അവളുടെ വാക്കു നിമിത്തം

August-2025

മക്കൾക്കുവേണ്ടി ഇതുപോലെ താഴുവാൻ ഒരു അമ്മയ്ക്കല്ലാതെ ആർക്കാണ് കഴിയുക ? കുടുംബത്തിനുവേണ്ടിയും തലമുറയ്ക്കുവേണ്ടിയും ഇന്ന് കർത്താവിൻ്റെ കാൽക്കൽ വീണ് കണ്ണുനീരോടെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന ഓരോ സഹോദരിമാരും ഈ യവനസ്ത്രീയുടെ നിഴലാണ്. അവർക്ക് ഒരു ഈഗോ പ്രോബ്ളവുമില്ല, ഒരു പദവിയും പരിഗണനയുംവേണ്ട, കർത്താവ് കൃപയുടെ കരംനീട്ടിത്തരുന്ന അപ്പനുറുക്കുകൾ മാത്രം മതി, അതു സകലത്തിനും മതിയായതാണ്. സ്തോത്രം !


    മർക്കൊ. 7:25 “അശുദ്ധാത്മാവു ബാധിച്ച ചെറിയ മകൾ ഉള്ളോരു സ്ത്രീ അവൻ്റെ വസ്തുത കേട്ടിട്ടു വന്നു അവൻ്റെ കാൽക്കൽ വീണു”
     ചില നാളുകൾക്ക് മുമ്പ് ടൈംസ് ഓഫ് ഇൻഡ്യ പത്രത്തിൽ വന്ന ഒരു വാർത്ത നമ്മളെല്ലാം ഓർക്കുന്നുണ്ടായിരിക്കുമല്ലോ, 62 വയസ്സുള്ള റായപ്പൻ എന്ന മനുഷൻ ദാനിയേൽ എന്നു പേരുള്ള ഒരു ചെറുപ്പക്കാരൻ്റെ അടിയേറ്റ് മരണപ്പെട്ടു. തമിഴ്നാട്ടിലെ മധുരൈയിലാണ് ഈ സംഭവം നടന്നത്. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട ദാനീയേലിനെ പിന്നീട് പോലീസ് പിടികൂടുകയും, റായപ്പനെ കൊല്ലുവാനുണ്ടായ കാരണമെന്താണ് എന്നന്വേഷിക്കുകയും ചെയ്ത പോലീസിനോട് ദാനിയേൽ പറഞ്ഞ മറുപടി കേട്ട് അവർ അമ്പരന്നുപോയി.
     തങ്ങളുടെ വളർത്തുനായയെ പേരു വിളിക്കുന്നതിനു പകരം 'നായ' എന്നു വിളിച്ചതുകേട്ട് ദേഷ്യം വന്നതുകൊണ്ടാണത്രേ അയാൾ റായപ്പനെ തല്ലിയത്, ആ തല്ലുകൊണ്ട് റായപ്പൻ മരണപ്പെട്ടു. ഒരു പാവപ്പെട്ട മനുഷ്യൻ്റെ മരണത്തിന് കാരണമായത് അയാൾ ഒരു നായയെ ‘നായ’ എന്നു വിളിച്ചതുകൊണ്ടാണത്രേ.
വേദപുസ്തകത്തിൽ 1 ശമുവേൽ 17:43 വചനഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവം നമ്മൾ ഓർക്കുന്നുണ്ടല്ലോ ! ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലൻ യിസ്രായേൽ സൈന്യത്തിനെതിരെ വന്നപ്പോൾ ദാവീദ് എന്ന ബാലൻ കവിണയും കല്ലുകളുമായി അവനെതിരെ ചെന്നു. ദാവീദിനെ കണ്ടപ്പോൾ ഗൊല്യാത്ത് പറഞ്ഞ വാക്കുകൾ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്, “നീ വടികളുമായി എൻ്റെ നേരെ വരുവാൻ ഞാൻ നായോ എന്നു ചോദിച്ചു”
    ദാവീദ് ഒരിക്കലും ഗൊല്യാത്തിനെ 'നായ' എന്നു വിളിച്ചില്ല, പക്ഷേ തൻ്റെ നേരെയുള്ള ദാവീദിൻ്റെ വരവുകണ്ട് ഗൊല്യാത്തിന് സ്വയം അങ്ങനെ തോന്നിയതാണ്. ആ തോന്നൽ അവനിൽ മഹാകോപം ജ്വലിപ്പിക്കുകയും അവൻ ദാവീദിനെ പ്രാകാനും ശപിക്കാനും തുടങ്ങി, മാത്രമല്ല ‘ഇങ്ങോട്ടു വാ; ഞാൻ നിൻ്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കുന്നുണ്ടു’ എന്നു പറഞ്ഞ് ദാവീദിനുനേരെ ആക്രോശിക്കുവാനും തുടങ്ങി.
      ദാവീദ് തന്നെ ഒരു നായയായി കണ്ടു എന്ന വെറും ഒരു തോന്നലാണ് ഗൊല്യാത്തിനെ കോപാന്ധനാക്കി മാറ്റിയത്.
