1 രാജാ. 11:29 “..അഹിയാപ്രവാചകൻ *വഴിയിൽവച്ച്* അവനെ കണ്ടു..”
ഒരു ദിവസം അപ്രതീക്ഷിതമായി ഒരു മനുഷ്യൻ്റെ ജീവിതത്തിൽ ദൈവീക ഇടപെടൽ ഉണ്ടാകുകയും, അവൻ അർഹിക്കാത്ത നന്മകൾ നൽകി ദൈവം അവനെ അനുഗ്രഹിക്കുകയും ചെയ്യുന്ന സംഭവമാണ് ഈ വചനഭാഗത്ത് നമ്മൾ കാണുന്നത്. യൊരോബെയാം എന്നാണ് ആ മനുഷ്യൻ്റെ പേർ, വഴിയിൽവച്ചാണ് ദൈവത്തിൻ്റെ പ്രവാചകൻ അവനോടുള്ള ദൈവാലോചന അറിയിക്കുന്നത്.
വേദപുസ്തകത്തിൽ ഒരിടത്തും ഇതിനുമുമ്പ് യൊരോബെയാം എന്ന വ്യക്തിയെ നമ്മൾ കാണുന്നില്ല. ചുരുക്കംപറഞ്ഞാൽ, എടുത്തുപറയത്തക്ക ഒരു യോഗ്യതയും അവകാശപ്പെടാനില്ലാത്ത, ഒരു പാരമ്പര്യവും പറയാനില്ലാത്ത ഒരു സാധാരണക്കാരനെ വഴിയിൽവച്ച് ദൈവം സന്ദർശിച്ച് യിസ്രായേലിൻ്റെ രാജാവാക്കി നിയമിച്ചു. അവന് സ്വപ്നംപോലും കാണാൻ കഴിയാത്ത സ്ഥാനത്തേക്ക് ദൈവം അവനെ കൈപിടിച്ചു കയറ്റി, എന്നിട്ട് അവനോട് ഇപ്രകാരം അരുളിച്ചെയ്തു; “ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ കേട്ടു എൻ്റെ വഴികളിൽ നടന്നു എൻ്റെ ദാസനായ ദാവീദ് ചെയ്തതു പോലെ എൻ്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു കൊണ്ടു എനിക്കു പ്രസാദമായുള്ളതു ചെയ്താൽ ഞാൻ നിന്നോടുകൂടെ ഇരിക്കും; ഞാൻ ദാവീദിന്നു പണിതതുപോലെ നിനക്കു സ്ഥിരമായോരു ഗൃഹം പണിതു യിസ്രായേലിനെ നിനക്കു തരും” (1 രാജാ. 11:38).
കർത്താവ് ചിലരെ സന്ദർശിക്കുന്നത് ഇതുപോലെയാണ്, അവർ പ്രതീക്ഷിക്കാത്ത ഒരു ദിവസം പ്രതീക്ഷിക്കാത്ത ഒരിടത്ത് പ്രതീക്ഷിക്കാത്ത രീതിയിൽ ദൈവീക ഇടപെടൽ ഉണ്ടാകും. ആ ദൈവീകസന്ദർശനം അവരുടെ ജീവിതത്തിൽ അവർ സ്വപ്നംപോലും കാണാത്ത ചില നന്മകൾ പ്രാപിക്കുന്നതിനു കാരണമാകും. സ്തോത്രം !
‘വഴിയിൽവച്ച് അവനെ കണ്ടു’ എന്നാണ് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വചനഭാഗം ധ്യാനിച്ചപ്പോൾ ഞാൻ കർത്താവിനോട് ചോദിച്ചു, കർത്താവേ, എന്തിനാണ് ഇത്ര കൃത്യമായി ‘വഴിയിൽവച്ച്’ എന്ന് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത് ? ‘അവനെ കണ്ടു’ എന്നുമാത്രം എഴുതിയാൽ മതിയായിരുന്നല്ലോ. എന്നാൽ വേദപുസ്തകത്തിലെ ഓരോ വാക്കും കൃത്യമായ അർത്ഥത്തോടെയാണ് ദൈവാത്മാവിനാൽ എഴുതപ്പെട്ടിരിക്കുന്നത് എന്ന സത്യം കർത്താവ് ഒരിക്കൽക്കൂടെ എന്നെ ഓർമ്മിപ്പിച്ചു. രണ്ടുദിവസംമുമ്പ് തിരുവനന്തപുരത്തുനിന്ന് ഒരു സഹോദരി എന്നെ ഫോണിൽ വിളിച്ച് പ്രാർത്ഥനക്കായി പറഞ്ഞ വാക്കുകൾ ഞാൻ ഓർത്തു. പാസ്റ്ററേ, കടം തലക്കുമുകളിൽ കയറി ഞങ്ങൾ ശ്വാസം മുട്ടിയിരിക്കുകയാണ്, പെരുവഴിയിലാണ് ഞങ്ങൾ നിൽക്കുന്നത്, സഹായിക്കുവാൻ ഒരു മനുഷ്യനുമില്ല, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം.
