ചില താല്പര്യങ്ങൾ

November-2024

വിശുദ്ധ വേദപുസ്തകം പരിശോധിക്കുമ്പോൾ ജീവിതത്തിൽ നല്ല താല്പര്യങ്ങൾ വെച്ചുപുലർത്തിയവരെയും സ്വാർത്ഥ താല്പര്യങ്ങൾ വെച്ചുപുലർത്തിയവരുമായ ധാരാളം വ്യക്തികളെ നമുക്കു കാണുവാൻ കഴിയും. ഈ സങ്കീർത്തനത്തിൻ്റെ രചയിതാവായ ദാവീദ് രാജാവിൻ്റെ താല്പര്യത്തെക്കുറിച്ച് അവൻ്റെ മകനായ ശലോമോൻ രാജാവ് പറഞ്ഞിരിക്കുന്ന ഒരു സാക്ഷ്യം ഇപ്രകാരമാണ് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2 ദിനവൃ. 6:7,8 “യിസ്രായേലിൻ്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയേണം എന്നു എൻ്റെ അപ്പനായ ദാവീദിന്നു താല്പര്യം ഉണ്ടായിരുന്നു. എന്നാൽ യഹോവ എൻ്റെ അപ്പനായ ദാവീദിനോടു: എൻ്റെ നാമത്തിന്നു ഒരു ആലയം പണിയേണമെന്നു നിനക്കു താല്പര്യം ഉണ്ടായല്ലോ; ഇങ്ങനെ താല്പര്യം ഉണ്ടായതു നല്ലതു;”


      സങ്കീ. 20:4 “നിൻ്റെ ഹൃദയത്തിലെ ആഗ്രഹം അവൻ നിനക്കു നല്കട്ടെ; നിൻ്റെ താല്പര്യമൊക്കെയും നിവർത്തിക്കട്ടെ”
       എല്ലാവരുടെയും ജീവിതത്തിൽ ചില ആഗ്രഹങ്ങളും താല്പര്യങ്ങളുമൊക്കെയും ഉണ്ടാകും. അതിൽ നല്ല താല്പര്യങ്ങളും കെട്ട താല്പര്യങ്ങളും ഉണ്ട്. വിശുദ്ധ വേദപുസ്തകം പരിശോധിക്കുമ്പോൾ ജീവിതത്തിൽ നല്ല താല്പര്യങ്ങൾ വെച്ചുപുലർത്തിയവരെയും സ്വാർത്ഥ താല്പര്യങ്ങൾ വെച്ചുപുലർത്തിയവരുമായ ധാരാളം വ്യക്തികളെ നമുക്കു കാണുവാൻ കഴിയും. ഈ സങ്കീർത്തനത്തിൻ്റെ രചയിതാവായ ദാവീദ് രാജാവിൻ്റെ താല്പര്യത്തെക്കുറിച്ച് അവൻ്റെ മകനായ ശലോമോൻ രാജാവ് പറഞ്ഞിരിക്കുന്ന ഒരു സാക്ഷ്യം ഇപ്രകാരമാണ് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2 ദിനവൃ. 6:7,8 “യിസ്രായേലിൻ്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയേണം എന്നു എൻ്റെ അപ്പനായ ദാവീദിന്നു താല്പര്യം ഉണ്ടായിരുന്നു. എന്നാൽ യഹോവ എൻ്റെ അപ്പനായ ദാവീദിനോടു: എൻ്റെ നാമത്തിന്നു ഒരു ആലയം പണിയേണമെന്നു നിനക്കു താല്പര്യം ഉണ്ടായല്ലോ; ഇങ്ങനെ താല്പര്യം ഉണ്ടായതു നല്ലതു;”
        ദൈവത്തിൻ്റെ ആലയത്തെ സംബന്ധിച്ചുള്ള താല്പര്യമായിരുന്നു ദാവീദിന് ഉണ്ടായിരുന്നത്. അവൻ്റെ മകൻ ആ നല്ല താല്പര്യം കണ്ടാണ് വളർന്നത്. അതുകൊണ്ടാണ് തൻ്റെ അപ്പൻ്റെ താല്പര്യമെന്തായിരുന്നു എന്ന് പിന്നീട് അഭിമാനത്തോടെ പറയുവാൻ ആ മകനു കഴിഞ്ഞത്.
       മറ്റൊരു കൂട്ടം ആളുകളുടെ ഹൃദയത്തിലുദിച്ച ഒരു താല്പര്യത്തെക്കുറിച്ച് അപ്പൊ. പ്രവ. 27:42,43 വാക്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് “തടവുകാരിൽ ആരും നീന്തി ഓടിപ്പോകാതിരിപ്പാൻ അവരെ കൊല്ലേണം എന്നു പടയാളികൾ ആലോചിച്ചു. ശതാധിപനോ പൌലൊസിനെ രക്ഷിപ്പാൻ ഇച്ഛിച്ചിട്ടു അവരുടെ താല്പര്യം തടുത്തു,” (ഇക്കൂട്ടർക്ക് ആളുകളെ കൊല്ലണമെന്ന താല്പര്യമായിരുന്നു ഉണ്ടായിരുന്നത്.)
      വേറെ ഒരു കൂട്ടം ആളുകളുടെ ജീവിത താല്പര്യത്തെക്കുറിച്ച് യെശ. 10:7 വാക്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് “..നശിപ്പിപ്പാനും അനേകം ജാതികളെ ഛേദിച്ചുകളവാനുമത്രേ അവൻ്റെ താല്പര്യം” (എല്ലാം നശിപ്പിക്കാനുള്ള താല്പര്യമാണ് ഇക്കൂട്ടർക്ക്)
     ഇതുപോലെ കെട്ട താല്പര്യങ്ങൾ മനസ്സിൽ കരുതി നടക്കുന്നവരെയും, നല്ല താല്പര്യങ്ങൾ ഹൃദയത്തിൽ കൊണ്ടു നടന്നവരെയും വേദപുസ്തകത്തിൽ നമുക്കു കാണുവാൻ സാധിക്കും. ഒന്നുരണ്ടു ഉദാഹരണങ്ങൾ കൂടെ ഞാൻ ഓർമ്മിപ്പിക്കാം.

