽ ജനത്തെ വിടുവിക്കുവാനും കനാൻദേശത്തേക്ക് കൊണ്ടുപോകുവാനുമുള്ള മഹാദൗത്യം സ്വർഗ്ഗം മോശെയെ ഏൽപ്പിച്ചു. മോശെയിൽക്കൂടെ ദൈവം അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു.
       ഒരുദൈവപൈതലിന് എന്തുസംഭവിക്കുമെന്ന് കാണുവാൻ ഇന്നും അവരെ നോക്കിക്കൊണ്ട് നില്ക്കുന്ന അനേകരുണ്ട്. അവന്റെ കുടുംബവും തലമുറയും ഗുണംപിടിക്കുമോ എന്ന് അസൂയകണ്ണുകളോടെ നോക്കിനിൽക്കുന്നവരുടെ മുമ്പിൽ ദൈവം അവരെ ഉയർത്തും. കാരണം നമ്മെ വിളിച്ചവൻ വിശ്വസ്തനും നമ്മെ നടത്തുവാൻ ശക്തനുമാണ്. സ്തോത്രം ! ഹല്ലേലൂയ്യാ !
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ (മൊ. 9424400654)
ഭോപ്പാൽ, മധ്യപ്രദേശ്
ഈ സന്ദേശത്തിൻ്റെ തുടർന്നുള്ള ഭാഗങ്ങൾ അടുത്ത ദിവസങ്ങളിൽ അയക്കുന്നതായിരിക്കും. അവ മറ്റുള്ളവർക്കും അയച്ചുകൊടുത്താലും. പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ വിളിക്കേണ്ട നമ്പർ: 9424400654, 7898211849, 8989004829
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”