‘വഴിയിൽവച്ച് അവനെ കണ്ടു’ എന്ന് വ്യക്തമായി എഴുതിയിരിക്കുന്നതിൻ്റെ കാരണം, കർത്താവിൻ്റെ ഇടപെടലിനായി ആഗ്രഹിച്ച് പ്രാർത്ഥിച്ചുകൊണ്ട് ചിലർ ഇന്നും പെരുവഴിയിൽ നിൽക്കുന്നുണ്ട്, അവരെ കർത്താവ് ഇന്നും സന്ദർശിക്കും എന്ന് ഉറപ്പിക്കുന്നതിനുവേണ്ടിയാണ്. വഴിയിൽനിൽക്കേണ്ടി വരിക എന്ന അവസ്ഥ വളരെ ദയനീയമാണ്. ആരും സഹായത്തിനില്ലാതെ, എല്ലാവരാലും തള്ളപ്പെട്ട്, ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട്, ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായരായി, നിരാശയുടെ പടുകുഴിയിൽ വീണുകിടക്കുന്ന ജീവിതാവസ്ഥയാണ് അത്. ഒരു കാര്യം പരിശുദ്ധാത്മാവിന് ഒരിക്കൽക്കൂടെ നമുക്ക് ഉറപ്പുതരുവാനായിട്ടുണ്ട്, ജീവിതത്തിലെ ചില വിഷയങ്ങളോടുള്ള ബന്ധത്തിൽ ഒന്നും ചെയ്യാൻ കഴിയാതെ ഹൃദയംതകർന്നു നിൽക്കുമ്പോൾ, കർത്താവ് നമ്മുടെ വഴിയിൽ വരും, അവിടുന്ന് നമ്മുടെ വിഷയത്തിൽ ഇടപെടും, വഴിയിൽ നിന്ന് എഴുന്നേൽപ്പിച്ച് സ്വസ്ഥമായ ഒരിടത്ത് എത്തിക്കും. നമുക്ക് ആവശ്യമായതെല്ലാം ഒരുക്കിത്തരും (ലൂക്കൊ. 10:33,34). “ഞാൻ അവരെ പട്ടിണിയായി വീട്ടിലേക്കു അയച്ചാൽ അവർ വഴിയിൽ വെച്ചു തളർന്നു പോകും;..” (മർക്കൊ. 8:3).
തൻ്റെ ജീവിതത്തിൽ ഇതുപോലെ ഒരു അനുഗ്രഹം വഴിയിൽവച്ച് ലഭിക്കുമെന്ന് യൊരോബെയാം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ദൈവത്തിൻ്റെ മഹാദയയാലും മഹാകൃപയാലും അതു സാധ്യമായി. നിനച്ചിരിക്കാതെ ഒരു ദിവസം അവൻ ദൈവപദ്ധതിയുടെ ഭാഗമായിത്തീർന്നു. അങ്ങനെ യോഗ്യതയില്ലാതിരുന്ന യൊരോബെയാമിനെ ദൈവം രാജസ്ഥാനത്തേക്ക് കൊണ്ടുവന്നു. യൊരോബെയാം സത്യത്തിൽ പുതിയനിയമ വിശ്വാസിയുടെ ഒരു നിഴലാണ്. ഒരു യോഗ്യതയും ഇല്ലാതിരുന്ന പാപികളായ നമ്മെ സർവ്വകൃപാലുവായ ദൈവം അവിടുത്തെ കൃപയാൽ തിരഞ്ഞെടുത്ത് സ്വർഗ്ഗ രാജ്യത്തിന് അവകാശികളാക്കിത്തീർത്ത ദൈവപദ്ധതിയാണത്. സ്തോത്രം !
