ദൈവം എണ്ണുന്നു (Prt. 4)
*4) സങ്കീ. 106:31 “… അവന്നു നീതിയായി എണ്ണിയിരിക്കുന്നു”*
ആർക്കാണ് നീതിയായി എണ്ണിയിരിക്കുന്നത് എന്ന് 30 വാക്യത്തിൽ വായിക്കുന്നുണ്ട്. “ഫീനെഹാസ് എഴുന്നേറ്റ് ശിക്ഷ നടത്തി; ബാധ നിർത്തലാകയും ചെയ്തു. അതു എന്നേക്കും തലമുറതലമുറയായി അവന്നു നീതിയായി എണ്ണിയിരിക്കുന്നു”
സ്വർഗ്ഗത്തിലെ ദൈവം നീതിയായി എണ്ണുവാൻ തക്ക എന്തു കാര്യമാണ് ഫീനെഹാസ് നടത്തിയത് ? ആ സംഭവം വിശദമായി സംഖ്യാപുസ്തകം 25 അധ്യായത്തിൽ പരിശുദ്ധാത്മാവ്
രേഖപ്പെടുത്തിയിട്ടുണ്ട്. വാക്യം 7..
“എന്നാൽ മോശെയും സമാഗമന കൂടാരത്തിൻ്റെ വാതിൽക്കൽ കരഞ്ഞുകൊണ്ടിരിക്കുന്ന യിസ്രായേൽമക്കളുടെ സർവ്വസഭയും കാൺകെ, ഒരു യിസ്രായേല്യൻ തൻ്റെ സഹോദരന്മാരുടെ മദ്ധ്യത്തിലേക്കു ഒരു മിദ്യാന്യ സ്ത്രീയെ കൊണ്ടുവന്നു. അഹരോൻ പുരോഹിതൻ്റെ മകനായ എലെയാസാരിൻ്റെ മകൻ ഫീനെഹാസ് അതു കണ്ടപ്പോൾ സഭയുടെ മദ്ധ്യേനിന്നു എഴുന്നേറ്റു കയ്യിൽ ഒരു കുന്തം എടുത്തു, ആ യിസ്രായേല്യൻ്റെ പിന്നാലെ അന്തപുരത്തിലേക്കു ചെന്നു ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നേ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി, അപ്പോൾ ബാധ യിസ്രായേൽ മക്കളെ വിട്ടുമാറി.... പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു: ഞാൻ എൻ്റെ തീക്ഷ്ണതയിൽ യിസ്രായേൽമക്കളെ സംഹരിക്കാതിരിക്കേണ്ടതിന്നു അഹരോൻ പുരോഹിതൻ്റെ മകനായ എലെയാസാരിൻ്റെ മകൻ *ഫീനെഹാസ് അവരുടെ ഇടയിൽ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി എൻ്റെ ക്രോധം യിസ്രായേൽ മക്കളെ വിട്ടുപോകുമാറാക്കിയിരിക്കുന്നു* ആകയാൽ ഇതാ, *ഞാൻ അവന്നു എൻ്റെ സമാധാനനിയമം കൊടുക്കുന്നു* അവൻ തൻ്റെ ദൈവത്തിന്നുവേണ്ടി തീക്ഷ്ണതയുള്ളവനായി യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചതുകൊണ്ടു അതു *അവന്നും അവൻ്റെ സന്തതിക്കും നിത്യപൌരോഹിത്യത്തിൻ്റെ നിയമമാകുന്നു* എന്നു നീ പറയേണം. മിദ്യാന്യസ്ത്രീയോടുകൂടെ കൊന്ന യിസ്രായേല്യന്നു സിമ്രി എന്നു പേർ; അവൻ ശിമെയോൻ ഗോത്രത്തിൽ ഒരു പ്രഭുവായ സാലൂവിൻ്റെ മകൻ ആയിരുന്നു. കൊല്ലപ്പെട്ട മിദ്യാന്യ സ്ത്രീക്കു കൊസ്ബി എന്നു പേർ; അവൾ ഒരു മിദ്യാന്യഗോത്രത്തിൽ ജനാധിപനായിരുന്ന സൂരിൻ്റെ മകളായിരുന്നു.”
