നമ്മുടെ ഹൃദയംകാണുന്ന ദൈവം

October-2021

മരുഭൂമിയിൽക്കൂടിയുള്ള പ്രയാണത്തിൽ യാതൊരു പരാതിയും പരിഭവവുമില്ലാതെ ഇവർ തങ്ങളുടെ വേല ചെയ്തു. തങ്ങളുടെ ജോലിഭാരത്തെക്കുറിച്ച് ഇവര്‍ ദൈവത്തോട് പിറുപിറുക്കുകയോ സങ്കടപ്പെടുകയോ ചെയ്തതായി തിരുവചനത്തിൽ എങ്ങും കാണുന്നില്ല. ദൈവത്തിൻ്റെ ആലയത്തോടുള്ള ഇവരുടെ മതിപ്പും, കഠിന പ്രയത്നവും, ബുദ്ധിമുട്ടും സ്വർഗ്ഗത്തിലെ ദൈവം അറിയുന്നുണ്ടായിരുന്നു. ഇവരെക്കുറിച്ചുള്ള വിചാരം തിരുഹൃദയത്തിൽ ഉണ്ടായിരുന്നു.     സമയമായപ്പോൾ ദൈവം അവർക്കുവേണ്ടി ഇടപെട്ടു. ഒരിക്കൽ യിസ്രായേൽ പ്രഭുക്കന്മാരയവർ തങ്ങളുടെ വഴിപാടുമായി തിരുനിവാസത്തിൽ വന്നപ്പോൾ, അവർ വഴിപാടായി കൊണ്ടുവന്ന, കൂടുള്ള ആറു വണ്ടികളും പന്ത്രണ്ടു കാളകളും ഗേർശോന്യർക്കും, മെരാര്യർക്കും കൊടുക്കുവാന്‍ ദൈവം മോശെയോടു കൽപ്പിച്ചു.


സംഖ്യ. 7:7,8     "രണ്ടു വണ്ടിയും നാലു കാളയെയും അവൻ ഗേർശോന്യർക്കു അവരുടെ വേലെക്കു തക്കവണ്ണം കൊടുത്തു. നാലുവണ്ടിയും എട്ടുകാളയെയും അവൻ മെരാർയ്യർക്കു ... അവർക്കുള്ള വേലെക്കു തക്കവണ്ണം കൊടുത്തു"
പഴയ നിയമ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു ചെറിയ സംഭവമാണ് ഈ വചനത്തിൽ നമ്മൾ കാണുന്നത്. മിസ്രയീമിൽ അടിമകളായി കിടന്ന യിസ്രായേൽ ജനത്തെ ദൈവം വിടുവിക്കുകയും മോശെയുടെ നേതൃത്വത്തിൽ അവർ വാഗ്ദത്ത കനാൻ നാട്ടിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. ആ യാത്രാവേളയിൽ, ദൈവം അവരോടൊപ്പം വസിക്കേണ്ടതിന് ഒരു കൂടാരം ഉണ്ടാക്കുവാൻ ആവശ്യപ്പെടുകയും, ദൈവം പറഞ്ഞ അളവിലും, മാതൃകയിലും അവർ യഹോവയായ ദൈവത്തിനുവേണ്ടി ഒരു സമാഗമന കൂടാരം ഉണ്ടാക്കുകയും ചെയ്തു. അവരുടെ ആ നീണ്ട മരുഭൂയാത്രയിൽ സമാഗമന കൂടാരം അവരുടെ കൂടെ കൊണ്ടുപോകുകയും, അവർ പാളയമിറങ്ങുന്നിടത്തെല്ലാം ആ കൂടാരം അടിക്കുകയും ദൈവത്തിന് യാഗങ്ങൾ അർപ്പിക്കുകയും ചെയ്തുപോന്നു.
     ആ കൂടാരവും അതിനകത്ത് വെക്കാനുള്ള നിയമ പെട്ടകവും ഉണ്ടാക്കുന്ന വിധങ്ങൾ പുറപ്പാട് 35 മുതല്‍ 40 വരെയുള്ള അദ്ധ്യായങ്ങൾ വായിക്കുമ്പോൾ നമുക്കു വിശദമായി കാണുവാൻ കഴിയും. പുറപ്പാട് 39:32 ൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു;
"ഇങ്ങനെ സമാഗമനക്കുടാരമെന്ന തിരുനിവാസത്തിൻ്റെ പണി ഒക്കെയും തീർന്നു; യഹോവ മോശെയോടു കല്പിച്ചതു പോലെ ഒക്കെയും യിസ്രായേൽമക്കൾ ചെയ്തു. അങ്ങനെ തന്നേ അവർ ചെയ്തു"
      ഈ കൂടാരത്തിൽ അഥവാ തിരുനിവാസമെന്ന വിശുദ്ധ മന്ദിരത്തിൽ ശുശ്രൂഷ ചെയ്യുന്നതിനുവേണ്ടി ലേവ്യഗോത്രക്കാരെ ചുമതലപ്പെടുത്തി. ആ ലേവ്യ ഗോത്രത്തിലെ മൂന്നു കുടുംബക്കാരാണ് (1) ഗേർശോന്യ കുടുംബം (2) കെഹാത്യ കുടുംബം (3) മെരാര്യ കുടുംബം.
