ഒക്ടോബർമാസ അനുഗ്രഹ സന്ദേശം

October-2025

വെള്ളംവറ്റി വരണ്ടുണങ്ങിയ തോട്ടങ്ങൾ, തുള്ളൻ പ്രവേശിച്ച് മുടിച്ചുകളഞ്ഞ തോട്ടങ്ങൾ, മാനത്തിനുപകരം ലജ്ജക്ക് കാരണമായ തോട്ടങ്ങൾ, മറ്റുള്ളവർ അപഹരിച്ച തോട്ടങ്ങൾ, മുള്ളുകൾ നിറഞ്ഞ് ഒന്നിനും കൊള്ളാത്ത തോട്ടങ്ങൾ…       ഇതുപോലെ ദൈവം അനുഗ്രഹിച്ചുനൽകിയ തോട്ടങ്ങൾക്കുണ്ടായ അനർത്ഥങ്ങളുടെ ഒരു നീണ്ടപട്ടിക തിരുവചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ചില ജീവിതാവസ്ഥകളെയാണ് സൂചിപ്പിക്കുന്നത്.


      ഒരു പുതിയ മാസത്തിലേക്ക് പ്രവേശിക്കുവാൻ കർത്താവ് നമുക്ക് കൃപനൽകിയതോർത്ത് കർത്താവിനെ സ്തുതിക്കാം സ്തോത്രം ചെയ്യാം.
    ഈ മാസത്തേക്കുവേണ്ട സ്വർഗ്ഗീയ മന്നക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ ദൈവാത്മാവ് എൻ്റെ ഹൃദയത്തിൽ പ്രകാശിപ്പിച്ച ഒരു വാക്യമാണ് ഉത്തമഗീതം 4:15 “നീ തോട്ടങ്ങൾക്കു ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും ലെബാനോനിൽനിന്നു ഒഴുകുന്ന ഒഴുക്കുകളും തന്നേ.”
     തൻ്റെ കാന്തയായ ദൈവസഭയ്ക്കുവേണ്ടി മണവാളനാകുന്ന ക്രിസ്തു നൽകിയിരിക്കുന്ന ഒരു അനുഗ്രഹമാണ് ഇത്. തോട്ടങ്ങൾ ദൈവാനുഗ്രഹത്തിൻ്റെ അടയാളമാണ് എന്ന് തിരുവചനത്തിൽ കാണുവാൻ കഴിയും. അതുകൊണ്ടാണ് യിസ്രായേൽ ജനം കൈവശമാക്കുവാൻ പോകുന്ന ദേശത്തേക്കുറിച്ച് മോശെ അവരോട് ഇപ്രകാരം പറഞ്ഞത് “നീ നിറെക്കാതെ സകലസമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും നീ കുഴിക്കാത്ത കിണറുകളും നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിനക്കു തരികയും നീ തിന്നു തൃപ്തി പ്രാപിക്കയും ചെയ്യുമ്പോൾ നിന്നെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.” (ആവർ. 6:11,12).
     എന്നാൽ സ്വർഗ്ഗം അനുഗ്രഹിച്ചു നൽകിയ ആ തോട്ടങ്ങൾ വിശ്വസ്തതയോടെ സൂക്ഷിക്കുവാൻ പലപ്പോഴും അവർക്ക് കഴിഞ്ഞില്ല. ശത്രുക്കൾ കയറി ആ തോട്ടങ്ങളെ ചുട്ടുകളയുന്ന അനുഭവങ്ങൾ ഉണ്ടായി, തോട്ടങ്ങൾ മറ്റുള്ളവർ കൈവശമാക്കിയ സംഭവങ്ങൾ ഉണ്ടായി (1 ശമു. 8:14), ദൈവം അനുഗ്രഹിച്ചുനൽകിയ തോട്ടങ്ങളിൽ അവർ അന്യദേവന്മാർക്ക് ബലിയർപ്പിക്കുവാൻ മടിച്ചില്ല (യെശ. 65:3), ചിലരുടെ തോട്ടങ്ങൾ അവരുടെതന്നെ ലജ്ജക്ക് കാരണമായിത്തീർന്നു (യെശ. 1:29), ചിലരുടെ തോട്ടങ്ങളിൽ തുള്ളൻ പ്രവേശിക്കയും എല്ലാം തിന്നുകളയുകയും ചെയ്തു (ആമോ. 4:9), ചില തോട്ടങ്ങൾ മുള്ളുകൾ പടർന്നുപിടിച്ചും തൂവനിറഞ്ഞ് നിലംമൂടികിടന്നു (സദൃശ്യ. 24:30,31) ,….
വെള്ളംവറ്റി വരണ്ടുണങ്ങിയ തോട്ടങ്ങൾ,
തുള്ളൻ പ്രവേശിച്ച് മുടിച്ചുകളഞ്ഞ തോട്ടങ്ങൾ,
മാനത്തിനുപകരം ലജ്ജക്ക് കാരണമായ തോട്ടങ്ങൾ,
മറ്റുള്ളവർ അപഹരിച്ച തോട്ടങ്ങൾ,
മുള്ളുകൾ നിറഞ്ഞ് ഒന്നിനും കൊള്ളാത്ത തോട്ടങ്ങൾ…