ദൈവത്തിൻ്റെ ആലയത്തെക്കുറിച്ചു എരിവുള്ളവനായിരുന്നു ഫീനെഹാസ്. ആ ആലയത്തിൽ ഒരു അനീതി നടക്കുന്നതുകണ്ടപ്പോൾ മുമ്പും പിമ്പും നോക്കാതെ അതിനോട് പ്രതികരിച്ചു. ആ അനീതി കണ്ടിരുന്ന മോശെയുടെയും ജനത്തിൻ്റെ തലവന്മാരുടെയും യിസ്രായേൽമക്കളുടെ സർവ്വസഭയും കാൺകെയാണ് ഫീനെഹാസ് ആ ശിക്ഷ നടപ്പാക്കിയത് എന്നു കാണാം. ദൈവസഭയിൽ ഒരു അനീതി നടക്കുന്നതുകണ്ടപ്പോൾ ആരുടെയും മുഖംനോക്കാതെ, പക്ഷപാദംചെയ്യാതെ ഉടനടി അതിനോട് പ്രതികരിക്കാൻ മടിക്കാതിരുന്ന ഫീനെഹാസിൻ്റെ പ്രവൃത്തിയെ സ്വർഗ്ഗം നീതിയായി എണ്ണി.
ദൈവസഭയിൽ നടക്കുന്ന അനീതിക്കും അശുദ്ധിക്കും കൊള്ളരുതായ്മകൾക്കും നേരെ ഉത്തരവാദിത്തപ്പെട്ടവർ കണ്ണടയ്ക്കുമ്പോൾ, എരിവോടെ എഴുന്നേൽക്കുന്ന ഫീനെഹാസുമാരുണ്ടോ എന്ന് ദൈവം ഇന്നും നോക്കുന്നുണ്ട്.
ദൈവം നീതിയായി എണ്ണിയ ഫീനെഹാസിൻ്റെ ചരിത്രം പരിശോധിച്ചാൽ, ദൈവവാഗ്ദത്തം അക്ഷരംപ്രതി അവൻ്റെ തലമുറയിൽ വെളിപ്പെട്ടു എന്ന് വേദപുസ്തകം പഠിക്കുമ്പോൾ മനസ്സിലാകും.
“ഇതാ, ഞാൻ അവന്നു എൻ്റെ സമാധാനനിയമം കൊടുക്കുന്നു... അതു അവന്നും അവൻ്റെ സന്തതിക്കും നിത്യപൌരോഹിത്യത്തിൻ്റെ നിയമമാകുന്നു.”
സമാധാനവും പൌരോഹിത്യവും അവൻ്റെ തലമുറയിൽനിന്ന് വിട്ടുമാറുവാൻ സ്വർഗ്ഗം അനുവദിച്ചില്ല. ആ മഹാപുരോഹിതസ്ഥാനം ഫീനെഹാസിലൂടെ നിത്യപൌരോഹിത്യത്തിൻ്റെ നിയമമായി. തലമുറകൾ അതു കൈമാറിക്കൊണ്ടിരുന്നു; ഫീനെഹാസിൽ നിന്ന് അബീശൂവയിലേക്ക്, ബുക്കിയിലേക്ക്, ഉസ്സിയിലേക്ക്, സെരഹ്യാവിലേക്ക്, മെരായോത്തിലേക്ക്, അമർയ്യാവിലേക്ക്, അഹിത്തൂബിലേക്ക്, സാദോക്കിലേക്ക്, അഹീമാസിലേക്ക്, അസർയ്യാവിലേക്ക്, യോഹാനാവിലേക്ക്, അസർയ്യാവിലേക്ക്, അമർയ്യാവിലേക്ക്, അഹീത്തൂബിലേക്ക്, സാദോക്കിലിക്കേ്, ശല്ലൂമിലേക്ക്, ഹിൽക്കീയാവിലേക്ക്, അസർയ്യാവിലേക്ക്, സെരായാവിലേക്ക്, യെഹോസാദാക്കിലേക്ക്, യോശുവയിലേക്ക്, അവൻ്റെ മക്കളിലേക്ക്..… അങ്ങനെ ദൈവം ഫീനെഹാസിനുകൊടുത്ത സമാധാനനിയമവും നിത്യപൌരോഹിത്യത്തിൻ്റെ നിയമവും തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്നുകൊണ്ടിരുന്നു. (1 ദിന.6:4..)
ഫീനെഹാസിൻ്റെ ഇരുപത്തൊന്നാം തലമുറയിൽ ജനിച്ച യോശുവയോട് (യേശുവാ) ദൈവം ഇടപെട്ടത് എങ്ങനെയായിരുന്നു എന്ന് ഒരു ഉദാഹരണമായി നമുക്കു പരിശോധിക്കാം;
എസ്രാ 3:8
“അവർ യെരൂശലേമിലെ ദൈവാലയത്തിങ്കൽ എത്തിയതിൻ്റെ രണ്ടാമാണ്ടു രണ്ടാം മാസം ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലും യോസാദാക്കിൻ്റെ മകനായ യേശുവയും അവരുടെ ശേഷം സഹോദരന്മാരും പുരോഹിതന്മാരും ലേവ്യരും പ്രവാസത്തിൽനിന്നു യെരൂശലേമിലേക്കു വന്നവർ എല്ലാവരും കൂടി പണിതുടങ്ങി..”