      ഒരു നായയെ നായ എന്നു വിളിച്ചതിൻ്റെ പേരിലാണ് ഒരാൾ മറ്റൊരാളെ അടിച്ചുകൊന്നത്.
ഇതെല്ലാം മനസ്സിലോർത്തുകൊണ്ട് ഒരു നിമിഷം മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വചനഭാഗം നമുക്കു വായിക്കാം (മർക്കൊ. 7:25)
     ഒരു യവനസ്ത്രീ ഭൂതബാധിതയായ തൻ്റെ മകളുടെ സൗഖ്യം ആഗ്രഹിച്ചുകൊണ്ട് യേശുകർത്താവിൻ്റെ അടുക്കൽവന്ന് അവിടുത്തെ കാൽക്കൽ വീഴുന്നതാണ് ഈ വചനഭാഗത്ത് നമ്മൾ കാണുന്നത്. മത്തായി 15:22 മുതലുള്ള വചനഭാഗത്തും ഈ സംഭവം വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. അപേക്ഷയുമായി വന്ന അവളോട് ‘മക്കളുടെ അപ്പം എടുത്തു ചെറുനായ്ക്കൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല’ എന്നു കർത്താവ് പറഞ്ഞപ്പോൾ, എന്നെ നായ എന്നു വിളിച്ച് അപമാനിച്ചു എന്നു പറഞ്ഞുകൊണ്ട് എഴുന്നേറ്റു മടങ്ങിപ്പോകയല്ല അവൾ ചെയ്തത്. എന്നെ ഒരു നായയായി മാത്രം പരിഗണിച്ചാൽ മതി, നായയ്ക്കുള്ള അപ്പനുറുക്കുകൾ മാത്രം തന്നാൽ മതി എന്നു പറഞ്ഞ *അവളുടെ വാക്കു നിമിത്തം* കർത്താവ് അവളുടെ മകളെ സൗഖ്യമാക്കി.
     മക്കൾക്കുവേണ്ടി ഇതുപോലെ താഴുവാൻ ഒരു അമ്മയ്ക്കല്ലാതെ ആർക്കാണ് കഴിയുക ? കുടുംബത്തിനുവേണ്ടിയും തലമുറയ്ക്കുവേണ്ടിയും ഇന്ന് കർത്താവിൻ്റെ കാൽക്കൽ വീണ് കണ്ണുനീരോടെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന ഓരോ സഹോദരിമാരും ഈ യവനസ്ത്രീയുടെ നിഴലാണ്. അവർക്ക് ഒരു ഈഗോ പ്രോബ്ളവുമില്ല, ഒരു പദവിയും പരിഗണനയുംവേണ്ട, കർത്താവ് കൃപയുടെ കരംനീട്ടിത്തരുന്ന അപ്പനുറുക്കുകൾ മാത്രം മതി, അതു സകലത്തിനും മതിയായതാണ്. സ്തോത്രം !
     അതുകൊണ്ട് മടുത്തുപോകാതെ നമുക്കു പ്രാർത്ഥിക്കാം, നമ്മൾ കർത്താവിന് വിലയേറിയവരും ഏറ്റവും വേണ്ടപ്പെട്ടവരുമാണ്, നമ്മൾ നിമിത്തം ചില കാര്യങ്ങൾ കർത്താവ് നടത്തിത്തരും…
ഒരു നല്ലദിനം ആശംസിച്ചുകൊണ്ട്
കർത്താവിൻ്റെ ശുശ്രൂഷയിൽ,
നിഷ സിസ്റ്റർ (വചനമാരി, ഭോപ്പാൽ)
മൊ: 8989004829
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7000477047, 9589741414
വചനമാരിയുടെ സുവിശേഷപ്രവർത്തനങ്ങൾക്ക് കൈത്താങ്ങൽ നൽകുവാൻ ആഗ്രഹിക്കുന്നവരുടെ അറിവിലേക്കായി മധ്യപ്രദേശിലെ വചനമാരിയുടെ അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു
1) Bank A/C No. 13500100172414, VACHANAMARI, Federal Bank, M P Ngarag, Bhopal (IFSC : FDRL0001350)
2) Bank A/C No. 10020041096, SHAIJU JOHN, State Bank of India, Nayapura, Bhopal (IFSC : SBIN0010526)
GooglePay (UPI) No. 9424400654
Tags :
Nisha Shaiju

Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”