സങ്കീ. 23:6 “നന്മയും കരുണയും എൻ്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും”
നമുക്കെല്ലാം ഏറെ സുപരിചിതവും ഏറ്റവും ഇഷ്ടവുമായ ഇടയ സങ്കീർത്തനമാണല്ലോ ഭക്തനായ ദാവീദിനാൽ രചിക്കപ്പെട്ട 23 ാം സങ്കീർത്തനം. ഒരു ദൈവപൈതൽ എത്ര ആവർത്തി വായിച്ചാലും കൊതിതീരാത്ത ഈ സങ്കീർത്തനത്തിൻ്റെ മുകളിൽ കുറിച്ചിരിക്കുന്ന വാക്യം മലയാളഭാഷയിലേക്ക് തർജ്ജമ ചെയ്തപ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഒരു വാക്ക്
വിട്ടുപോയിട്ടുണ്ട് എന്ന് മറ്റുള്ള പരിഭാഷകളിൽ നിന്ന് മനസ്സിലാക്കുവാൻ കഴിയും. സത്യത്തിൽ ആ വാക്കുകൂടെ ചേർത്തു വായിച്ചെങ്കിലേ ഈ വാക്യം അർത്ഥപൂർണ്ണവും കൂടുതൽ ഉറപ്പുള്ളതും ആകുന്നുള്ളൂ. മലയാളഭാഷയിൽ വിട്ടുപോയ ആ വാക്ക് ഏതാണെന്ന് മനസ്സിലാക്കുവാൻ ഈ വാക്യത്തിൻ്റെ ഇംഗ്ലീഷ്, ഹിന്ദി പരിഭാഷകൾ ചുവടെ ചേർക്കുന്നു;
"Surely goodness and mercy shall follow me all the days of my life; and I will dwell in the house of the LORD for ever"
"निश्चय भलाई और करूणा जीवन भर मेरे साथ साथ बनी रहेंगी; और मैं यहोवा के धाम में सर्वदा वास करूंगा॥"
ഈ രണ്ടു ഭാഷാ വിവർത്തനങ്ങളിലും കാണുന്ന ആദ്യത്തെ വാക്കാണ് മലയാള പരിഭാഷയിൽ വിട്ടുപോയിരിക്കുന്നത്. Surely , निश्चय എന്ന വാക്കിൻ്റെ ലളിതമായ മലയാള അർത്ഥം 'നിശ്ചയം' അഥവാ ഉറപ്പ് എന്നാണ്. മലയാള തർജ്ജമയിൽ ഈ വാക്കുകൂടെ ചേർത്തിരുന്നെങ്കിൽ, ‘*നിശ്ചയമായും* നന്മയും കരുണയും എൻ്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും’ എന്നാകുമായിരുന്നു.
നല്ല ഇടയനായ കർത്താവ് അവിടുത്തെ ആടുകൾക്ക് നൽകുന്ന നന്മയും കരുണയും ആയുഷ്കാലമൊക്കെയും അവരെ പിന്തുടരും എന്ന് മലയാള ഭാഷയിൽ എഴുതിയിരിക്കുമ്പോൾ അത് ഹിന്ദി ഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത്, നന്മയും കരുണയും ആയുഷ്കാലമൊക്കെയും നമ്മുടെ ഒപ്പം സഞ്ചരിക്കും (मेरे साथ साथ बनी रहेंगी) എന്നാണ്. ദൈവത്തിൻ്റെ നന്മയും കരുണയും നമ്മുടെ പുറകിൽ പിന്തുടരുക മാത്രമല്ല, നമ്മുടെ ആയുഷ്കാലമൊക്കെയും ഓരോ നാളും നമ്മുടെ ഒപ്പത്തിനൊപ്പമുണ്ട് (साथ साथ) സ്തോത്രം ! ഹല്ലേലൂയ്യാ !