തനിക്കു ദൈവകൃപയാൽ ലഭിച്ച ആ അവസരം പക്ഷേ യൊരോബെയാം നഷ്ടപ്പെടുത്തിക്കളഞ്ഞു. അവൻ ദൈവത്തെ ഉപേക്ഷിച്ചു, വിഗ്രഹാരാധനയിലേക്കും ദുർമാർഗ്ഗങ്ങളിലേക്കും തിരിഞ്ഞു. പിന്നെയും ലഭിച്ച അവസരങ്ങൾ നഷ്ടപ്പെടുത്തിയ യൊരോബെയാമിനോട് യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്തു; “ഞാൻ ജനത്തിൻ്റെ ഇടയിൽനിന്നു നിന്നെ ഉയർത്തി, എൻ്റെ ജനമായ യിസ്രായേലിന്നു പ്രഭുവാക്കി. രാജത്വം ദാവീദ് ഗൃഹത്തിൽനിന്നു കീറിയെടുത്തു നിനക്കുതന്നു; എങ്കിലും എൻ്റെ കല്പനകളെ പ്രമാണിക്കയും എനിക്കു പ്രസാദമുള്ളതു മാത്രം ചെയ്വാൻ പൂർണ്ണമനസ്സാേടുകൂടെ എന്നെ അനുസരിക്കയും ചെയ്ത എൻ്റെ ദാസനായ ദാവീദിനെപ്പോലെ നീ ഇരിക്കാതെ നിനക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം ചെയ്തു; എന്നെ കോപിപ്പിക്കേണ്ടതിന്നു ചെന്നു നിനക്കു അന്യദേവനമായരെയും വിഗ്രഹങ്ങളെയും ഉണ്ടാക്കി എന്നെ നിൻ്റെ പുറകിൽ എറിഞ്ഞുകളഞ്ഞു. അതു കൊണ്ടു ഇതാ, ഞാൻ യൊരോബെയാമിൻ്റെ ഗൃഹത്തിന്നു അനർത്ഥം വരുത്തി,..” (1 രാജാ. 14:7..).
അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയതുപോലെയായി യൊരോബെയാമിൻ്റെ കാര്യം. ദൈവത്തിന് യൊരോബെയാമിനെകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല എന്നു മാത്രമല്ല അവൻ ജനത്തെ പാപത്തിലേക്ക് നയിക്കുകയാണ് ചെയ്തത്. ഈ യൊരോബെയാമിനെപ്പോലെയാണ് ഇന്ന് ചിലർ, ദൈവം രക്ഷിച്ചതിന് നന്ദിയില്ലാത്തവരായി ദൈവനാമത്തെ ദുഷിക്കുന്നവരായി ജീവിച്ച്, കൃപയാൽ ലഭിച്ച നിത്യരക്ഷയെ നിസ്സാരമായി കാണുകയും, അതു നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഒരിക്കലും അങ്ങനെ ചെയ്തുകൂടാ.
സ്വർഗ്ഗത്തിലെ ദൈവം നമ്മോടുകാണിച്ച മഹാദയയ്ക്ക് നന്ദിയുള്ളവരായി, അവിടുത്ത് പ്രസാദിപ്പിച്ച്, അവിടുത്തെ ആരാധിച്ച്, അവിടുത്തെ വിശ്വസ്തസാക്ഷികളായി ജീവിക്കാം. കർത്താവിൻ്റെ രാജ്യത്ത് യേശുകർത്താവിനോടൊപ്പം വാസംചെയ്യുവാൻ ഒരുക്കമുള്ളവരായിരിക്കാം. കർത്താവ് വരാറായി. ആമേൻ.
പ്രാർത്ഥനയോടെ
ഭോപ്പാലിലെ സുവിശേഷവയലിൽനിന്നും,
ഷൈജു പാസ്റ്റർ (9424400654)
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കേണ്ടതിന്നു വിളിക്കേണ്ട നമ്പർ: 9589741414, 7000477047, 07554297672, 7898211849
ഈ ആത്മീയ സന്ദേശം മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.