നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുതു

August-2023

ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്യേണ്ടതുപോലെ ചെയ്തിരുന്നു എങ്കിൽ ഫേലിക്സിന്നു നിത്യജീവൻ നഷ്ടമാകില്ലായിരുന്നു. അമാസിനു അകാല മരണം സംഭവിക്കില്ലായിരുന്നു. ഒരിക്കൽക്കൂടെ എൻ്റെ വാക്കുകൾ ഞാൻ ആവർത്തിക്കട്ടെ, ഒരു ചെറിയ കാര്യമല്ലേ, നാളെ ആകാമല്ലോ, പിന്നീട് നോക്കാമല്ലോ ... എന്നൊക്കെ പറഞ്ഞു മാറ്റിവെക്കുന്നത് ജീവിതത്തിൽ വലിയ വലിയ നഷ്ടങ്ങൾ വരുത്തിവെക്കുമെന്നു മറക്കണ്ട. നല്ല തീരുമാനമെടുക്കുവാൻ ദൈവം കൃപ തരുമാറാകട്ടെ


(സദൃശ്യവാ.27:1)
     "നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുതു; ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്നു അറിയുന്നില്ലല്ലോ."
നമ്മുടെ ഒക്കെ ദൈനം ദിന ജീവിതത്തിൽ സാധാരണയായി സംഭവിക്കാറുള്ള ഒരു കുഴപ്പമാണ് ഇത്. ഇന്നു ചെയ്യാൻ കഴിയുന്ന ഒരു കാര്യം പിന്നത്തേക്കു (നാളത്തേക്കു) മാറ്റി വെക്കും. പലരും വലിയ ലാഭം മുമ്പിൽ കണ്ടുകൊണ്ടായിരിക്കും പലതും നാളത്തേക്കു മാറ്റുന്നത്. എന്നാൽ അവ മൂലം ഉണ്ടാകുന്ന അനന്തരഫലങ്ങൾ പലപ്പോഴും നമ്മൾ വിചാരിക്കുന്നതിലും അപ്പുറമായിരിക്കും എന്ന് ചിലരുടെ ജീവിതങ്ങളിൽ നിന്ന് നമുക്ക് പഠിക്കുവാൻ കഴിയും.
സാരമില്ല, സമയമുണ്ടല്ലോ എന്നൊക്കെ വിചാരിച്ച് ചെയ്യുന്ന ഇത്തരം വൈകിപ്പിക്കലുകൾ ജീവിതത്തിലെ വലിയ നഷ്ടങ്ങൾക്ക് (പ്രശ്നങ്ങൾക്കു) കാരണമാകുന്നു.
വിശുദ്ധ വേദപുസ്തകത്തിൽനിന്നു രണ്ടു വ്യക്തികളെ ഇതിനു ഉദാഹരണമായി നമുക്ക് കാണാം.
1) ഒന്നാമത്തെ വ്യക്തിയാണ് ഫേലിക്സ് (അപ്പൊ. പ്ര. 24:22)
ഫേലിക്സിന്നു ..സൂക്ഷ്മമായ അറിവു ഉണ്ടായിരുന്നിട്ടും: .. അവധിവെച്ചു,
തനിക്കു ലഭിച്ച ഒരു നല്ല അവസരം അവൻ വെറുതെ നഷ്ടപ്പെടുത്തി, തനിക്കു ഉടനെ ചെയ്യുവാൻ (തീരുമാനമെടുക്കുവാൻ) കഴിയുമായിരുന്ന ഒരു കാര്യം താൻ അവധിക്കുവെച്ചു. അപ്പൊ. പ്ര. 24:25 വാക്യത്തിലും ഇതുതന്നെയാണ് അവൻ ആവർത്തിക്കുന്നത് എന്നു കാണാം. യേശുവിൻ്റെ സുവിശേഷം പിന്നീട് കേൾക്കാം എന്ന് അവധിക്കു വെച്ച അവന്നു പിന്നീട് അതിനുള്ള ഭാഗ്യം ഉണ്ടായതായി കാണുന്നില്ല. മന:പൂർവം വൈകിച്ചതുകൊണ്ട്, / പിന്നെത്തേക്കാകാം എന്ന് വെച്ചതുകൊണ്ട് അവന്നു നിത്യജീവൻ നഷ്ടമായി.
