പുതുമാസസന്ദേശം (ആഗസ്റ്റ് 2025)

July-2025

ഈ ലോക ജീവിതത്തിൽ രണ്ടുകൂട്ടർക്കും പരീക്ഷകളും പോരാട്ടങ്ങളും ഉണ്ട്. ഭയപ്പെടുത്തുന്ന വിഷയങ്ങൾ ജീവിതത്തിന് വിരോധമായിട്ട് എഴുന്നേറ്റുവരുന്ന അനുഭവങ്ങൾ ഉണ്ടാകും. തകർത്തുകളയും നശിപ്പിക്കും ഇല്ലാതാക്കും മുതലായ വെല്ലുവിളികളുമായി പല ശത്രുക്കളും നമുക്ക് എതിരെ വരാം. ചില വർത്തമാനങ്ങൾ നമ്മെ വല്ലാതെ ഭയപ്പെടുത്തുവാൻ തക്കതായവയുമായിരിക്കാം. എന്നാൽ ആത്മാഭിഷേകം പ്രാപിച്ച ദൈവപൈതൽ ആ വെല്ലുവിളികൾക്കും വർത്തമാനങ്ങൾക്കും നടുവിൽ ഭയക്കുകയല്ല ചെയ്യുന്നത്, അവർ അഭിഷേകത്തിൽ നിറഞ്ഞ് കൂടുതൽ ബലവും ശക്തിയും പ്രാപിക്കും


