സന്തതി എന്നു എണ്ണുന്നു

October-2025

ക്രിസ്തുവിന് കൂട്ടവകാശികളായിട്ടാണ് ദൈവം നമ്മെ എണ്ണിയിരിക്കുന്നത്. അതുകൊണ്ടാണ് യേശുകർത്താവ് തൻ്റെ സ്വർഗ്ഗീയ പിതാവിനെ അബ്ബാ, പിതാവേ, (മർക്കൊ. 14:36) എന്നു വിളിച്ചതുപോലെ തന്നെ നമുക്കും അബ്ബാ, പിതാവേ, വിളിക്കുവാനുള്ള അവകാശത്തെ നൽകിയത്. ഈ അവകാശം ദൈവം മറ്റാർക്കും നൽകിയിട്ടില്ല, മക്കളായി മറ്റാരെയും എണ്ണിയിട്ടില്ല. സ്തോത്രം !


     ഈ വിഷയത്തോടുള്ള ബന്ധത്തിൽ തിരുവചനത്തിൽ നിന്നും രണ്ടു കാര്യങ്ങളാണ് ഇതുവരെ നമ്മൾ ധ്യാനിച്ചത് (ഇയ്യോബ് 14:16 ദൈവം നമ്മുടെ കാലടികളെ എണ്ണുന്നു, സങ്കീ. 56:8 ദൈവം നമ്മുടെ ഉഴൽചകളെ എണ്ണുന്നു).
*3) റോമർ 9:8 “ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിൻ്റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു”*
    ഇതൊരു ആത്മീയ മർമ്മമാണ്. ഇതിൻ്റെ തൊട്ടുമുകളിലുള്ള വാക്യംകൂടെ ചേർത്തു വായിച്ചെങ്കിൽ മാത്രമേ കാര്യം വ്യക്തമാകുകയുള്ളൂ (വാക്യം 6..) “യിസ്രായേലിൽനിന്നു ഉത്ഭവിച്ചവർ എല്ലാം യിസ്രായേല്യർ എന്നും അബ്രാഹാമിൻ്റെ സന്തതിയാകയാൽ എല്ലാവരും മക്കൾ എന്നു വരികയില്ല; “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിൻ്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളു.”
    യേശുക്രിസ്തുവിൻ്റെ വിലയേറിയ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവർ, ഏതു ഭാഷയിൽ നിന്നുള്ളവരാകട്ടെ, ഏതു പാരമ്പര്യത്തിൽ നിന്നുള്ളവരാകട്ടെ, ഏതു ജാതിയിൽ നിന്നുള്ളവരാകട്ടെ, ഏതു വർണ്ണത്തിലുള്ളവരാകട്ടെ… ദൈവം അവരെ സന്തതികൾ അഥവാ മക്കൾ എന്ന് എണ്ണിയിരിക്കുന്നു.
യോഹ. 1:11, 12 “അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ടു അവൻ്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.”
1 യോഹ. 3:1,2 “കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല. പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.”
     യേശുകർത്താവിൽ വിശ്വസിച്ച് അവിടുത്തെ രക്ഷകനും കർത്താവുമായി ഹൃദയത്തിൽ സ്വീകരിച്ച്, അവിടുത്തെ കൽപ്പനകൾ അനുസരിച്ച്, സാക്ഷികളായി ജീവിക്കുന്നവരെ ദൈവം തൻ്റെ മക്കളായിട്ടാണ് എണ്ണിയിരിക്കുന്നത്. ഇത് വെറും ഒരു സ്ഥാനപ്പേരല്ല, സകല അവകാശത്തോടും സ്വാതന്ത്രത്തോടുംകൂടെ സ്വർഗ്ഗത്തിലെ ദൈവത്തിനെ അബ്ബാ പിതാവേ, എന്നു വിളിക്കാനുള്ള പ്രാഗൽഭ്യമാണ് പരിശുദ്ധാത്മാവിനാൽ നമുക്കു നൽകപ്പെട്ടിരിക്കുന്നത്.
“നിങ്ങൾ മക്കൾ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു. അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രെ; പുത്രനെങ്കിലോ ദൈവഹിതത്താൽ അവകാശിയും ആകുന്നു.” (ഗലാ. 4:6,7)
നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിൻ്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു. ... നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിൻ്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; (റോമർ 8:15..)
      ക്രിസ്തുവിന് കൂട്ടവകാശികളായിട്ടാണ് ദൈവം നമ്മെ എണ്ണിയിരിക്കുന്നത്. അതുകൊണ്ടാണ് യേശുകർത്താവ് തൻ്റെ സ്വർഗ്ഗീയ പിതാവിനെ അബ്ബാ, പിതാവേ, (മർക്കൊ. 14:36) എന്നു വിളിച്ചതുപോലെ തന്നെ നമുക്കും അബ്ബാ, പിതാവേ, വിളിക്കുവാനുള്ള അവകാശത്തെ നൽകിയത്. ഈ അവകാശം ദൈവം മറ്റാർക്കും നൽകിയിട്ടില്ല, മക്കളായി മറ്റാരെയും എണ്ണിയിട്ടില്ല. സ്തോത്രം !
    നമ്മൾ ദൈവത്തിന് എത്രമാത്രം പ്രിയരാണ്, വേണ്ടപ്പെട്ടവരാണ്, വിലയേറിയവരാണ്… എന്ന് ഒരിക്കൽക്കൂടെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടിയാണ് ഈ തിരുവചനം ഇന്ന് ദൈവാത്മാവ് നമ്മെ ഓർമ്മിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് സ്നേഹനിധിയായ ആ സ്വർഗ്ഗീയപിതാവിൻ്റെ സന്നിധിയിൽ അബ്ബാ പിതാവേ, എന്നുവിളിച്ചുകൊണ്ട് നമ്മുടെ ഹൃദയം പകരാം, ആവശ്യങ്ങൾ പറയാം, സങ്കടങ്ങൾ അറിയിക്കാം…
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ (മൊ. 9424400654)
ഭോപ്പാൽ, മധ്യപ്രദേശ്
ദൈവം എണ്ണുന്നു എന്ന ഈ ധ്യാന സന്ദേശത്തിൻ്റെ അടുത്ത ഭാഗങ്ങൾ പുറകാലെ അയക്കുന്നതായിരിക്കും. ഈ അനുഗ്രഹ സന്ദേശം മറ്റുള്ളവരുമായും ഷെയർ ചെയ്താലും. പ്രാർത്ഥനാ സഹായത്തിന് വിളിക്കേണ്ട നമ്പർ 9424400654, 7898211849, 8989004829
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ക്രൂശിലെ സ്നേഹം