2) രണ്ടാമത്തെ വ്യക്തി അമാസാണ് (2 ശമുവേൽ. 20:4,5,12)
(അനന്തരം രാജാവു അമാസയോടു: നീ മൂന്നു ദിവസത്തിന്നകം യെഹൂദാപുരുഷന്മരെ വിളിച്ചുകൂട്ടി അവരുമായി ഇവിടെ വരിക എന്നു പറഞ്ഞു. അങ്ങനെ അമാസാ യെഹൂദാപുരുഷന്മരെ വിളിച്ചുകൂട്ടുവാൻ പോയി; എന്നാൽ കല്പിച്ച അവധിയിലധികം അവൻ താമസിച്ചുപോയി…
അമാസാ വഴിനടുവിൽ രക്തത്തിൽ മുഴുകി കിടന്നതുകൊണ്ടു..)
തനിക്കു ലഭിച്ച സമയം തക്കത്തിൽ ഉപയോഗിക്കാതെ താമസം വരുത്തിയ അമാസായ്ക്കു ജീവൻ നഷ്ടമായി. പറഞ്ഞ കാര്യം സമയത്ത് ചെയ്തിരുന്നു എങ്കിൽ, ഒരു കത്തിമുനയിൽ അവന്റെ ജീവിതം അവസാനിക്കുകയില്ലായിരുന്നു.
വേദപുസ്തകം നമുക്ക് തരുന്ന ഒരു മുന്നറിയിപ്പാണ് ഇത്. ഇന്ന് ചെയ്യാൻ കഴിയുന്ന ഒരു കാര്യം ഒരു കാരണവും കൂടാതെ നാളത്തേക്ക് മാറ്റിവെക്കരുത്. ജീവിതത്തിൽ ലഭിക്കുന്ന അവസരങ്ങൾ നഷ്ടപ്പെടുത്തിയാൽ നിത്യജീവൻ നഷ്ടമാകുമെന്ന് ഓർത്തുകൊൾക.
യേശുവിനെ ഹൃദയത്തിൽ സ്വീകരിക്കാൻ അവധിവെക്കരുത്
യേശുവിൻ്റെ കൽപ്പന അനുസരിക്കാൻ അവധിവെക്കരുത്
മറ്റുള്ളവരോട് ക്ഷമിക്കുവാൻ അവധിവെക്കരുത്
കുടുംബത്തെ കരുതാൻ അവധിവെക്കരുത്
മറ്റുള്ളവർക്കു നന്മചെയ്യുവാൻ അവധിവെക്കരുത്
പാപപ്രവർത്തികൾ ഉപേക്ഷിക്കാൻ അവധിവെക്കരുത്
ദുശീലങ്ങൾ വേണ്ടാന്ന് വെക്കാൻ അവധിവെക്കരുത്
മദ്യപാനം നിർത്താൻ അവധിവെക്കരുത്
പുകവലി ഉപേക്ഷിക്കാൻ അവധിവെക്കരുത്
.........
ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്യേണ്ടതുപോലെ ചെയ്തിരുന്നു എങ്കിൽ ഫേലിക്സിന്നു നിത്യജീവൻ നഷ്ടമാകില്ലായിരുന്നു. അമാസിനു അകാല മരണം സംഭവിക്കില്ലായിരുന്നു.
ഒരിക്കൽക്കൂടെ എൻ്റെ വാക്കുകൾ ഞാൻ ആവർത്തിക്കട്ടെ,
ഒരു ചെറിയ കാര്യമല്ലേ, നാളെ ആകാമല്ലോ, പിന്നീട് നോക്കാമല്ലോ ... എന്നൊക്കെ പറഞ്ഞു മാറ്റിവെക്കുന്നത് ജീവിതത്തിൽ വലിയ വലിയ നഷ്ടങ്ങൾ വരുത്തിവെക്കുമെന്നു മറക്കണ്ട.
നല്ല തീരുമാനമെടുക്കുവാൻ ദൈവം കൃപ തരുമാറാകട്ടെ
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ
കുറിപ്പ്:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047
All reactions:
John Cherian, Reni Thomas and 7 others
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”