പറയുന്ന ഒരു കാര്യത്തിന് കൂടുതൽ ഉറപ്പു നൽകുന്നതിനും, അരുളിച്ചെയ്തിരിക്കുന്ന ഒരു വിഷയത്തിന് കൂടുതൽ വിശ്വാസ്യത വരുന്നതിനും വേണ്ടിയാണ് സാധാരണയായി ‘നിശ്ചയം’ എന്ന വാക്ക് വേദപുസ്തകത്തിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നു കാണുവാൻ സാധിക്കും. ഈ വിഷയത്തെക്കുറിച്ച് ധ്യാനിച്ചപ്പോൾ ദൈവാത്മാവ് എൻ്റെ ഹൃദയത്തിൽ പ്രകാശിപ്പിച്ച ചില വചനഭാഗങ്ങൾ ഞാൻ ഓർമ്മിപ്പിക്കാം. സ്വർഗ്ഗം അരുളിച്ചെയ്ത ചില വാഗ്ദത്തങ്ങൾ / ചില ഉറപ്പുകൾ, *നിശ്ചയം* എന്ന വാക്ക് ചേർത്തുകൊണ്ട് എത്ര മനോഹരമായിട്ടാണ് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നു നോക്കിയാട്ടെ;
*1) ഹബ. 2:3* ദർശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.
ഈ വാഗ്ദത്ത വാക്യത്തിൽ നിന്ന് നിശ്ചയം എന്ന പദം എടുത്തു മാറ്റിയിരുന്നെങ്കിൽ, അത് എത്ര വലിയ ഒരു കുറവ് ആകുമായിരുന്നു എന്ന് നമുക്ക് ചിന്തിക്കാവുന്നതേ ഉള്ളൂ. കർത്താവ് തന്നിരിക്കുന്ന ദർശനങ്ങൾ പ്രാപിച്ചവർ നിരവധിപേർ എൻ്റെ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. ആത്മാക്കളെക്കുറിച്ച്, സഭയെക്കുറിച്ച്, ഭാവിയേക്കുറിച്ച്, തലമുറയെക്കുറിച്ച്, വിവാഹത്തെക്കുറിച്ച്,.. സ്വർഗ്ഗം നിങ്ങൾക്ക് തന്നിരിക്കുന്ന ദർശനങ്ങൾ എല്ലാം അതിൻ്റെ സമാപ്തിയിലേക്ക് അടുത്തുകൊണ്ടിരിക്കയാണ്, അതു വരും ഇനിയും താമസിക്കയില്ല. നിങ്ങളോടുള്ള ഈ ദൈവീക വാഗ്ദത്ത ഉടമ്പടിയെ *നിശ്ചയം* എന്ന വാക്കുകൊണ്ട് പരിശുദ്ധാത്മാവ് അടിവരയിട്ട് ഉറപ്പിച്ചിട്ടുണ്ട്. സ്തോത്രം !
അതു വിശ്വസിക്കുന്നവർക്ക് *ആമേൻ* പറഞ്ഞുകൊണ്ട് ഈ സന്ദേശം ഏറ്റെടുക്കാം.
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ
(മൊ. 9424400654)
ഈ സന്ദേശത്തിൻ്റെ തുടർ ഭാഗങ്ങൾ പുറകാലെ അയക്കുന്നതാണ്. ഈ സന്ദേശം അനുഗ്രഹമാകുമെന്ന് നിങ്ങൾ കരുതുന്നവരുടെ വാട്സ് നമ്പറുകൾ തന്നാൽ അവർക്കും അയച്ചുകൊടുക്കുന്നതായിരിക്കും. കൂടാതെ വിലാസങ്ങൾ തരുന്നവർക്ക് വചനമാരിയുടെ സാമ്പിൾ കോപ്പി അയക്കുന്നതായിരിക്കും.
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർക്കും വിളിക്കാവുന്നതാണ്; 7898211849, 7000477047, 9589741414, 07554297672