ഒരു മുഷ്യശരീരത്തിൽ ഉള്ള രക്തത്തിൻ്റെ അളവ് ഏകദേശം 6 ലിറ്ററാണ് എന്ന് കണക്കാക്കപ്പെടുന്നു. ഒലിവ് മലയിൽവെച്ച് യേശുകർത്താവ് പ്രാർത്ഥിച്ചപ്പോൾ ലൂക്കൊ. 22:44 വിയർപ്പുതുള്ളിപോലെ ഒഴുകുവാനാരംഭിച്ച നാഥൻ്റെ ശരീരത്തിലെ, അവസാനതുള്ളി രക്തം, യോഹ. 19:34 ൽ ഒഴുകിതീർന്ന് ഇനിയും ഒരുതുള്ളിപോലും ആ ശരീരത്തിൽ അവശേഷിക്കുന്നില്ല എന്നതിൻ്റെ അടയാളമായി വെള്ളവും ഒഴുകിവന്നു. വേല്യപുസ്തകം 17:11 ൽ വായിക്കുന്നതുപോലെയും വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നതും ജീവൻ രക്തത്തിലാണല്ലോ ഇരിക്കുന്നത്; അതായത്, അവസാനതുള്ളി രക്തവും നമുക്കുവേണ്ടി ഊറ്റിതന്ന യേശുനാൻ അവിടുത്തെ ജീവൻതന്നെ നമുക്കുവേണ്ടി യാഗമായി അർപ്പിക്കുകയായിരുന്നു. സ്തോത്രം.