സംഖ്യ. 26:57
"ലേവ്യരിൽ എണ്ണപ്പെട്ടവർ കുടുംബംകുടുംബമായി ആരെന്നാൽ; ഗേർശോന്യനിൽ നിന്നു ഗേർശോന്യ കുടുംബം; കെഹാത്തിൽ നിന്നു കെഹാത്യ കുടുംബം; മെരാരിൽ നിന്നു മെരാര്യ കുടുംബം"
      ഈ കുടുംബക്കാർക്കെല്ലാം തിരുനിവാസത്തിൽ അവർ ചെയ്യേണ്ട വേലകളെക്കുറിച്ചുള്ള കൃത്യമായ മാർഗ്ഗ നിര്‍ദ്ദേശങ്ങൾ നൽകിയിരുന്നു. കനാൻ ദേശം ലക്ഷ്യമാക്കി ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള അവരുടെ മരുഭൂയാത്രയിൽ സമാഗമന കൂടാരവും സാക്ഷ്യപെട്ടകവും അതിലെ വസ്തു വകകളും കൊണ്ടുപോകുക എന്നുള്ളത് ഏറ്റവും പ്രയാസകരമായ (ദുഷ്കരമായ) ഒരു ജോലി ആയിരുന്നു.
തിരുനിവാസം, അതിൻ്റെ മൂടുവരി, പുറമൂടി, കൊളുത്തുകൾ, പലകകൾ, അന്താഴങ്ങൾ, തൂണുകൾ, ചുവടുകൾ, പെട്ടകം, അതിൻ്റെ തണ്ടുകൾ, കൃപാസനം, മറയുടെ തിരശ്ശീല, മേശ, അതിൻ്റെ തണ്ടുകൾ, ഉപകരണങ്ങൾ ഒക്കെയും, കാഴ്ചയപ്പം, വെളിച്ചത്തിന്നു നിലവിളക്കു, അതിൻ്റെ ഉപകരണങ്ങൾ, അതിൻ്റെ ദീപങ്ങൾ, വിളക്കിന്നു എണ്ണ, ധൂപപീഠം, അതിൻ്റെ തണ്ടുകൾ, അഭിഷേകതൈലം, സുഗന്ധധൂപവർഗ്ഗം, തിരുനിവാസത്തിലേക്കുള്ള പ്രവേശന വാതിലിൻ്റെ മറശ്ശീല, ഹോമയാഗപീഠം, അതിൻ്റെ താമ്രജാലം, തണ്ടുകൾ, അതിൻ്റെ ഉപകരണങ്ങൾ ഒക്കെയും, തൊട്ടി, അതിൻ്റെ കാൽ, പ്രാകാരത്തിൻ്റെ മറശ്ശീലകൾ, അതിൻ്റെ തൂണുകൾ, ചുവടുകൾ, പ്രാകാര വാതിലിൻ്റെ മറ, തിരുനിവാസത്തിൻ്റെ കുറ്റികൾ, പ്രാകാരത്തിൻ്റെ കുറ്റികൾ, അവയുടെ കയറുകൾ, വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്‍വാൻ വിശേഷവസ്ത്രങ്ങൾ, പുരോഹിതനായ അഹരോൻ്റെ വിശുദ്ധവസ്ത്രം, പുരോഹിതശുശ്രൂഷെക്കായി അവൻ്റെ പുത്രന്മാരുടെ വസ്ത്രങ്ങൾ....
   സമാഗമനകൂടാരത്തിൻ്റെ ഇതുപോലുള്ള നിരവധി വസ്തുക്കളും ഉപകരണങ്ങളും ചുമന്നു കൊണ്ടുപോകേണ്ട ചുമതല ഗേർശോന്യർക്കും, മെരാര്യർക്കും, കെഹാത്യർക്കുമായിരുന്നു. ഇവയിൽ ഭാരമുള്ളതും ഭാരംകുറഞ്ഞതുമായ സാധനങ്ങൾ തമ്മിൽ തരംതിരിച്ചിരുന്നു. ഇതിൽ ഏറ്റവും ഭാരംകൂടിയവയും എണ്ണം കൂടുതലുള്ളവയും ചുമന്നുകൊണ്ടുപോകേണ്ടിയിരുന്നത് മെരാര്യരായിരുന്നു. അടുത്തത് ഗേർശോന്യരും, ഏറ്റവും ലഘുവായ ഉപകരണങ്ങൾ കൊണ്ടുപോകേണ്ടത് കെഹാത്യരുടെ ഉത്തരവാദിത്തവുമായിരുന്നു.