ഹഗ്ഗായി 1:12,14
“യഹോവ യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിൻ്റെ മനസ്സും മഹാപുരോഹിതനായി യെഹോസാദാക്കിൻ്റെ മകനായ യോശുവയുടെ മനസ്സും ജനത്തിൽ ശേഷിപ്പുള്ള ഏവരുടെയും മനസ്സും ഉണർത്തി; അവർ വന്നു തങ്ങളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിങ്കൽ വേല ചെയ്തു.”
ഹഗ്ഗായി 2:4,5
“ഇപ്പോഴോ സെരുബ്ബാബേലേ, ധൈര്യപ്പെടുക എന്നു യഹോവയുടെ അരുളപ്പാടു; മഹാപുരോഹിതനായി യഹോസാദാക്കിൻ്റെ മകനായ യോശുവേ, ധൈര്യപ്പെടുക; ദേശത്തിലെ സകലജനവുമായുള്ളോരേ, ധൈര്യപ്പെട്ടു വേല ചെയ്വിൻ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളോടുകൂടെ ഉണ്ടല്ലോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു. നിങ്ങൾ മിസ്രയീമിൽ നിന്നു പുറപ്പെട്ടപ്പോൾ ഞാൻ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിൻ്റെ വചനം ഓർപ്പിൻ; എൻ്റെ ആത്മാവു നിങ്ങളുടെ ഇടയിൽ വസിക്കുന്നു; നിങ്ങൾ ഭയപ്പെടേണ്ടാ”
ഒരിക്കൽ ബാബേൽരാജാവായ നെബൂഖദ്നേസർ യിസ്രായേൽ ജനത്തെ പ്രവാസത്തിലേക്ക് കൊണ്ടുപോകുമ്പോൾ അവരുടെ പ്രിയപ്പെട്ട ദൈവാലയം നശിപ്പിക്കുകയും തീവെക്കുകയും ചെയ്തിരുന്നു. പിന്നീട് അവർ പ്രവാസത്തിൽനിന്ന് മടങ്ങിവന്നപ്പോൾ ആദ്യം ചെയ്തത് അവരുടെ എല്ലാമെല്ലാമായിരുന്ന ദൈവാലയം പണിയുകയായിരുന്നു. ആ ദൈവാലയത്തിൻ്റെ നിർമ്മാണത്തിനുവേണ്ടി എരിവോടെ മുന്നിൽ നിന്നവരിൽ ഒരാളായിരുന്നു യേശുവാ, ഇരുപത്തൊന്നാം തലമുറയിലെ ഫീനെഹാസിൻ്റെ കൊച്ചുമകൻ.
*വെല്ല്യപ്പനായ ഫീനെഹാസ് എങ്ങനെയായിരുന്നോ അതുപോലായിരുന്നു ഇരുപത്തൊന്നാം തലമുറയിലെ കൊച്ചുമകനായ യേശുവയും, ഇരുപത്തിരണ്ടാം തലമുറയിലെ അവൻ്റെ മക്കളും (എസ്രാ. 3:9). ആലയത്തെക്കുറിച്ചുള്ള എരിവിനും തീഷ്ണതയ്ക്കും ഒട്ടും കുറവുണ്ടായിരുന്നില്ല. പിതാക്കന്മാർ / മാതാപിതാക്കൾ കർത്താവിനുവേണ്ടി വിശ്വസ്തരായി നിൽക്കുമ്പോൾ സ്വർഗ്ഗത്തിലെ ദൈവം അതു നീതിയായി എണ്ണി ദൈവാനുഗ്രഹങ്ങൾ തലമുറകളിലേക്ക് ഇന്നും പകർന്നുകൊണ്ടിരിക്കുന്നു സ്തോത്രം ! ഹല്ലേലൂയ്യാ !*
*മറ്റൊരു സംഭവംകൂടെ നമുക്കു പരിശോധിക്കാം;*
ഒരിക്കൽ ഫീനെഹാസിൻ്റെ തലമുറയിലെ കൊച്ചുമകനായ, മഹാപുരോഹിതനായ യോശുവായെ കുറ്റം ചുമത്തുവാൻ സാത്താൻ വന്നു. അപ്പോൾ ദൈവം അവന്നുവേണ്ടി ഇടപെട്ടത് എങ്ങനെയാണ് എന്ന് തിരുവചനത്തിൽ വായിക്കാം;
സെഖ. 3:2…