1) ജീവിതത്തിൽ സൽഗുണങ്ങൾ കാത്തു സൂക്ഷിക്കാനുള്ള താല്പര്യം. 2 തെസ്സ. 1:12 “..സൽഗുണത്തിലുള്ള സകലതാല്പര്യവും വിശ്വാസത്തിൻ്റെ പ്രവൃത്തിയും ശക്തിയോടെ പൂർണ്ണമാക്കിത്തരേണം എന്നു നിങ്ങൾക്കു വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്നു.”

2) നന്മ ചെയ്വാനുള്ള താല്പര്യം. റോമർ 7:18 “..നന്മ ചെയ്വാനുള്ള താല്പര്യം എനിക്കുണ്ടു;..”

3) രാവും പകലും ദൈവത്തോട് പ്രാർത്ഥിക്കുവാനുള്ള താല്പര്യം. 1 തെസ്സ. 3:10 “..ഞങ്ങൾ രാവും പകലും വളരെ താല്പര്യത്തോടെ പ്രാർത്ഥിച്ചുപോരുന്നു”

4) ദൈവവേലയെ സഹായിപ്പാനുള്ള താല്പര്യം. 2 കൊരി. 8:3 “വിശുദ്ധന്മാരുടെ സഹായത്തിന്നുള്ള ധർമ്മവും കൂട്ടായ്മയും സംബന്ധിച്ചു അവർ വളരെ താല്പര്യത്തോടെ ഞങ്ങളോടു അപേക്ഷിച്ചു”

5) അശരണർക്കുവേണ്ടിയും ആവശ്യഭാരത്തോടിരിക്കുന്നവർക്കു വേണ്ടിയും കർത്താവിൻ്റെ സന്നിധിയിൽ ഇടുവിൽ നിൽക്കുവാനുള്ള താല്പര്യം. ലൂക്കൊ. 7:4 “അവർ യേശുവിൻ്റെ അടുക്കൽ വന്നു അവനോടു താല്പര്യമായി അപേക്ഷിച്ചു: നീ അതു ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ;”

6) മറ്റുള്ളവരെ സഹായിക്കാനുള്ള താല്പര്യം. യെശ. 58:10 “വിശപ്പുള്ളവനോടു നീ താല്പര്യം കാണിക്കയും കഷ്ടത്തിൽ ഇരിക്കുന്നവന്നു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ നിൻ്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിൻ്റെ അന്ധകാരം മദ്ധ്യാഹ്നം പോലെയാകും.”

7) ജീവിതത്തിൽ പരീക്ഷകൾ നേരിടുമ്പോൾ ദൈവമുഖത്തേക്കു മാത്രം നോക്കുവാനുള്ള താല്പര്യം. 2 ദിനവൃ. 20:3 “..യഹോവയെ അന്വേഷിപ്പാൻ താല്പര്യപ്പെട്ടു..”

8) ദൈവത്തെ ഭയപ്പെടുവാനുള്ള താല്പര്യം. നെഹ. 1:11 “നിൻ്റെ നാമത്തെ ഭയപ്പെടുവാൻ താല്പര്യപ്പെടുന്ന..”

9) ദൈവത്തോട് ഉടമ്പടി ചെയ്യാനുള്ള താല്പര്യം. 2 ദിനവൃ. 29:10 “യിസ്രായേലിൻ്റെ ദൈവമായ യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറേണ്ടതിന്നു അവനോടു ഒരു നിയമം ചെയ്വാൻ എനിക്കു താല്പര്യം ഉണ്ടു.”

        ഇതുപോലുള്ള നല്ല താല്പര്യങ്ങളായിരിക്കണം ഒരു ദൈവഭക്തൻ്റെ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ടത്. ഇന്ന് നമ്മുടെ ഹൃദയത്തിൻ്റെ താല്പര്യങ്ങൾ എന്തെല്ലാമാണ് എന്ന് ആത്മാർത്ഥമായി ഒന്ന് പരിശോധിക്കാൻ കഴിയുമോ ? തൻ്റെ പിതാവിൻ്റെ താല്പര്യം എന്തായിരുന്നു എന്ന് ശലോമോൻ രാജാവ് അഭിമാനത്തോടെ പറഞ്ഞതുപോലെ നാളെ നമ്മുടെ തലമുറയും നമ്മെക്കുറിച്ച് പറയുവാൻ ഇടയാകുമോ ?..

ഈ ജീവിതത്തിൽ നന്മയുടെ അടയാളങ്ങൾ മാത്രം ശേഷിപ്പിക്കുവാൻ ദൈവം നമുക്കു കൃപതരേണ്ടതിനായി പ്രാർത്ഥിച്ചുകൊണ്ട്,

*ഷൈജു പാസ്റ്റർ* (9424400654)
വചനമാരി, ഭോപ്പാൽ


ഈ സന്ദേശം മറ്റുള്ളവരുമായും ഷെയർ ചെയ്യുക.
നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കേണ്ട നമ്പർ: 7000477047, 9589741414. 0755 4297672.
വചനമാരി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ആഗ്രഹിക്കുന്നവർ 7898211849 എന്ന നമ്പർ സേവ് ചെയ്ത് ഞങ്ങൾക്ക് ഒരു മെസ്സേജ് അയക്കുക

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”