      ഇതുപോലെ ദൈവം അനുഗ്രഹിച്ചുനൽകിയ തോട്ടങ്ങൾക്കുണ്ടായ അനർത്ഥങ്ങളുടെ ഒരു നീണ്ടപട്ടിക തിരുവചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ചില ജീവിതാവസ്ഥകളെയാണ് സൂചിപ്പിക്കുന്നത്. ദൈവീക നന്മകൾ നഷ്ടപ്പെട്ട്, ജീവിതത്തിൽ ഒരു ഉയർച്ചയും ഉണ്ടാകാതെ, സ്വസ്ഥതയും സമാധാനവും ഇല്ലാതെ തകർന്നിരിക്കുന്ന ജീവിതാവസ്ഥകളെതന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു മാതാവ് ചില പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുന്നതിനുവേണ്ടി എന്നെ ഫോണിൽവിളിച്ച് സംസാരിക്കുകയുണ്ടായി. നല്ല ഒരു കുടുംബാന്തരീക്ഷമായിരുന്നു അവരുടേത്, ഭർത്താവിൻ്റെ ജോലി തിരുവനന്തപുരത്തായിരുന്നതുകൊണ്ട് അവർ രണ്ടു മക്കളോടൊപ്പം അവിടെ ക്വോർട്ടേഴ്സിലായിരുന്നു താമസം. ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾതന്നെ അവർ സ്വദേശമായ പാലക്കാട് നല്ല ഒരു വീടു പണിയുകയും കൂടുതൽ സ്ഥലം വാങ്ങുകയും ചെയ്തു. ഭർത്താവ് റിട്ടയർ ചെയ്തശേഷം അവർ പാലക്കാട് വന്ന് താമസം തുടങ്ങി. എന്നാൽ ഒന്നുരണ്ടു മാസങ്ങൾക്കുള്ളിൽ ഒരു ഹൃദയാഘാതം ഉണ്ടായി ഭർത്താവിൻ്റെ മരണം സംഭവിച്ചു. അതോടെ അവരുടെ ജീവിതത്തിൻ്റെ താളംതെറ്റി. വർഷങ്ങൾ കഴിഞ്ഞു ഒരു മകനും മകളും ഉണ്ട്, രണ്ടുപേർക്കും ജോലി ഇല്ല, വിവാഹം കഴിഞ്ഞിട്ടില്ല, മാനസിക രോഗികളെപ്പോലെ രണ്ടു മക്കളും മുറിയടച്ചിരുപ്പാണ്. സ്ഥല (സ്വത്ത്) വിഷയത്തിൽ ബന്ധുക്കളുമായി പ്രശ്നമാണ്. ആരും ഒരു സഹായത്തിനില്ല, ആ മാതാവിൻ്റെ സമാധാനവും സ്വസ്ഥതയും നഷ്ടപ്പെട്ടു, ചിന്താഭാരത്താൽ ഉറങ്ങിയിട്ട് നാളുകളായി. തോട്ടം വരണ്ടിരിക്കുന്ന അവസ്ഥയാണ് ഇത്.
       ഇതുപോലെ തകർന്നുകിടക്കുന്ന തോട്ടങ്ങൾക്കുവേണ്ടത് ഒരു വറ്റാത്ത നീരുറവയാണ്. യേശുകർത്താവിൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ദൈവജനം നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആയിരിക്കണമെന്നാണ് സ്വർഗ്ഗം ആഗ്രഹിക്കുന്നത് (യെശ. 58:11). അങ്ങനെയുള്ള തോട്ടങ്ങളിൽ ആനന്ദവും സന്തോഷവും സ്തോത്രവും സംഗീതഘോഷവും ഉണ്ടാകും എന്നാണ് എഴുതിയിരിക്കുന്നത് (യെശ. 51:3). സ്തോത്രം.
     വരണ്ടിരിക്കുന്ന തോട്ടങ്ങൾക്ക് (ജീവിതങ്ങൾക്ക്) ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും ലെബാനോനിൽനിന്നു ഒഴുകുന്ന ഒഴുക്കുകളും ആയി തന്നേ. കർത്താവ് ചിലരെ മാറ്റിയെടുക്കുന്ന മാസമായിരിക്കും ഇത്. ഈ വാഗ്ദത്തം ഏറ്റെടുത്തുകൊണ്ട് ദൈവസന്നിധിയിൽ മുറ്റുമായി സമർപ്പിക്കാം.

പ്രാർത്ഥനയോടെ,
വചനമാരി ടീം (ഭോപ്പാൽ)

ഈ അനുഗ്രഹ സന്ദേശം മറ്റുള്ളവരുമായും ഷെയർ ചെയ്താലും. പ്രാർത്ഥനാ സഹായത്തിന് വിളിക്കേണ്ട നമ്പർ 9424400654, 7898211849, 8989004829

വചനമാരിയുടെ സുവിശേഷ പ്രവർത്തനങ്ങൾക്ക് സ്തോത്രക്കാഴ്ച / Vachanamari Subscription അയക്കുന്നവരുടെ അറിവിലേക്കായി:
VACHANAMARI
A/C No. 13500100172414, Federal Bank, M.P. Nagar, Bhopal
IFSC Code: FDRL0001350
UPI Numbers:
Googlepay number : 9424400654
Phonepe number  :  7898211849
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”