നീ ..ഒട്ടും ചെറുതല്ല

December-2024

യേശു കർത്താവ് ജനിക്കുന്ന ദേശം എത്ര ചെറുതായാലും, എത്ര പിൻതള്ളപ്പെട്ടതായാലും, എത്ര അവഗണിക്കപ്പെട്ടതായാലും, നാഥൻ്റെ ജനനത്തോടെ അതിൻ്റെ യശസ്സ് ഉയരും, അതിൻ്റെ കീർത്തി വർദ്ധിക്കും, അതിൻ്റെ മാറ്റു കൂടും. ഇത് ഒരു ദേശത്തിൻ്റെ മാത്രം കാര്യമല്ല. യേശു കർത്താവ് ജനിക്കുന്ന ജീവിതങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്. ഒരിക്കൽ അവർ തള്ളപ്പെട്ടവരാകാം, മാറ്റി നിർത്തപ്പെട്ടവരാകാം, അവഗണിക്കപ്പെട്ടവരാകാം, ഉപേക്ഷിക്കപ്പെട്ടവരാകാം, വെറുക്കപ്പെട്ടവരാകാം, ഒറ്റപ്പെടപ്പെട്ടവരാകാം, കഴിവില്ലാത്തവരാകാം, ഗുണമില്ലാത്തവരാകാം, മെനയില്ലാത്തവരാകാം,…പക്ഷേ, യേശു കർത്താവ് അവരുടെ ഹൃദയങ്ങളിൽ ജനിക്കുന്ന നിമിഷം അവരുടെ തലവരമാറും.


     മത്തായി 2:6 “യെഹൂദ്യദേശത്തിലെ ബേത്ത്ളേഹെമേ, നീ യെഹൂദ്യപ്രഭുക്കന്മാരിൽ *ഒട്ടും ചെറുതല്ല;* എൻ്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവൻ നിന്നിൽ നിന്നു പുറപ്പെട്ടുവരും’ എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.”
    നമ്മുടെ കർത്താവായ യേശു ക്രിസ്തുവിൻ്റെ ജനനത്തിനു നൂറ്റാണ്ടുകൾക്കു മുമ്പ് ദൈവത്തിൻ്റെ പ്രവാചകനായ മീഖാവിൽക്കൂടെ അരുളിച്ചെയ്തിരിക്കുന്ന ഈ പ്രവചന വാക്യം, പുതിയ നിയമ സുവിശേഷ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതിനു പുറകിൽ ഒളിഞ്ഞിരിക്കുന്ന ഒരു മർമ്മമുണ്ട്. അതു മനസ്സിലാക്കണമെങ്കിൽ മീഖാ 5:2 വാക്യം കൂടെ ഇതിനോടു ചേർത്ത് വായിക്കണം.
    “നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ *ചെറുതായിരുന്നാലും* യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും;..”
       ഈ രണ്ടു വാക്യങ്ങളും ശ്രദ്ധിച്ചു വായിച്ചാൽ ഒരു പൊരുത്തക്കേട് ഉള്ളതായി മനസ്സിലാകും. മീഖാ പ്രവാചകൻ പറയുന്നത് ബേത്ത്ളേഹേമേ *നീ ചെറുതായിരുന്നാലും* എന്നാണ്. എന്നാൽ ഈ വാക്യത്തെ ഉദ്ധരിച്ചുകൊണ്ട് പുതിയ നിയമത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ബേത്ത്ളേഹേമേ *നീ ഒട്ടും ചെറുതല്ല* എന്നുമാണ്. അതായത്, ലോക രക്ഷിതാവായ യേശു ക്രിസ്തുവിൻ്റെ ജനനത്തിങ്കൽ ഒരു ദേശത്തിനു ലഭിച്ച അംഗീകാരത്തിലേക്കും വിശേഷതയിലേക്കുമാണ് ഈ വാക്യം വിരൽ ചൂണ്ടുന്നത്. സ്തോത്രം !
     ഒന്നുകൂടെ വ്യക്തമായി പറഞ്ഞാൽ, യേശു കർത്താവ് ജനിക്കുന്ന ദേശം എത്ര ചെറുതായാലും, എത്ര പിൻതള്ളപ്പെട്ടതായാലും, എത്ര അവഗണിക്കപ്പെട്ടതായാലും, നാഥൻ്റെ ജനനത്തോടെ അതിൻ്റെ യശസ്സ് ഉയരും, അതിൻ്റെ കീർത്തി വർദ്ധിക്കും, അതിൻ്റെ മാറ്റു കൂടും. ഇത് ഒരു ദേശത്തിൻ്റെ മാത്രം കാര്യമല്ല. യേശു കർത്താവ് ജനിക്കുന്ന ജീവിതങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്. ഒരിക്കൽ അവർ തള്ളപ്പെട്ടവരാകാം, മാറ്റി നിർത്തപ്പെട്ടവരാകാം, അവഗണിക്കപ്പെട്ടവരാകാം, ഉപേക്ഷിക്കപ്പെട്ടവരാകാം, വെറുക്കപ്പെട്ടവരാകാം, ഒറ്റപ്പെടപ്പെട്ടവരാകാം, കഴിവില്ലാത്തവരാകാം, ഗുണമില്ലാത്തവരാകാം, മെനയില്ലാത്തവരാകാം, പരിഷ്കാരമില്ലാത്തവരാകാം, യോഗ്യതയില്ലാത്തവരാകാം, ഗതിയില്ലാത്തവരാകാം…പക്ഷേ, യേശു കർത്താവ് അവരുടെ ഹൃദയങ്ങളിൽ ജനിക്കുന്ന നിമിഷം അവരുടെ തലവരമാറും. ഒരിക്കൽ ‘ചെറുതെന്നു’ പറഞ്ഞ ബേത്ത്ളേഹേമിനെ, യേശു നാഥൻ്റെ ജനനം ‘ഒട്ടും ചെറുതല്ല’ എന്നു മാറ്റിപ്പറയിച്ചതുപോലെ, യേശു ജനിക്കുന്ന ജീവിതങ്ങളുടെയും കുടുംബങ്ങളുടെയും അവസ്ഥ മാറും.
     ലോക ജനത യേശു നാഥൻ്റെ ജന്മദിനം ആഘോഷിക്കുന്ന ഈ വേളയിൽ, യേശു രക്ഷകൻ എല്ലാവരുടെയും ഹൃദയങ്ങളിൽ ജനിക്കട്ടെ എന്നും, ആ ജീവിതങ്ങളിൽ സമ്പൂർണ്ണ പരിവർത്തനം ഉണ്ടാകട്ടെ എന്നും നമുക്ക് ആഗ്രഹിക്കാം, ആത്മാർത്ഥമായി പ്രാർത്ഥിക്കാം.
എല്ലാവർക്കും ആശംസകളോടെ,
ഷൈജു Pr. വചനമാരി ടീം.
ഭോപ്പാൽ (മധ്യപ്രദേശ്)
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7898211849, 7000477047, 9589741414,
(വചനമാരി മാസിക വരിസംഖ്യ പുതുക്കുവാനും, വചനമാരി സുവിശേഷപ്രവർത്തനങ്ങൾക്ക് സ്തോത്രക്കാഴ്ച നൽകുവാനും ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ: 9424400654, 7898211849)
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”