രണ്ടു വാക്യങ്ങൾ നമുക്കു വായിക്കാം;
      1 ശമുവേൽ 11:6 “ശൌൽ വർത്തമാനം കേട്ടപ്പോൾ ദൈവത്തിൻ്റെ ആത്മാവു അവൻ്റെമേൽ ശക്തിയോടെ വന്നു;”
     യിരെ. 50:43 “ബാബേൽരാജാവു അവരുടെ വർത്തമാനം കേട്ടിട്ടു അവൻ്റെ ധൈര്യം ക്ഷയിച്ചുപോയി;”
വർത്തമാനം കേട്ടപ്പോൾ രണ്ടു രാജാക്കന്മാർക്ക് ഉണ്ടായ രണ്ട് അനുഭവങ്ങളാണ് ഈ തിരുവചന വാക്യങ്ങളിൽ നമ്മൾ കാണുന്നത്. അവർ കേട്ട വർത്തമാനങ്ങൾ അവരെ ഭയപ്പെടുത്തുന്നവയും അവരെ തകർത്തു കളയുമെന്നുള്ളതുമായിരുന്നു. ആ വർത്തമാനങ്ങളോട് അവർ പ്രതികരിച്ച വ്യത്യസ്ത രീതിയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.
*ഒന്നാമതായി*, ശൌൽ കേട്ട വർത്തമാനത്തിൻ്റെ സാരം, അമ്മോന്യനായ നാഹാശ് രാജാവ് തൻ്റെ ബഹുസൈന്യവുമായി വന്ന് യിസ്രായേൽ ജനത്തെ തോൽപ്പിച്ച് അവരുടെ വലങ്കണ്ണൊക്കെയും ചുഴന്നെടുക്കും എന്നുള്ളതായിരുന്നു. അമ്മോന്യസൈന്യത്തിൻ്റെ കരുത്തും ആൾ ബലവും അറിയാവുന്നവർ ആ വർത്തമാനം കേട്ടാൽ നിശ്ചയമായും ഞെട്ടിവിറെക്കേണ്ടതാണ്, എന്നാൽ ശൌൽ ആ വർത്തമാനംകേട്ട് ഭയന്ന് വിറെക്കുകയല്ല ചെയ്തത്, അവൻ ദൈവാത്മാവിനാൽ ശക്തിപ്പെട്ടു.
*രണ്ടാമതായി* കാണുന്നത് ബാബേൽരാജാവിൻ്റെ കാര്യമാണ്. ദൈവത്തിനും ദൈവജനത്തിനും ദോഷം ചെയ്ത ബാബേലിന് വിരോധമായി ദൈവം ജാതികളെയും രാജാക്കന്മാരെയും വരുത്തുമെന്നും ക്രൂരന്മാരും കരുണയില്ലാത്തവരുമായ അവർ ബാബേലിനുനേരെ അണിനിരക്കും എന്നും കേട്ടപ്പോൾ ബാബേൽരാജാവിൻ്റെ ധൈര്യമെല്ലാം ക്ഷയിച്ചുപോയി, അവന് അതിവ്യസനവും വേദനയും പിടിച്ചു എന്നാണ് വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
       ഇതാണ് ദൈവമക്കളും ലോകമനുഷ്യരും തമ്മിലുള്ള വ്യത്യാസം. ഈ ലോക ജീവിതത്തിൽ രണ്ടുകൂട്ടർക്കും പരീക്ഷകളും പോരാട്ടങ്ങളും ഉണ്ട്. ഭയപ്പെടുത്തുന്ന വിഷയങ്ങൾ ജീവിതത്തിന് വിരോധമായിട്ട് എഴുന്നേറ്റുവരുന്ന അനുഭവങ്ങൾ ഉണ്ടാകും. തകർത്തുകളയും നശിപ്പിക്കും ഇല്ലാതാക്കും മുതലായ വെല്ലുവിളികളുമായി പല ശത്രുക്കളും നമുക്ക് എതിരെ വരാം. ചില വർത്തമാനങ്ങൾ നമ്മെ വല്ലാതെ ഭയപ്പെടുത്തുവാൻ തക്കതായവയുമായിരിക്കാം. എന്നാൽ ആത്മാഭിഷേകം പ്രാപിച്ച ദൈവപൈതൽ ആ വെല്ലുവിളികൾക്കും വർത്തമാനങ്ങൾക്കും നടുവിൽ ഭയക്കുകയല്ല ചെയ്യുന്നത്, അവർ അഭിഷേകത്തിൽ നിറഞ്ഞ് കൂടുതൽ ബലവും ശക്തിയും പ്രാപിക്കും. സ്തോത്രം !
      വർത്തമാനങ്ങൾകേട്ട് ചില വ്യക്തികൾ ചെയ്ത കാര്യങ്ങൾ തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നവയിൽ ചിലത് നമുക്ക് ഓർക്കാം;
നെഹെ. 1:4 “ഈ വർത്തമാനം കേട്ടപ്പോൾ ഞാൻ ഇരുന്നു കരഞ്ഞു; കുറെനാൾ ദു:ഖിച്ചും ഉപവസിച്ചുംകൊണ്ടു സ്വർഗ്ഗത്തിലെ ദൈവത്തോടു ഞാൻ പ്രാർത്ഥിച്ചു..”
എസ്ര. 9:3 “ഈ വർത്തമാനം കേട്ടപ്പോൾ ഞാൻ എൻ്റെ വസ്ത്രവും മേലങ്കിയും കീറി എൻ്റെ തലയിലും താടിയിലുമുള്ള രോമം വലിച്ചു പറിച്ചു സ്തംഭിച്ചു കുത്തിയിരുന്നു..സന്ധ്യായാഗത്തിൻ്റെ സമയത്തു ഞാൻ എൻ്റെ ആത്മതപനം വിട്ടു എഴുന്നേറ്റു കീറിയ വസ്ത്രത്തോടും മേലങ്കിയോടും കൂടെ മുട്ടുകുത്തി എൻ്റെ ദൈവമായ യഹോവയിങ്കലേക്കു കൈ മലർത്തി..”
മർക്കൊ. 5:27 “..ഒരു സ്ത്രീ യേശുവിൻ്റെ വർത്തമാനം കേട്ടു: അവൻ്റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ രക്ഷപ്പെടും എന്നു പറഞ്ഞു പുരുഷാരത്തിൽകൂടി പുറകിൽ വന്നു അവൻ്റെ വസ്ത്രം തൊട്ടു. ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി..”
………….
      അവർ കേട്ട വർത്തമാനങ്ങൾ അവർക്ക് കൂടുതൽ ശക്തിനൽകി, അവരെ കൂടുതൽ കർത്താവിങ്കലേക്ക് അടുപ്പിച്ചു, സൌഖ്യവും വിടുതലും നേടിക്കൊടുത്തു.
      ഒരിക്കൽക്കൂടെ എൻ്റെ വാക്കുകൾ ഞാൻ ആവർത്തിക്കട്ടെ; ഇന്ന് നമ്മൾ കേൾക്കുന്ന ചില വർത്തമാനങ്ങൾ കേട്ട് നമ്മൾ പേടിക്കേണ്ടതില്ല. ആ വർത്തമാനങ്ങൾ ചിലപ്പോൾ ലോകമനുഷ്യരെ തകർക്കുന്നവയായിരിക്കാം, പക്ഷേ, നമ്മെ കൂടുതൽ ബലപ്പെടുത്തുന്നതിനും അനുഗ്രഹിക്കേണ്ടതിനും വേണ്ടിയുള്ളതാണ്. വിശ്വസിക്കുന്നവർക്ക് *ആമേൻ* പറയാം.
ഒരു നല്ലമാസം ആശംസിച്ചുകൊണ്ട്,
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ (മൊ. 9424400654)
വചനമാരി ടീം. ഭോപ്പാൽ
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കേണ്ടതിന്നു വിളിക്കേണ്ട നമ്പർ: 9589741414, 7000477047, 07554297672, 7898211849
ഈ ധ്യാന സന്ദേശം ദയവായി മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”