     മരുഭൂമിയിൽക്കൂടിയുള്ള പ്രയാണത്തിൽ യാതൊരു പരാതിയും പരിഭവവുമില്ലാതെ ഇവർ തങ്ങളുടെ വേല ചെയ്തു. തങ്ങളുടെ ജോലിഭാരത്തെക്കുറിച്ച് ഇവര്‍ ദൈവത്തോട് പിറുപിറുക്കുകയോ സങ്കടപ്പെടുകയോ ചെയ്തതായി തിരുവചനത്തിൽ എങ്ങും കാണുന്നില്ല. ദൈവത്തിൻ്റെ ആലയത്തോടുള്ള ഇവരുടെ മതിപ്പും, കഠിന പ്രയത്നവും, ബുദ്ധിമുട്ടും സ്വർഗ്ഗത്തിലെ ദൈവം അറിയുന്നുണ്ടായിരുന്നു. ഇവരെക്കുറിച്ചുള്ള വിചാരം തിരുഹൃദയത്തിൽ ഉണ്ടായിരുന്നു.
    സമയമായപ്പോൾ ദൈവം അവർക്കുവേണ്ടി ഇടപെട്ടു. ഒരിക്കൽ യിസ്രായേൽ പ്രഭുക്കന്മാരയവർ തങ്ങളുടെ വഴിപാടുമായി തിരുനിവാസത്തിൽ വന്നപ്പോൾ, അവർ വഴിപാടായി കൊണ്ടുവന്ന, കൂടുള്ള ആറു വണ്ടികളും പന്ത്രണ്ടു കാളകളും ഗേർശോന്യർക്കും, മെരാര്യർക്കും കൊടുക്കുവാന്‍ ദൈവം മോശെയോടു കൽപ്പിച്ചു.
    ഹൃദയത്തിൽ തങ്ങളുടെ സങ്കടം ഒളിപ്പിച്ചുവെച്ച് ദൈവാലയത്തിനുവേണ്ടി എരിവോടുകൂടെ നിന്നവരോട് ദൈവം നീതി കാണിച്ചു, സകലജനത്തിനും മുമ്പാകെ അവർ മാനിക്കപ്പെട്ടു. പ്രതീക്ഷിക്കാത്ത ഒരു ദിവസം, നിനെക്കാത്ത ഒരു വഴി അവർക്കുവേണ്ടി തുറക്കപ്പെട്ടു.
ദൈവവചനത്തിലെ ഒരു ചെറിയ സംഭവമായി ഇതു തോന്നാമെങ്കിലും, ഗേർശോന്യരും, മെരാര്യരും വലിയ പ്രസിദ്ധരൊന്നുമല്ലെങ്കിലും ദൈവാത്മാവ് ഈ സംഭവം വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതിന് കാരണം, നമ്മൾ ദൈവത്തിന് എത്രമാത്രം പ്രിയരാണെന്ന് എന്നും, അവിടുത്തെ കണ്ണുകൾ നമ്മെ കാണുന്നുണ്ട് എന്നും, അവിടുന്ന് നമ്മുടെ സങ്കടം അറിയുന്നുണ്ട് എന്നും, തിരുഹൃദയത്തിൽ നമ്മൾ ഉണ്ട് എന്നും നമ്മെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ്. സ്തോത്രം !
    പ്രിയരേ, ഇന്നത്തെ ഈ സന്ദേശം നിങ്ങൾക്കുള്ളതാണ്, ദൈവം ഇന്നും അത്ഭുതങ്ങൾ ചെയ്യുന്നു, തൻ്റെ ജനത്തോട് നീതി കാണിക്കുന്നു, ആരും നിനെക്കാത്ത വഴികൾ തുറക്കുന്നു..... വിശ്വസിക്കുന്നവർക്ക് 'ആമേൻ' പറഞ്ഞുകൊണ്ട് ഈ വാഗ്ദത്ത സന്ദേശം ഏറ്റെടുക്കാം,
പ്രാര്‍ത്ഥനയോടെ,
ദൈവദാസൻ ഷൈജു ജോണ്‍
 
*കുറിപ്പ്*
നിങ്ങളുടെ പ്രാര്‍ത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാര്‍ത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9589741414, 7000477047, 7898211849
Tags :
ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”