“യഹോവ സാത്താനോടു: സാത്താനേ, യഹോവ നിന്നെ ഭർത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നേ നിന്നെ ഭർത്സിക്കുന്നു; ഇവൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ എന്നു കല്പിച്ചു. എന്നാൽ യോശുവ മുഷിഞ്ഞ വസ്ത്രം ധരിച്ചു ദൂതൻ്റെ മുമ്പിൽ നിൽക്കയായിരുന്നു. അവൻ തൻ്റെ മുമ്പിൽ നില്ക്കുന്നവരോടു: മുഷിഞ്ഞ വസ്ത്രം അവങ്കൽനിന്നു നീക്കിക്കളവിൻ എന്നു കല്പിച്ചു; പിന്നെ അവനോടു: ഞാൻ നിന്റെ അകൃത്യം നിന്നിൽനിന്നു പോക്കിയിരിക്കുന്നു; നിന്നെ ഉത്സവവസ്ത്രം ധരിപ്പിക്കും എന്നു അരുളിച്ചെയ്തു. അവൻ്റെ തലയിൽ വെടിപ്പുള്ളോരു മുടി വെക്കട്ടെ എന്നു അവൻ കല്പിച്ചു; അങ്ങനെ അവർ അവൻ്റെ തലയിൽ വെടിപ്പുള്ളോരു മുടി വെച്ചു. അവനെ വസ്ത്രം ധരിപ്പിച്ചു യഹോവയുടെ ദൂതനോ അടുക്കെ നിൽക്കയായിരുന്നു. യഹോവയുടെ ദൂതൻ യോശുവയോടു സാക്ഷീകരിച്ചതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എൻ്റെ വഴികളിൽ നടക്കയും എൻ്റെ കാര്യം നോക്കുകയും ചെയ്താൽ നീ എൻ്റെ ആലയത്തെ പരിപാലിക്കയും എൻ്റെ പ്രാകാരങ്ങളെ സൂക്ഷിക്കയും ഞാൻ നിനക്കു ഈ നില്ക്കുന്നവരുടെ ഇടയിൽ ആഗമനം അനുവദിക്കയും ചെയ്യും”.
സെഖ. 6:11..
“അവരോടു നീ വെള്ളിയും പൊന്നും വാങ്ങി കിരീടം ഉണ്ടാക്കി മഹാപുരോഹിതനായി യെഹോസാദാക്കിൻ്റെ മകനായ യോശുവയുടെ തലയിൽ വെച്ചു അവനോടു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുള എന്നു പേരുള്ളൊരു പുരുഷനുണ്ടല്ലോ; അവൻ തൻ്റെ നിലയിൽനിന്നു മുളെച്ചുവന്നു യഹോവയുടെ മന്ദിരം പണിയും.”
യോശുവയെക്കുറിച്ച് സെഖര്യാവ് പ്രവാചകൻ കണ്ട ദർശനങ്ങളാണ് ഇത്. ഒരിക്കൽ യഹോവയായ ദൈവം ഫീനെഹാസിനോട് ചെയ്ത നിയമത്തിൻ്റെ അനുഗ്രഹമാണ് ഇതുപോലെ തലമുറതലമുറകളായി വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്. ദൈവത്തിന് അവരെ തള്ളിക്കളയാൻ കഴിയില്ല, കാരണം അത് ദൈവം ചെയ്ത ഒരു നിയമമാണ്, *ഫീനെഹാസ് മരിച്ച് മണ്ണിലലിഞ്ഞാലും, തലമുറകൾ എത്രമാറിയാലും, കാലങ്ങളും നൂറ്റാണ്ടുകളും കടന്നുപോയാലും സ്വർഗ്ഗത്തിലെ ദൈവം നീതിയായി എണ്ണിയത് നീതിയായിതന്നെ നിലനിൽക്കും. സ്തോത്രം !*
ഈ നല്ല വചനങ്ങളാൽ കർത്താവ് നമ്മെ അനുഗ്രഹിക്കട്ടെ,
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ (മൊ. 9424400654)
ഭോപ്പാൽ, മധ്യപ്രദേശ്
ദൈവം എണ്ണുന്നു എന്ന ഈ ധ്യാന സന്ദേശത്തിൻ്റെ അടുത്ത ഭാഗങ്ങൾ പുറകാലെ അയക്കുന്നതായിരിക്കും. ഈ അനുഗ്രഹ സന്ദേശം മറ്റുള്ളവരുമായും ഷെയർ ചെയ്താലും. പ്രാർത്ഥനാ സഹായത്തിന് വിളിക്കേണ്ട നമ്പർ 9424400654, 7898211849, 8989004829